ഭാഷാ സംഗമഭൂമിയെ ഇളക്കി മറിച്ച് നവകേരള സദസ്, കാസർകോട്ടെ പര്യടനം സമാപിച്ചു, ഒഴുകിയെത്തിയത് ലക്ഷങ്ങൾ

0
194

കാലിക്കടവ്: പ്രതിപക്ഷത്തിന്റെയും മാധ്യമങ്ങളുടെയും ബഹിഷ്‍കരണവും കുപ്രചാരണങ്ങളും തള്ളി നവകേരള സദസിന് കാസർകോട് ജില്ലയിൽ ഒഴുകിയെത്തിയത് ലക്ഷങ്ങൾ. കൊടും ചൂടിനെ കൂടാതെ കുടുംബ സമേതമാണ് ലക്ഷക്കണക്കിന് ബഹുജനങ്ങൾ ഓരോ നിയമസഭാ മണ്ഡലങ്ങളിലേക്കും എത്തിയത്. കേരളത്തെ നവകേരളമാക്കി പുതുക്കി പണിയാൻ തങ്ങളുടെയാകെ പിതുണയുണ്ടെന്ന് ഓരോ സ്വീകരണകേന്ദ്രത്തിലും എത്തിയ ജനക്കൂട്ടം ഒറ്റക്കെട്ടായി പ്രഖ്യാപിച്ചു. മാധ്യമങ്ങൾ നടത്തുന്ന വ്യാജപ്രചാരണങ്ങളിൽ അല്ല, മറിച്ച് തങ്ങളുടെ ദൈനംദിന ജീവിതത്തിൽ എൽ ഡി എഫ് സർക്കാർ അനുഭവവേദ്യമാക്കിയ വികസന – ക്ഷേമ പ്രവർത്തനങ്ങളിൽ ആണ് വിശ്വാസമെന്നും തടിച്ചുകൂടിയ ജനാവലി ഒരേ സ്വരത്തിൽ പ്രഖ്യാപിച്ചു. അവധി ദിനമായിട്ടും ലോകകപ്പ് ഫൈനൽ മത്സരമായിട്ടും ഇതൊക്കെ മാറ്റിവെച്ചാണ് യുവജനങ്ങൾ പരിപാടിക്കെത്തിയത്.

ഞായറാഴ്ച പുലിക്കുന്നിൽ പ്രഭാത യോഗത്തോടെയായിരുന്നു രണ്ടാം ദിവസം നവ കേരള സദസിന് തുടക്കമായത്. സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ളവർ പരിപാടിയിൽ പങ്കെടുത്തു. തുടർന്ന് കാസർകോട് മണ്ഡലത്തിലെ സ്വീകരണം നായന്മാർമൂലയിൽ. പതിനായിരങ്ങളാണ് ഇവിടെ ഒഴുകിയെത്തിയത്. തുടർന്ന് ഉദുമ മണ്ഡലത്തിലെ വരവേൽപ്പ് ചട്ടൻചാലിൽ.

മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടത്തുന്ന നവകേരള സദസിന്റെ ജില്ലാ പര്യടനത്തിന് ഉജ്വല സമാപനം. കയ്യൂർ – കരിവെള്ളൂർ മുനയൻ കുന്ന് പോരാളികളുടെ ഉജ്വല സ്മരണകൾ നിറയുന്ന തൃക്കരിപ്പൂർ മണ്ഡലത്തിൽ ആയിരങ്ങളെ സാക്ഷിയാക്കി മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലയിലെ സമാപന പരിപാടി ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി എത്തുമുമ്പേ തന്നെ ആയിരക്കണക്കിന് ആബാലവൃദ്ധം ജനങ്ങളെ കൊണ്ട് കാലിക്കടവ് മൈതാനം നിറഞ്ഞു കവിഞ്ഞ് ജനസഞ്ചയം പുറത്തേക്ക് നീണ്ടിരുന്നു.

ഒരു പുതിയ കേരളത്തെ വാർത്തെടുക്കാനുള്ള ശ്രമമാണ് നടത്തികൊണ്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. വിജ്ഞാന സമ്പദ്‌ഘടനയും നൂതനത്വ സമൂഹവും വാർത്തെടുത്ത് ഒരു പുതിയ കേരളം സൃഷ്ടിക്കുക എന്നതാണ് നാം ഉദ്ദേശിക്കുന്നത്–തൃക്കരിപ്പൂർ മണ്ഡലത്തിലെ

നവകേരള സദസ്സ് കാലിക്കടവ് മൈതാനത്ത് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.

 

കാർഷികപരിഷ്കരണമാണ് കേരളത്തെ ഇന്ന് കാണുന്ന കേരളമാക്കി മാറ്റിയത്. ഭൂപരിഷ്കരണ ബില്ലും വിദ്യാഭ്യാസ പരിഷ്കരണവും നാടിന്റെ അലകും പിടിയും മാറ്റി. സാർവ്വത്രിക വിദ്യാഭ്യാസം വലിയ തോതിലുള്ള പുരോഗതിയിലേക്ക് നയിച്ചു. ഇതെല്ലാം ചേർന്നു കേരള മോഡൽ എന്ന ശ്രദ്ധേയമായ വികസന മാതൃക ഉണ്ടായി.

 

എന്നാൽ ഈ മാതൃകയ്ക്ക് കാലാനുസൃതമായ മാറ്റമില്ലാത്തതിനാൽ ആളുകൾ, പ്രത്യേകിച്ചും യുവജനങ്ങൾ കടുത്ത നിരാശയിലായിരുന്നു. പ്രൊഫഷണൽ വിദ്യാർഥികളും നിരാശയിൽ ആയിരുന്നു. ഇവ മുൻകൂട്ടി തിരിച്ചറിഞ്ഞു പരിഹാരനിർദേശങ്ങൾ നടപ്പാക്കിയ സർക്കാരാണ് ഏഴു വർഷം മുൻപ് അധികാരത്തിൽ വന്നത്. ഓരോ വർഷവും പ്രോഗ്രസ്സ് റിപ്പോർട്ടുമായി ജനങ്ങളെ സമീപിച്ച സർക്കാർ.

 

നാടിനെ തകർക്കാനുള്ള ശ്രമങ്ങൾക്ക് വഴങ്ങികൊടുക്കാൻ ആവില്ലെന്ന് മുഖ്യമന്ത്രി ആവർത്തിച്ചു വ്യക്തമാക്കി. നമുക്ക് അതിജീവിച്ചേ മതിയാകൂ. നമുക്ക് മുന്നോട്ടു പോകണം. ഇത്തരം കാര്യങ്ങൾ ജനത്തെ അറിയിക്കുക എന്നത് കൂടി ഉദ്ദേശിച്ചാണ് നവകേരള സദസ്സ് സംഘടിപ്പിക്കുന്നത്.

 

നവകേരള സദസ്സ് പൂർത്തിയായ കാസർകോട്ടെ എല്ലാ സ്ഥലത്തും ജനസഞ്ചയമാണ് തടിച്ചുകൂടിയത്. “നിങ്ങൾ ധൈര്യമായി മുന്നോട്ടു പൊയ്ക്കോ. ഞങ്ങൾ ഒപ്പമുണ്ട്,” എന്നാണ് ജനങ്ങൾ നൽകുന്ന സന്ദേശം–മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാട്ടി.

സംസ്ഥാനത്തെ ജനങ്ങളുടെ ജീവിത നിലവാരം മധ്യ വരുമാന വികസിത രാഷ്ട്രങ്ങള്‍ക്ക് സമാനമായി ഉയര്‍ത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും ഇത് മുന്നില്‍ കണ്ടു കൊണ്ടുള്ള വികസന പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കി വരുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. കേന്ദ്രം ഒരു പ്രത്യേക കണ്ണോടെ കണ്ട് കേരളത്തെ അവഗണിക്കുകയാണെങ്കിലും നമുക്ക് തളരാനാവില്ല. മൗലികമായ വഴികള്‍ കണ്ടെത്തി വികസനത്തിലേക്ക് കുതിക്കുകയാണ് കേരളമെന്നും ഇതിന് സംസ്ഥാനത്തെ ജനങ്ങള്‍ നല്‍കുന്ന പിന്തുണ വലുതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ ജനാധിപത്യത്തെ അസ്ഥിരപ്പെടുത്താനുള്ള നീക്കമുണ്ടാകുമ്പോള്‍ എല്ലാവരും ഒറ്റക്കെട്ടായി നേരിടണം. നാനാത്വത്തില്‍ ഏകത്വത്തെ തകര്‍ക്കാനുള്ള നടപടികള്‍ ഓരോരോന്നായി നടക്കുമ്പോള്‍ അതിനെ തുറന്നു കാണിക്കാന്‍ നാം തയ്യാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. എം.രാജഗോപാലൻ എംഎല്‍എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റിന്‍, വ്യവസായ വകുപ്പു മന്ത്രി പി. രാജീവ്, കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്

വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍ കുട്ടി, വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍, ഗതാഗത വകുപ്പ് മന്ത്രി അഡ്വ. കെ ആന്റണി രാജു, ദേവസ്വം, പട്ടികജാതി, പട്ടികവര്‍ഗ്ഗ, മറ്റ് പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്‍, ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍.ബാലഗോപാല്‍, മൃഗസംരക്ഷണ ഡയറി വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി, സഹകരണം, രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍.വാസവന്‍, മത്സ്യവിഭവ, സാംസ്‌കാരിക, യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാന്‍, പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്, വിദ്യാഭ്യാസം, തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി,തദ്ദേശസ്വംയഭരണം, എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി.രാജേഷ്, ഭക്ഷ്യ പൊതുവിതരണം ലീഗല്‍ മെട്രോളജി ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി അഡ്വ.ജി.ആര്‍.അനില്‍,ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആര്‍.ബിന്ദു,,ആരോഗ്യ, വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണ ജോര്‍ജ്,കായിക,വഖഫ്, ഹജ്ജ് തീര്‍ത്ഥാടനം, പി ആന്‍ ടി, റെയില്‍വേ, വകുപ്പ് മന്ത്രി വി.അബ്ദുറഹ്‌മാന്‍, ചീഫ് സെക്രട്ടറി ഡോ.വി.വേണു, ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന്‍, എ.ഡി.എം കെ. നവീന്‍ ബാബു, നീലേശ്വരം നഗരസഭ ചെയർപേഴ്സൺ ടി.വി. ശാന്ത, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ വിവിധ പഞ്ചായത്ത് പ്രസിഡന്റുമാർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു