ടെൽഅവീവ്: ഗാസയിൽ നാലുമണിക്കൂർ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചെന്ന അമേരിക്കയുടെ പ്രസ്താവന തള്ളി ഇസ്രയേൽ. ഗാസയിൽ ദിവസവും നാലു മണിക്കൂർ വെടിനിർത്തലിന് ഇസ്രയേൽ സമ്മതിച്ചതായും ഗാസയിലെ ജനങ്ങൾക്ക് യുദ്ധഭൂമിയിൽ നിന്ന് പുറത്തു കടക്കാൻ സുരക്ഷിതമായ പാത ഒരുക്കിയിട്ടുണ്ടെന്നും വൈറ്റ് ഹൗസ് വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു.
ബന്ദികളെ മോചിപ്പിക്കുന്നതിനു മുൻപ് വെടിനിർത്തൽ ഉണ്ടാകില്ലെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് വ്യക്തമാക്കി. “ഏതാനും മണിക്കൂറുകൾക്ക് മുമ്പ് ജോൺ കിർബിയുടെ അഭിപ്രായം ഞാൻ കണ്ടു. ഗസയിൽ വെടിനിർത്തൽ ഇല്ല. ഞാൻ ആവർത്തിച്ചു പറയുന്നു വെടിനിർത്തൽ ഇല്ല,” ഇസ്രയേൽ സൈനിക വക്താവ് റിച്ചാർഡ് ഹെക്റ്റ് പറഞ്ഞതായി മിഡിൽ ഈസ്റ്റ് ഐ റിപ്പോർട്ട് ചെയ്തു.
ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കുന്നതിന്റെ ഭാഗമായി മൂന്ന് ദിവസത്തിൽ കൂടുതൽ വെടി നിർത്തൽ പ്രഖ്യാപിക്കാൻ ഇസ്രയേലിനോട് ആവശ്യപ്പെട്ടിരുന്നതായി ബൈഡൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ പൂർണ്ണമായും വെടിനിർത്തൽ പ്രഖ്യാപിക്കാനുള്ള സാധ്യതകളെ അദ്ദേഹം തള്ളിക്കളയുകയും ചെയ്തു.
“വടക്കൻ ഗസയിൽ നിന്ന് തെക്കോട്ട് ഫലസ്തീനികൾക്ക് പലായനം ചെയ്യാൻ രണ്ടു മാനുഷിക ഇടനാഴികൾ ഉണ്ടാകും. ഇസ്രഈൽ ആ പ്രദേശങ്ങളിൽ നാലു മണിക്കൂർ നീണ്ടുനിൽക്കുന്ന സൈനിക പ്രവർത്തനങ്ങൾ നടത്തില്ല. നാലു മണിക്കൂർ ദൈർഘ്യമുള്ള വെടിനിർത്തൽ മൂന്ന് മണിക്കൂർ മുമ്പ് തന്നെ അറിയിക്കും. താൽക്കാലികമായി ഈ പ്രദേശങ്ങളിൽ സൈനിക നടപടികളൊന്നും ഉണ്ടാകില്ലെന്ന് ഇസ്രഈലികൾ ഞങ്ങളോട് പറഞ്ഞിട്ടുണ്ട്. ഈ പ്രക്രിയ ഇന്ന് ആരംഭിക്കുന്നു,” വ്യാഴാഴ്ച വൈറ്റ് ഹൗസ് വക്താവ് ജോൺ കിർബി മാധ്യമപ്രവർത്തകരോട്
പറഞ്ഞിരുന്നു.