പൊന്നാനി വേണ്ടെന്ന് ഇ ടി മുഹമ്മദ് ബഷീർ, കിഴവന്മാരെ മലപ്പുറത്തേക്ക് വേണ്ടെന്ന് ലീഗ് പ്രവർത്തകർ

മലപ്പുറം സീറ്റ് ഇക്കുറി അനുവദിക്കണമെന്ന് ലീഗ് നേതാവ് ഇ ടി ബഷീർ.

0
341

മലപ്പുറം: ഇത്തവണ ലോകസഭാ തെരഞ്ഞെടുപ്പിൽ മലപ്പുറം സീറ്റ് തനിക്ക് അനുവദിക്കണമെന്ന ആവശ്യവുമായി ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീർ. പൊന്നാനി മണ്ഡലം സുരക്ഷിതമല്ലെന്നും അതിനാൽ ഇത്തവണ മലപ്പുറത്ത് സ്ഥാനാർത്ഥിയാക്കണമെന്നും മുഹമ്മദ് ബഷീർ ലീഗ് നേതൃത്വം മുമ്പാകെ നിബന്ധന വെച്ചത്. മുസ്ലിംലീഗിൽ സ്ഥാനാർഥി നിർണയം പോലും തുടങ്ങിയിട്ടില്ലെന്നിരിക്കെ ബഷീർ മലപ്പുറത്തെ സ്ഥാനാർത്ഥിയായി സ്വയം ചമഞ്ഞ് രംഗത്ത് വന്നത് ലീഗ് അണികളിൽ വലിയ പ്രതിഷേധത്തിന് വഴിയൊരുക്കി. ഇ ടി ബഷീറിനെ ഇത്തവണ പൊന്നാനിയിൽ പോലും പരിഗണിക്കരുതെന്നാണ് ലീഗ് പ്രവർത്തകർ പറയുന്നത്. ഒരു കാരണവശാലും ബഷീറിനെ മലപ്പുറത്ത് സ്ഥാനാർത്ഥിയാക്കരുതെന്നും യുവ നേതാക്കളെ പരിഗണിച്ചാൽ മതിയെന്നുമാണ് ലീഗ് പ്രവർത്തകർ പരസ്യമായി പറയുന്നത്.

ലോകസഭയിൽ ബിജെപി പല ന്യൂനപക്ഷ വിരുദ്ധബില്ലുകൾ കൊണ്ടുവന്നപ്പോഴും ഇ ടി മുഹമ്മദ് ബഷീർ അടക്കമുള്ളവർ കടുത്ത മൗനം പാലിക്കുകയായിരുന്നുവെന്ന് അണികൾ ചൂണ്ടിക്കാട്ടുന്നു. ഒരിക്കൽ മാത്രമാണ് ബഷീർ സഭയിൽ ബിജെപിക്കെതിരെ പ്രതികരിച്ചത്, അതും മുതലാക്കി ബിൽ പാസാക്കുന്നതിന് തൊട്ടുമുമ്പ്. ഷഹീൻബാഗിലും മറ്റും ഡൽഹി പൊലീസ് മുസ്ലിം വേട്ട നടത്തിയപ്പോൾ അതിനെതിരെ പ്രതികരിക്കാനും അന്ന് ഡൽഹിയിൽ ഉണ്ടായിരുന്ന ബഷീർ രംഗത്തുവന്നില്ലെന്നും അണികൾ പറയുന്നു. അന്ന് സിപിഐ എം നേതാക്കളായ ബൃന്ദ കാരാട്ട് അടക്കമുള്ള നേതാക്കളാണ് ഷാഹീൻബാഗിലെ മുസ്ലിം കുടുംബങ്ങൾക്ക് ആശ്വാസവുമായി രംഗത്തുവന്നത്. മാത്രമല്ല, ഷാഹീൻബാഗിലെ ഒഴിപ്പിക്കൽ നടപടിക്കെതിരെ കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയത് ബൃന്ദ കാരാട്ടിന്റെ നേതൃത്വത്തിലായിരുന്നു. ഇതിനുശേഷമാണ് ബഷീർ അടക്കമുള്ള ലീഗ് നേതാക്കൾ സ്ഥലത്തുപോലും എത്തിയതെന്നും കേരളത്തിലെ മുസ്ലിംലീഗ് പ്രവർത്തകർ പറയുന്നു. ഇത്രയേറെ വിവാദങ്ങൾ ഉണ്ടായപ്പോഴും അടങ്ങിയിരുന്നു ബഷീറിനെ വീണ്ടും സ്ഥാനാർത്ഥിയാക്കരുതെന്നാണ് ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റിയിലെ വലിയ വിഭാഗം നേതാക്കളും പറയുന്നത്.

ഇതിനിടയിലാണ് തനിക്ക് ഇക്കുറി പൊന്നാനി വേണ്ടെന്നും പകരം മലപ്പുറം സീറ്റ് നൽകിയാൽ മതിയെന്നും പറഞ്ഞ് ബഷീർ തന്നെ സ്വമേധയാ രംഗത്തുവന്നത്. ഇതാണ് ലീഗിൽ വലിയ പ്രതിഷേധത്തിന് വഴിയൊരുക്കിയത്. എല്ലായ്പ്പോഴും ജയിച്ച് ലോകസഭയിൽ ഇരിക്കാനുള്ള ചില നേതാക്കളുടെ അത്യാഗ്രഹം ഇക്കുറി അനുവദിക്കരുതെന്ന് ലീഗ് ജില്ലാകമ്മിറ്റി യോഗത്തിൽ മുതിർന്ന രണ്ടുനേതാക്കൾ തുറന്നടിച്ചു. ഉശിരുള്ള ചെറുപ്പക്കാർ ഉണ്ടെന്നും അവരെ സ്ഥാനാർത്ഥി പട്ടികയിലേക്ക് പരിഗണിച്ചാൽ മതിയെന്നുമാണ് ഈ നേതാക്കൾ പറഞ്ഞത്. കിഴവന്മാരെ തങ്ങൾക്ക് വേണ്ടെന്ന് മലപ്പുറത്തെ യൂത്ത് ലീഗ് ഭാരവാഹികളും രഹസ്യമായി പറയുന്നു.

പൊന്നാനിയിൽ ജയിച്ചേക്കാമെന്നും എന്നാൽ, അത്ര സുരക്ഷിത സീറ്റ് അല്ലെന്നുമാണ് ബഷീർ പറയുന്നത്. അതിനാൽ മലപ്പുറം നൽകണം എന്ന ആവശ്യമാണ് ബഷീർ മുന്നോട്ട് വെച്ചിട്ടുള്ളത്. സ്ഥാനാർത്ഥിപ്പട്ടിക പോലും തീരുമാനിക്കും മുമ്പ് ബഷീർ എന്തടിസ്ഥാനത്തിലാണ് ഇങ്ങനെ പറയുന്നതെന്ന് ലീഗ് അണികൾ ചോദിക്കുന്നു. സമയമാകുമ്പോൾ ആളുകളെ തീരുമാനിക്കുന്ന പതിവ് തെറ്റിക്കുന്ന നേതാവായി ബഷീർ മാറിയെന്നും ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു.

ലോകസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ പല കാര്യങ്ങളിലും അഭിപ്രായം പറഞ്ഞ് മാധ്യമശ്രദ്ധ നേടിയെടുക്കാൻ ബഷീർ കൊണ്ടുപിടിച്ച ശ്രമം തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ അഞ്ചവർഷമായി കേരളത്തിലെ ഒരു വിഷയത്തിലും മിണ്ടാതിരുന്ന ബഷീർ സാഹിബ് പൊടുന്നനെ അഭിപ്രയം പറയുന്ന നേതാവായി മാറിയത് അത്ഭുതപ്പെടുത്തിയെന്ന് ലീഗിലെ മുതിർന്ന ഒരു സംസ്ഥാന സമിതി അംഗം പറഞ്ഞു. കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കളെ കടത്തിവെട്ടി നേതൃസ്ഥാനം ഏറ്റെടുക്കാനും അതുവഴി സീറ്റ് ഉറപ്പിക്കലുമാകും അദ്ദേഹത്തിന്റെ ലക്ഷ്യമെന്നും തനിക്ക് തോന്നുന്നതായി ഈ നേതാവ് പറഞ്ഞു.

ഇത്തവണ ലോകസഭാ തെരഞ്ഞെടുപ്പിൽ മുസ്ലിംലീഗിന് ചുരുങ്ങിയത് മൂന്നു സീറ്റ് വേണമെന്ന് നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം യു ഡി എഫ് മുമ്പാകെ അവതരിപ്പിക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ. ഈ സാഹചര്യം മുതലെടുത്താണ് മലപ്പ്പുറം ഉറപ്പിക്കാൻ ബഷീർ കിണഞ്ഞുശ്രമിക്കുന്നത്. അതിനായി തന്റെ ഗ്രൂപ്പുകാരെ ഉപയോഗിച്ച് ലീഗ് പ്രവർത്തകർക്കിടയിൽ പ്രചാരണവും നടത്തുന്നുണ്ട്. എന്നാൽ, മലപ്പുറത്ത് ഇത്തവണ യുവനേതാക്കളെ നിർത്തണമെന്നാണ് സാധാരണ പ്രവർത്തകർ പറയുന്നത്. യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസിന്റെ പേരിനാണ് മലപ്പുറത്ത് മുൻഗണന.