നീണ്ട ഇടവേളക്ക് ശേഷം ഇന്ത്യ ഫുട്ബോൾ മൈതാനത്ത്; ഇന്ന് ഒമാനെ നേരിടും

0
63

കൊവിഡിനെ തുടർന്നുണ്ടായ ഒരു വർഷത്തിലധികം നീണ്ട ഇടവേളക്ക് ശേഷം ഇന്ത്യ ഫുട്ബോൾ മൈതാനത്ത്. ഇന്ന് ഒമാനെതിരെ നടക്കുന്ന സൗഹൃദ മത്സരത്തോടെയാണ് ഇന്ത്യയുടെ കൊവിഡാനന്തര മത്സരങ്ങൾ ആരംഭിക്കുന്നത്. ഇന്ത്യൻ സമയം രാത്രി 7.15ന് യുഎഇയിൽ വച്ചാണ് മത്സരം. യൂറോ സ്പോർട് ചാനലിൽ മത്സരം തത്സമയം കാണാം.

സ്റ്റാർ പ്ലയർ സുനിൽ ഛേത്രി ഇല്ലാതെയാണ് ഇന്ത്യ ഇന്ന് ഇറങ്ങുക. അതുകൊണ്ട് തന്നെ, മൻവീർ സിംഗോ ഇഷാൻ പണ്ഡിറ്റയോ ആവും മുന്നേറ്റത്തിൽ ഇറങ്ങുക. മൻവീറിനെ ആദ്യം ഇറക്കി ഇഷാനെ സബ് ആയി ഇറക്കുകയാവും സ്റ്റിമാച്ചിൻ്റെ തന്ത്രം. സൂപ്പർ സബ് റോളിൽ ഇഷാൻ്റെ പ്രകടനം ഐഎസ്എലിൽ കണ്ടതാണല്ലോ. ആഷിഖും ചാങ്തെയും വിങ്ങുകളിൽ ഇറങ്ങും. അനിരുദ്ധ് ഥാപ്പ, ഹാലിചരൻ നർസാരി, റൗളിൻ ബോർഗസ്, ലാലിയൻസുവാല ചാങ്തെ എന്നിവരാവും മധ്യനിരയിൽ ഇറങ്ങുക.
ഹാലിചരനോ റൗളിനോ പകരം ലിസ്റ്റൺ കൊളാസോ ഇറങ്ങാനും ഇടയുണ്ട്. പകരക്കാരനായെങ്കിലും ലിസ്റ്റൺ കളിക്കും. സന്ദേശ് ജിംഗൻ, ആദിൽ ഖാൻ, മന്ദർ റാവു ദേശായി, പ്രിതം കോട്ടാൽ എന്നിവരാവും പ്രതിരോധത്തിൽ. പ്രിതമിനു പകരം ആകാശ് മിശ്രയെ കണ്ടാൽ അതിശയിക്കേണ്ടതില്ല. ബിപിൻ സിംഗ്, രാഹുൽ കെപി എന്നിവർ ബെഞ്ചിലാവും.