സിഐടിയു നേതാവ്‌ ബാപ്പുട്ടി വധശ്രമക്കേസ്‌; നാല് എൻഡിഎഫുകാർക്ക് 16 വർഷം കഠിനതടവ്

2006 മാര്‍ച്ചിലാണ് സിപിഐ എം ഏരിയ കമ്മിറ്റി അംഗം കൂടിയായ ബാപ്പുട്ടിയെ വെട്ടിക്കൊല്ലാൻ ശ്രമിച്ചത്.

0
177

മഞ്ചേരി: സിഐടിയു നേതാവ് ബാപ്പുട്ടിയെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ നാല് എൻഡിഎഫുകാർക്ക് 16 വർഷം കഠിനതടവും 20,000 രൂപവീതം പിഴയും ശിക്ഷ. താനൂര്‍ കുണ്ടുങ്ങല്‍ കൊടശേരി നൗഷാദലി (45), തിരൂര്‍ പുല്ലാണിക്കാട്ടില്‍ അബ്‌ദുൾ സക്കീര്‍ (43), തിരൂര്‍ പിലാശേരി മുഹമ്മദ് റഫീഖ് (45), പുറത്തൂര്‍ പടിഞ്ഞാറെക്കര ചേലക്കല്‍ മുസ്‌തഫ (46) എന്നിവരെയാണ് മഞ്ചേരി മൂന്നാം അഡീഷണല്‍ സെഷന്‍സ്‌ കോടതി ജഡ്‌ജി എം തുഷാര്‍ ശിക്ഷിച്ചത്.

സിപിഐ എം ഏരിയാകമ്മിറ്റി അം‌ഗവും മത്സ്യത്തൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാ ജനറൽസെക്രട്ടറിയുമായിരുന്ന കൂട്ടായി മരത്തിങ്ങല്‍ വീട്ടില്‍ ബാപ്പുട്ടിയെയാണ്‌ അക്രമിസംഘം വെട്ടിക്കൊല്ലാൻ ശ്രമിച്ചത്. വധശ്രമത്തിന് 10 വര്‍ഷം കഠിനതടവും 10,000 രൂപ പിഴയും മാരകമായി മുറിവേല്‍പ്പിച്ചതിന് അഞ്ചുവര്‍ഷം കഠിനതടവും 6000 രൂപ പിഴയും മാരകായുധങ്ങളുമായി സംഘംചേര്‍ന്നതിന് ഒരുവര്‍ഷം തടവും 3000 രൂപ പിഴയും നിയമവിരുദ്ധമായി സംഘംചേര്‍ന്ന കുറ്റത്തിന് ആറുമാസം തടവും 1000 രൂപ പിഴയുമാണ് ശിക്ഷ. മൂന്നും നാലും പ്രതികളായ സാദീഖുല്‍ അസ്‌കര്‍, അസീസ് എന്നിവരെ കോടതി വെറുതെവിട്ടു.

2006 മാര്‍ച്ചിലാണ് കേസിന് ആസ്‌പദമായ സംഭവം. തിരൂർ അർബൻ സഹകരണ ബാങ്ക് ജീവനക്കാരനായിരുന്ന ബാപ്പുട്ടി താനാളൂർ ശാഖയിൽനിന്ന്‌ ജോലികഴിഞ്ഞ് സുഹൃത്തിനൊപ്പം ബൈക്കിൽ തിരൂരിലേക്ക് വരുന്നതിനിടെ മീനടത്തൂര്‍ റെയില്‍വേ പാലത്തിന് മുകളിൽവച്ചാണ് ആക്രമണം. മൂന്ന് ബൈക്കുകളിലായി എത്തിയ ആറ്‌ പ്രതികള്‍ ബൈക്ക് ചവിട്ടി റോഡിലേക്കുവീഴ്ത്തി വടിവാളുകൊണ്ട് വെട്ടുകയായിരുന്നു. കൈയ്‌ക്കും തലയ്‌ക്കും ശരീരമാകെ സാരമായി പരിക്കേറ്റ ബാപ്പുട്ടി ഒരുവർഷത്തിലേറെ കിടപ്പിലായിരുന്നു. ഹൈക്കോടതിയിലടക്കം നീണ്ട നിയമയുദ്ധങ്ങൾക്കുശേഷമാണ് മഞ്ചേരി കോടതി വിധി. പ്രോസിക്യൂഷനായി കെ ടി ഗംഗാധരന്‍ ഹാജരായി