ഇഞ്ചി ഷാജിയുടെ ലക്ഷവും ‘ഇഞ്ചി കടിച്ച രാഹുലനും’

0
1154

തിരുവനന്തപുരം: ലീഗ് നേതാവ് കെ എം ഷാജി വീണ്ടും ഇഞ്ചി കർഷകനാകുമോ..? അതോ യൂത്ത് ലീഗ് ഷാജിക്ക് പൈസ പിരിച്ചുനൽകുമോ..? രാഷ്ട്രീയകേരളം ഉറ്റുനോക്കുന്ന വിഷയമാണിത്. സംഗതി മറ്റൊന്നുമല്ല, ഷാജി സാഹിബ് വയനാട്ടിൽ ഇഞ്ചിക്കൃഷി നടത്തി സമ്പാദിച്ച ലക്ഷങ്ങൾ വിജിലൻസ് പിടിച്ചുകൊണ്ടുപോയിരുന്നു. ചൊവ്വാഴ്ച ആ തുക തിരിച്ചുകൊടുക്കാൻ ഹൈക്കോടതി ഉത്തരവിടുകയും ചെയ്തു. കോലം കത്തിക്കുമ്പോൾ ആളുന്ന തീ കണ്ട് കാലും പറിച്ച് ഓടിയ വേഗത്തേക്കാൾ സ്പീഡിൽ മാങ്കൂട്ടത്തിലെ രാഹുലൻ വരെ പോസ്റ്റിട്ടുകളഞ്ഞു. കേട്ട പാതി കേക്കാത്ത പാതി ഷാഫി പറമ്പിലും വലിയ വായിൽ ഗീർവാണം അടിച്ചു. മനോരമയും മാതൃഭൂമിയും ഏഷ്യാനെറ്റും മുതൽ അസർപ്പ് പച്ചപ്പട വരെ ആവേശക്കമ്മിറ്റിക്കാരായി രംഗത്തുവന്നു. പക്ഷെ ഷാജി സാഹിബിന് മാത്രം ഒരു കോരിത്തരിപ്പും ഉണ്ടായില്ല. ആകെ കിടുങ്ങി നിന്ന നിപ്പാണ്. ഇംഗ്ലീഷ് അറിയാത്തോണ്ട് ആദ്യം വലിയ പിടിപാടൊന്നും ഉണ്ടായില്ല. പിണറായി വിജയനും വിജിലൻസിനും എതിരെ നാല് ഭള്ള് റിലീസ് തയ്യാറാക്കിവെച്ചപ്പോഴാണ് ഇംഗ്ലീഷ് അറിയുന്ന വക്കീൽ സംഗതി വിവരിക്കുന്നത്. അപ്പൊ നിന്ന നിപ്പാണ്; ഒരു മാതിരി മരവിച്ചപോലെ. ഇനിയിപ്പോ ഇഞ്ചിക്കൃഷി അല്ലാതെ വേറെ തരമില്ല എന്ന പരുവമായി. സ്വർണകച്ചോടം വേണ്ടപോലെ മൂക്കൂല എന്ന് കാസർകോട്ടെ കമറുച്ച തെളിവ് സഹിതം പറഞ്ഞിട്ടുണ്ട്. ഇനി വെയിൽ കൊണ്ടും തലയിൽ തോർത്ത് കെട്ടിയും ചുരം കയറുക മാത്രമേ ഷാജിക്ക് വഴിയുള്ളു.

യൂത്ത് കോൺഗ്രസിന്റെ തീപ്പന്തം മാങ്കൂട്ടത്തിലെ രാഹുലൻ പറഞ്ഞതിങ്ങനെ. ‘ഇഞ്ചി വിറ്റിട്ടായാലും വേണ്ടില്ല എടുത്തോണ്ട് പോയ 47 ലക്ഷം തിരിച്ചെത്തിക്ക് വിജിലെൻസേ….., മനസ്സിലായോ സാറുമ്മാരെ….!, ഫേക്ക് പോരാളിയല്ല, ഒറിജിനൽ പോരാളിയാണ് ഷാജി’. കേട്ട പച്ചപ്പടക്ക് കുളിരു കോരി. ആഞ്ഞുപിടിച്ച് ആഞ്ഞടിച്ചു. അതിനി രാഹുലൻ ഷാജിക്കിട്ട് താങ്ങിയതാണോ എന്നും അറിയില്ല. പോരാളി എന്നൊക്കെയായിരുന്നു വിശേഷണം. ഇനി പോരാടേണ്ടിവരും, നല്ലോണം. കാരണം ഈ 47 ലക്ഷം തിരിച്ചെത്തിക്കണമെങ്കിൽ ഒറിജിനൽ പോരാളി 94.7 ലക്ഷം രൂപയുടെ ജാമ്യം നല്‍കണം. മാത്രമല്ല, തുല്യതുകയുടെ ദേശസാല്‍കൃത ബാങ്ക് ഗാരന്റി, തുല്യതുകയ്ക്കുള്ള രണ്ട് ആള്‍ജാമ്യം, വിചാരണ കോടതിയുടെ മുന്നില്‍ നല്‍കേണ്ടിവരുന്ന ഇരട്ടി തുകയുടെ ജാമ്യം. ബാങ്ക് ഗാരന്റിക്ക് നല്‍കേണ്ടി വരുന്ന സര്‍വീസ് ചാർജ് പ്രത്യേകം എന്നിവ കെ എം ഷാജി നൽകണം. ഇതിനുപുറമെ കോടതി ഒരു കാര്യം കൂടി പറഞ്ഞിട്ടുണ്ട്. അതാണ് ഏറ്റവും ശ്രദ്ധേയം. പിടിച്ചെടുത്ത കറന്‍സിയുടെ ഉറവിടം വിചാരണകോടതിക്ക് ബോധ്യപ്പെടണം. നികുതി നല്‍കാനുള്ള വരുമാനം ഇല്ലെന്നാണ് 2015 -2016, 2019-20 സാമ്പത്തിക വര്‍ഷങ്ങളില്‍ ആദായനികുതി റിട്ടേണില്‍ കാണിച്ചത്. നികുതി ബാധ്യതയില്ലെന്ന് കാണിച്ചതിന്റെ തൊട്ടടുത്ത സാമ്പത്തിക വര്‍ഷം കെഎം ഷാജി നികുതി നല്‍കിയത് 10.47 ലക്ഷം രൂപ. ഇത്രയും തുക പെട്ടെന്ന് നികുതി ബാധ്യതയായി വരുന്നത് ആശ്ചര്യകരം എന്നാണ് കോടതി പറഞ്ഞിരിക്കുന്നത്.

വായിൽ തോന്നിയത് കോതക്ക് പാട്ട് എന്ന് പറഞ്ഞുനടക്കുന്ന രാഹുലന് ഇതൊക്കെ എന്ത്. കാശ് കൊടുത്ത് പുതുപ്പള്ളി തെരഞ്ഞെടുപ്പിന്റെ ക്രെഡിറ്റ് ചില പെയ്ഡ് ഓൺലൈൻ ടീമിനെക്കൊണ്ട് എഴുതിച്ച സ്രാങ്കാണ് ഈ ആശാൻ എന്ന് അടൂരുകാർക്ക് വരെ അറിയാം. രാഹുൽ ഗാന്ധിയെ ബിജെപിക്കാർ രാവണനാക്കിയപ്പോ ഫേസ്ബുക്ക് പേജിന്റെ താക്കോൽ മറന്നുവെച്ച നേതാവാണ്. അല്ലേലും താടിയുള്ള അപ്പന്മാരെ രാഹുലന് നല്ല പേടിയാണ്. ആരും ശ്രദ്ധിക്കുന്നില്ലെന്ന് കാണുമ്പോ തൃത്താലയിൽ തോറ്റ ബാലരാമനെപ്പോലെ പറമ്പിലുള്ള ഷാഫിയുടെ പെട്ടിയുമെടുത്ത് അങ്ങ് ഇറങ്ങും. അതിനി ഖത്തറിൽ ആണെങ്കിൽ അവിടെ വരെ. എന്നിട്ട് അറഞ്ചം പൊറഞ്ചം പോസ്റ്റ് ഇടും. ഗൂഢാലോചന വഴി വ്യാജ വാർത്ത ഉണ്ടാക്കുന്ന ടീംസ് മൊത്തം അത് എടുത്ത് കൊടുക്കും. ഇതുകണ്ട രാഹുലൻ കുളിരുകോരി കോഴിക്കറി തിന്നാൻ അടൂരിലേക്ക് പോകും. അത് ചില ‘നാലാം തൂണുകാർ’ വാർത്തയുമാക്കും, ഒപ്പം കോഴിക്കറിയും കൂട്ടി ചോറും തിന്നും.

സോളാർ കേസിൽ അടിയന്തരപ്രമേയം അവതരിപ്പിച്ച അവസ്ഥയിലാണ് ഷാഫി ഇപ്പോൾ. പറമ്പിൽ പോയിട്ട് പരിസരത്ത് ഇല്ല എന്ന ഗതിയിലാണ്. ഷാജിക്കാനെ ഒന്ന് സപ്പോർട്ട് ചെയ്തതാണ്. കോൺഗ്രസുകാർ തന്നെ എടുത്തിട്ട് അലക്കി ഉണക്കാൻ ഇട്ടിട്ടുണ്ട്. മഴ ആയതുകൊണ്ട് ശരിക്കും ഉണങ്ങിയിട്ടില്ല. നല്ലോണം മഴ നനയുന്നുണ്ട് പറമ്പിൽനിന്ന്. കൂട്ടത്തിൽ ചില ‘കോട്ടയം കുഞ്ഞച്ചൻമാർ’ യൂത്ത് കോൺഗ്രസിന്റെ വ്യാജ വോട്ടിനെപ്പറ്റിയും ചോദിക്കുന്നു.

ആരൊക്കെ കോരിത്തരിപ്പിച്ചിട്ടും ഷാജി സാഹിബിന് ആ മരവിപ്പ് വിട്ടുമാറിയിട്ടില്ല. കക്കൂസിൽ വെച്ച കാശാണ്. അതും തെരഞ്ഞെടുപ്പിനായി പിരിച്ചത്. മറ്റേ പാലം കടക്കാൻ ടോൾ നല്ലോണം കൊടുക്കേണ്ടിവരും എന്നതുകൊണ്ട് കുറച്ച് കട്ടിലിന്റെ അടിയിലും എടുത്ത് വെച്ചു. ഇതേ ലീഗാര് സംഗതി മണത്തറിഞ്ഞ് വിജിലൻസിനെ വിളിച്ചുപറഞ്ഞു. ഞാൻ ഷാജിയാണെങ്കിൽ മൂക്ക് മുങ്ങുമ്പോഴും രാഷ്ട്രീയം പറയും, വീടിന്റെ ഒരു ഭാഗവും പൊളിക്കില്ല എന്നൊക്കെ പറഞ്ഞ് ഒരൊറ്റ കരച്ചിലായിരുന്നു. ഒടുക്കം കോഴിക്കോട് കോർപ്പറേഷൻ ഓഫീസിൽ ചെന്ന് എല്ലാം സബൂറാക്കണം എത്ര പിഴ വേണേലും അടക്കാം എന്നുപറഞ്ഞ് നെഞ്ചും വിരിച്ച് ഒരു മടക്കമായിരുന്നു. അതിനുപിന്നാലെയാണ് പിണറായി വിജയന്റെ വിജിലൻസിനെ നിലക്ക് നിർത്തുമെന്ന കിടിലൻ പ്രഖ്യാപനവും. പറഞ്ഞതുപോലെ കോടതിയിൽ പോയി. ഒടുക്കം കിട്ടിയത് മാത്രം ആരോടും പറഞ്ഞില്ല.

സംഗതി ബഹുജോറായി എന്നുതന്നെ വേണം പറയാൻ. എന്ത് കിട്ടിയാലും അത് പിണറായി വിജയന്റെ നേർക്ക് തിരിക്കാനുള്ള മാധ്യമങ്ങളെ കണ്ട് ആവേശം കൊണ്ടാൽ നിങ്ങൾ വെറും ‘ലീഗും’ സംഗതി തിരിഞ്ഞുവരുമ്പോ മാധ്യമങ്ങളെ ‘ലീഗേ’ എന്ന് വിളിക്കുകയും ചെയ്യും. കേരളത്തിലെ പത്രക്കാരെ നമ്പിയാൽ ഇങ്ങനെയിരിക്കും എന്ന് വി ഡി സതീശൻ മുമ്പേ അനുഭവിച്ചിട്ടുള്ളതാണ്. എന്തായാലും ഹരിത പതാകയുടെ തണലില്‍ നിൽക്കുന്നവർക്ക്‌ സ്വര്‍ഗം ലഭിക്കും എന്ന സംസ്ഥാന പ്രസിഡന്റിനെ പ്രസ്താവന കേട്ട് പച്ചക്കൊടി വീശാതെ നിന്ന റെയിൽവേ ഗാർഡിന്റെ അവസ്ഥ ആർക്കും ഉണ്ടാകരുത് എന്നേ പറയാനുള്ളു.

English Summary: KM Shaji has to pay a surety of Rs 94.7 lakh to release the money seized by the Vigilance.