‘കെ എം ഷാജി കുറ്റവിമുക്തനായിട്ടില്ല’; 47.3 ലക്ഷം രൂപ വിട്ടുനല്‍കിയതിന് പിന്നിലെ വസ്‌തുത ഇതാണ്

ഷാജിക്കെതിരായ കേസ് ഹൈക്കോടതി റദ്ദ് ചെയ്തിട്ടില്ല.

0
104

കൊച്ചി: അനധികൃതസ്വത്ത്‌ സമ്പാദനക്കേസിൽ മുസ്ലിംലീഗ്‌ നേതാവ്‌ കെ എം ഷാജിയുടെ വീട്ടിൽനിന്ന്‌ വിജിലൻസ്‌ പിടിച്ചെടുത്ത പണം തിരികെ നൽകാൻ ഹൈക്കോടതി നിർദേശിച്ചതിലെ നിജസ്ഥിതി വിശദീകരിച്ച് അഡ്വ. സലീം ചോലമുഖത്ത്. കെ എം ഷാജി താന്‍ കേസില്‍ നിന്ന് കുറ്റവിമുക്തനായി എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരണം നടത്തുന്നതിന് പിന്നാലെയാണ് വിശദീകരണം. കെ എം ഷാജി വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന ആരോപണത്തില്‍ നിന്ന് വിജിലന്‍സ് പുറകോട്ട് പോയിട്ടില്ലെന്നും ഹൈക്കോടതി ആ കേസ് റദ്ദ് ചെയ്തിട്ടുമില്ലെന്നും അഡ്വ. സലീം ചോലമുഖത്ത് പറഞ്ഞു.

ഷാജിയുടെ ഭാര്യയുടെ പേരിൽ കണ്ണൂർ അഴീക്കോടുള്ള വീട്ടിൽനിന്ന്‌ പിടിച്ചെടുത്ത 47.35 ലക്ഷം രൂപ ബാങ്ക്‌ ഗ്യാരന്റിയുടെ അടിസ്ഥാനത്തിൽ വിട്ടുനൽകാനാണ്‌ ഹൈക്കോടതി നിർദേശിച്ചത്. വിചാരണ പൂർത്തിയാകുന്നതുവരെ തുക പിടിച്ചുവയ്‌ക്കേണ്ടതില്ലെന്ന് വിലയിരുത്തിയാണ് ഉത്തരവ്.

അഴീക്കോട്‌ സ്‌കൂളിൽ പ്ലസ്‌ടു അനുവദിക്കാൻ കെ എം ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന കേസിലാണ്‌ വിജിലൻസ്‌ റെയ്‌ഡ്‌ നടത്തിയത്‌. പിടിച്ചെടുത്ത തുക തെരഞ്ഞെടുപ്പ്‌ ഫണ്ടായി ലഭിച്ചതാണെന്നായിരുന്നു ഷാജിയുടെ വാദം. പണം തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ട്‌ ഷാജി നൽകിയ ഹർജി കോഴിക്കോട്‌ പ്രത്യേക വിജിലൻസ്‌ കോടതി തള്ളിയിരുന്നു.

English Summary: Kerala High Court has not given clean chit to K M Shaji.