തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സിപിഐ എം നേതാവ് ആനത്തലവട്ടം ആനന്ദന് വിട നൽകി. വെെകിട്ട് അഞ്ചിന് ശാന്തികവാടത്തില്‍ മൃതദേഹം സംസ്കരിച്ചു. ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്ഥാനം യാത്രാമൊഴിയേകിയത്.
കേരളത്തിലെ തൊഴിലാളിവര്‍ഗ്ഗ രാഷ്ട്രീയത്തെ ആറുപതിറ്റാണ്ടുകാലം നയിച്ച നേതാവിന്റെ മൃതദേഹം വിലാപയാത്രയായാണ് ശാന്തികവാടത്തില്‍ എത്തിച്ചത്. സിഐടിയു സംസ്ഥാന കമ്മിറ്റി ഓഫീസില്‍ നിന്നും ആരംഭിച്ച വിലാപയാത്രയിൽ നിരവധി പേർ പങ്കെടുത്തു. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, മന്ത്രിമാർ, നേതാക്കൾ എന്നിവർ ശാന്തികവാടത്തിൽ എത്തിയിരുന്നു.
ആനത്തലവട്ടം ആനന്ദന് മുഖ്യമന്ത്രി പിണറായി വിജയൻ എ കെ ജി സെന്ററിൽ എത്തി അന്തിമോപചാരം അർപ്പിച്ചു. രാഷ്ട്രീയ രംഗത്തെ പ്രമുഖരടക്കം നിരവധി നേതാക്കൾ പ്രിയനേതാവിന് അന്ത്യാഭിവാദ്യവുമായി എത്തി. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം വ്യാഴാഴ്ച വൈകിട്ടാണ് അന്തരിച്ചത്. 2009 മുതൽ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായിരുന്നു അദ്ദേഹം സിഐടിയു സംസ്ഥാന അദ്ധ്യക്ഷനും ദേശീയ ഉപാദ്ധ്യക്ഷനുമായിരിക്കെയാണ് വിയോഗം.