ബീജിങ്: ഓഫീസിലെ പാര്‍ട്ടിയ്ക്കിടെ അമിതമായി മദ്യപിച്ച യുവാവിന് ദാരുണാന്ത്യം. ഷാങ് എന്ന യുവാവാണ് മരിച്ചത്. 20,000 യുവാന്റെ (ഇന്ത്യൻ രൂപ ഏകദേശം 2.28 ലക്ഷം) സമ്മാനം സ്വന്തമാക്കാനായി 10 മിനിറ്റിനുള്ളില്‍ ഒരു ലിറ്റര്‍ മദ്യമാണ് ഇയാള്‍ അകത്താക്കിയത്. വീര്യം കൂടിയ മദ്യം അമിതമായ അളവില്‍ കഴിച്ച് അല്‍പം കഴിഞ്ഞപ്പോള്‍ തന്നെ ഷാങ് കുഴഞ്ഞുവീണു. ആശുപത്രിയിൽ ചികിത്സയിലിരിക്കെ യുവാവ് മരിച്ചു. ചൈന മോര്‍ണിങ് പോസ്റ്റാണ് വാർത്ത പുറത്തുവിട്ടത്.
ഓഫീസിലെ പാർട്ടിക്കിടെ കമ്പനി തലവനാണ് മദ്യപാന മത്സരം പ്രഖ്യാപിച്ചത്. മദ്യപാനത്തില്‍ ഷാങിനെ തോല്‍പ്പിക്കുന്നവര്‍ക്ക് 20,000 യുവാന്‍ സമ്മാനം നല്‍കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. ഷാങ് ആദ്യം മദ്യപിച്ച് കഴിഞ്ഞപ്പോള്‍ അദ്ദേഹത്തേക്കാള്‍ മദ്യപിക്കുന്നയാള്‍ക്ക് 5,000 യുവാന്‍ നൽകുമെന്നും പ്രഖ്യാപിച്ചു. ആരും വെല്ലുവിളി ഏറ്റെടുക്കാതിരുന്നപ്പോള്‍ സമ്മാനത്തുക 10,000 യുവാനാക്കി വര്‍ദ്ധിപ്പിച്ചു. താന്‍ വിജയിച്ചാല്‍ എന്ത് തരുമെന്ന് ബോസിനോട് ഷാങ് ചോദിച്ചപ്പോള്‍ അദ്ദേഹം സമ്മാനത്തുക 20,000 യുവാനാക്കി ഉയര്‍ത്തി. എന്നാല്‍ തോറ്റാല്‍ കമ്പനിയിലെ എല്ലാവര്‍ക്കും ചെലവ് ചെയ്യാന്‍ 10,000 യുവാന്‍ ഷാങ് തിരികെ നല്‍കണമെന്നും ബോസ് പ്രഖ്യാപിച്ചു.
ഡ്രൈവര്‍ ഉള്‍പ്പെടെ നിരവധിപ്പേരോട് മത്സരിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ആരും വിജയിച്ചില്ല. പത്ത് മിനിറ്റ് സമയത്തിനുള്ളില്‍ ഒരു ലിറ്റര്‍ മദ്യമാണ് ഷാങ് കുടിച്ചതെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു. 30 മുതല്‍ 60 ശതമാനം വരെ ആല്‍ക്കഹോള്‍ അടങ്ങിയ ബെജിയൂ എന്ന മദ്യമാണ് ഷാങ് ഒറ്റയടിക്ക് അകത്താക്കിയത്. അധികം വൈകാതെ കുഴഞ്ഞുവീണ ഷാങിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു. ആല്‍ക്കഹോള്‍ പോയിസണിങ്, ആസ്‍പിറേഷന്‍ ന്യുമോണിയ, ശ്വാസതടസം, ഹൃദയാഘാതം എന്നിവയാണ് ഇയാള്‍ക്ക് അമിത മദ്യപാനം കാരണമായി ഉണ്ടായതെന്ന് ആശുപത്രി രേഖകള്‍ പറയുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.
നിയമപ്രകാരമുള്ള മുന്നറിയിപ്പ്: മദ്യപാനം ആരോഗ്യത്തിന് ഹാനികരം.
English Summary: Man In China Dies After Drinking 1 Litre Alcohol To Win ₹ 2 Lakh At Office Party.