പകർച്ചപ്പനി കൂടുന്നു; വാക്സിനേഷൻ എടുക്കാൻ മുന്നറിയിപ്പ്

0
132

സൗദിയിൽ പകര്‍ച്ചപ്പനിയും ശ്വാസകോശ സംബന്ധമായ അസുഖങ്ങളും പടരുന്ന പശ്ചാത്തലത്തിൽ എല്ലാവരും പ്രതിരോധ കുത്തിവയ്പ്പ് എടുക്കണമെന്ന് അറിയിച്ച് സൗദി ആരോഗ്യ മന്ത്രാലയം. കേസുകളുടെ എണ്ണം കുറയ്ക്കുന്നതിന് വാക്സിനേഷൻ ഗണ്യമായി സഹായിക്കും.

ഇൻഫ്ലുവൻസ വൈറൽ അണുബാധയാണ്. അത് എളുപ്പത്തിൽ പടരുകയും എല്ലാ പ്രായക്കാരെയും ബാധിക്കുകയും ചെയ്യും. ശ്വസനത്തിലൂടെയോ മലിനമായ പ്രതലങ്ങളിൽ സ്പർശിക്കുകയോ ചെയ്താണ് വൈറസ് പകരുന്നത്. ഇൻകുബേഷൻ കാലയളവ് ശരാശരി രണ്ട് മുതൽ നാലു ദിവസം വരെയാണ്. എല്ലാ വർഷവും സീസണൽ ഇൻഫ്ലുവൻസ വാക്സിൻ എടുക്കുന്നത് പ്രതിരോധത്തിനുള്ള ഏറ്റവും പ്രധാനപ്പെട്ട മാർഗങ്ങളിലൊന്നാണെന്നും സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

പ്രായാധിക്യമുള്ളവർ, വിട്ടുമാറാത്ത രോഗങ്ങളുള്ളവർ, പ്രതിരോധശേഷി ദുർബലപ്പെട്ടവർ, അമിതവണ്ണമുള്ളവർ എന്നിവരെ സംബന്ധിച്ചിടത്തോളം ഇൻഫ്ലുവൻസ ബാധിച്ചാൽ അപകടസാധ്യത ഉയരുമെന്ന് മന്ത്രാലയം പറഞ്ഞു.അണുബാധ കേസുകളുടെ എണ്ണം കുറയ്ക്കുന്നതിനും രോഗം ബാധിച്ചാൽ പാർശ്വഫലങ്ങൾ കുറയ്ക്കുന്നതിനും വാക്‌സിൻ സഹായിക്കും.
വിട്ടുമാറാത്ത രോഗങ്ങളുള്ളവർ, കുട്ടികൾ, പ്രായമായവർ, ഗർഭിണികൾ, ആരോഗ്യ പ്രവർത്തകർ എന്നിവരാണ് ഏറ്റവും കൂടുതൽ ബാധിക്കാൻ സാധ്യതയുള്ള വിഭാഗങ്ങൾ. ശൈത്യകാലം അടുത്തുവരുന്ന സാഹചര്യത്തിലാണ് ഇത് പടരുക. ശാരീരികോഷ്മാവ് 38 ഡിഗ്രി സെൽഷ്യസിന് മുകളിലുയരുക, വിറയൽ, വിയർപ്പ്, തലവേദന, തുടർച്ചയായ വരണ്ട ചുമ, ക്ഷീണം, മൂക്കൊലിപ്പ്, തൊണ്ടവേദന, പേശിവേദന എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ.

വാക്സിനേഷന് ‘സിഹ്വത്തി’ ആപ്പിലാണ് ബുക്ക് ചെയ്യേണ്ടത്. തൊട്ടടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രം കണ്ടെത്തി അവിടെ ഇൻഫ്ലുവൻസ വാക്സിൻ എടുക്കുന്നതിനുള്ള അപോയ്മെൻറ് നേടണമെന്നും മന്ത്രാലയം വ്യക്തമാക്കി