തമിഴ്‌നാടിന് പിന്നാലെ ആന്ധ്രയിലും ബിജെപിക്ക്‌ തിരിച്ചടി; പവൻ കല്ല്യാണിന്റെ ജനസേന പാർട്ടി എൻഡിഎ വിട്ടു

ഒരാഴ്ചക്കിടെ ബിജെപി സഖ്യം വിടുന്ന രണ്ടാമത്തെ പാർട്ടി.

0
166

അമരാവതി: തമിഴ്‌നാടിന് പിന്നാലെ ആന്ധ്രയിലും ബിജെപിക്ക്‌ കനത്ത തിരിച്ചടി. ആന്ധ്രാപ്രദേശിൽ എൻഡിഎയുമായുള്ള സഖ്യം ഉപേക്ഷിക്കുന്നുവെന്ന്‌ നടനും ജനസേന പാർട്ടി നേതാവുമായ പവൻ കല്ല്യാൺ അറിയിച്ചു. തമിഴ്‌നാട്ടിൽ അണ്ണാ ഡിഎംകെ ബിജെപി സഖ്യം വിട്ട് ഒരാഴ്ച തികയും മുമ്പാണ് ആന്ധ്രയിലും ജനസേന പാർട്ടി ഇന്ത്യ സഖ്യം ഉപേക്ഷിച്ചത്. ഇതോടെ ദക്ഷിണേന്ത്യയിൽ കാലുറപ്പിക്കാമെന്ന ബിജെപിയുടെ സ്വപനം പൊളിഞ്ഞു.

ബിജെപിയുമായി ഇനിയൊരു ബന്ധത്തിനും ഇല്ലെന്നും ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിയുമായി സഖ്യമുണ്ടാക്കുമെന്നും പവൻ കല്ല്യാൺ പറഞ്ഞു. ആന്ധ്രപ്രദേശിന്റെ വികസനത്തിന് ടിഡിപിയും ജനസേനയും ഒന്നിക്കേണ്ടത് ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. വൈ എസ് ജഗൻമോഹൻ റെഡ്‌ഡി ഒക്ടോബർ ആറിന് അമിത് ഷായെ കണ്ടേക്കുമെന്ന അഭ്യൂഹങ്ങൾക്ക് പിന്നാലെയാണ് ജനസേന എൻഡിഎ വിടുന്നത്. ടിഡിപി ശക്തമായ പാര്‍ട്ടിയാണ്. വികസനത്തിനും സംസ്ഥാനത്തിന്റെ മികച്ച ഭരണ നിർവഹണത്തിനും ആന്ധ്രപ്രദേശിന് ടിഡിപി ആവശ്യമാണ്. ഇന്ന് ടിഡിപി പോരാട്ടത്തിലാണ്. അവര്‍ക്ക് ‘ജനസൈനികരു’ടെ യുവരക്തം ആവശ്യമാണ്. ടിഡിപിയും ജനസേനയും ഒരുമിച്ച് നിന്നാല്‍ വൈഎസ്ആര്‍ കോൺഗ്രസും ബിജെപിയും മുങ്ങുമെന്നും പവന്‍ കല്യാണ്‍ പൊതുയോഗത്തിൽ പറഞ്ഞു.

അഴിമതി ആരോപണത്തിൽ ജയിലിലായ ചന്ദ്രബാബു നായിഡുവിനെ സെപ്റ്റംബറിൽ സന്ദർശിച്ച ശേഷം പവൻ കല്യാൺ പുതിയ രാഷ്ട്രീയപ്രവേശനത്തിന്റെ പ്രഖ്യാപനം നടത്തിയിരുന്നു. തെലങ്കാനയിൽ നല്ല ഭരണം വരാൻ ടിഡിപിയും ജനസേനയും കൈകോർക്കണമെന്ന് പവൻ കല്യാൺ അഭിപ്രായപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് എൻഡിഎ സഖ്യം ഉപേക്ഷിച്ചത്. ഇതോടെ തെലങ്കാന മുഖ്യമന്ത്രി വൈ എസ് ജഗൻമോഹൻ റെഡ്‌ഡിക്കെതിരെ ശക്തമായ പടയൊരുക്കം നടത്താനാകുമെന്ന വിശ്വാസത്തിലാണ് ജനസേനയും ടിഡിപിയും.

അടുത്ത തെരഞ്ഞെടുപ്പിൽ ഖമ്മം, രാമഗുണ്ടം, നഗർകുർണൂൽ തുടങ്ങിയ 32 മണ്ഡലങ്ങളിൽ ജനസേന മത്സരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. പുതിയ സഖ്യം ഉരുത്തിരിയുന്നതോടെ പുതിയ രാഷ്ട്രീയനീക്കങ്ങൾക്ക് കാരണമാകും. ഇക്കഴിഞ്ഞ ആഴ്ചയാണ് തമിഴ്‌നാട്ടിൽ അണ്ണാ ഡിഎംകെ ബിജെപി സഖ്യം വിട്ടത്. ദ്രാവിഡ നേതാക്കളെ ബിജെപി സംസ്ഥാന പ്രസിഡന്റ് അണ്ണാമലൈ നിരന്തര അവഹേളിച്ചതിനെത്തുടർന്നാണ് എഐഎഡിഎംകെ എൻഡിഎ ബന്ധം അവസാനിപ്പിച്ചത്.

English Summary: Pawan Kalyan’s JSP declares alliance with TDP in Andhra.