‘ഇവരാണ് മരണത്തിന് ഉത്തരവാദികൾ’; സഹപ്രവർത്തകർക്കെതിരെ കുറിപ്പെഴുതിവെച്ച് പൊലീസുകാരൻ ജീവനൊടുക്കി

0
12039

കൊച്ചി: സഹപ്രവർത്തകർക്കെതിരെ കുറിപ്പെഴുതി വെച്ച് പൊലീസുകാരൻ ജീവനൊടുക്കി. കളമശ്ശേരി എംആർ ക്യാമ്പിലെ ഡ്രൈവർ മൂവാറ്റുപുഴ സ്വദേശി ജോബി ദാസ് (48) ആണ് വീടിനുള്ളിൽ തൂങ്ങിമരിച്ചത്. ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് ജോബി ദാസിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്.

തുടർന്ന് നടത്തിയ പരിശോധനയിലാണ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തത്. കൂടെ ജോലി ചെയ്തവർക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ആത്മഹത്യാക്കുറിപ്പിൽ ജോബി ഉന്നയിച്ചിട്ടുള്ളത്. തന്റെ ശമ്പള വർധനക്കെതിരെ ഗൂഢാലോചന നടന്നുവെന്നും ആരോപിക്കുന്നു.

കുറച്ചു നാളുകളായി താൻ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്നും കത്തിൽ സൂചിപ്പിക്കുന്നു. തനിക്കെതിരെ പ്രവർത്തിച്ചവരുടെ പേര് അടക്കമുള്ള വിവരങ്ങളും കത്തിൽ ഉള്ളതായാണ് സൂചന. മരണശേഷം തന്റെ മൃതദേഹം ഇവരെ കാണാൻ അനുവദിക്കരുതെന്നും കുറിപ്പിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

‘എന്റെ ഇൻക്രിമെന്റ് ഇവർ മനപ്പൂർവം കളഞ്ഞിട്ടുള്ളതാണ്. വലിയ കൊള്ളക്കാരും പിടിച്ചുപറിക്കാരുടെയൊന്നും ഒരൊറ്റ ഇൻക്രിമെന്റും പോയിട്ടില്ല. മദ്യപിച്ചതിനോ കൈക്കൂലി വാങ്ങിയതിനോ അല്ല എന്റെ ഇൻക്രിമെന്റ് കളഞ്ഞത്’. ഇനി ജീവിക്കണമെന്നില്ലെന്നും കത്തിൽ പറയുന്നു.

അമ്മയെ നല്ലപോലെ നോക്കണമെന്നും, നന്നായി പഠിക്കണമെന്നും, പൊലീസിൽ അല്ലാതെ ഏതെങ്കിലും നല്ല ജോലി നേടിയെടുക്കണമെന്നും കത്തിൽ മക്കളോട് ആവശ്യപ്പെടുന്നുണ്ട്.

english summary: A policeman committed suicide by writing a note against his colleagues