ഹാങ്ചൗ: ഏഷ്യൻ ഗെയിംസിന്റെ അത്‌ലറ്റിക്‌സ് മത്സരങ്ങൾ തുടങ്ങിയതോടെ ഇന്ത്യയുടെ കുതിപ്പ്. ഇന്ത്യ രണ്ടു സ്വര്‍ണവും മൂന്നു വെള്ളിയും മൂന്നു വെങ്കലവുമാണ് സ്വന്തമാക്കിയത്. പുരുഷന്മാരുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചെയ്‌സില്‍ അവിനാഷ് സാബിളും ഷോട്ട്പുട്ടില്‍ തജീന്ദര്‍പാല്‍ സിങ് തൂറുമാണ് സ്വര്‍ണനേട്ടക്കാര്‍. മലയാളി താരങ്ങളായ എം ശ്രീശങ്കർ ലോങ്‌ജംബിൽ വെള്ളിമെഡൽ നേടിയപ്പോൾ പുരുഷന്മാരുടെ 1500 മീറ്ററിൽ ഇന്ത്യയുടെ അജയ് കുമാര്‍ സരോജ് വെള്ളിയും മലയാളിതാരം ജിന്‍സണ്‍ വെങ്കലവും നേടി. വനിതകളുടെ ഹെപ്റ്റാത്തലണിലാണ് മറ്റൊരു വെങ്കലമെഡല്‍. 5712 പോയിന്റുമായി നന്ദിനി അഗസാരയാണ് വെങ്കലമണിഞ്ഞത്. വനിതകളുടെ ഡിസ്കസ് ത്രോയില്‍ സീമ പൂനിയയും വെങ്കലം നേടി.
3000 മീറ്റർ സ്റ്റിപ്പിൾചേസിലാണ് അവിനാഷ് സാബിൾ ഇന്ത്യക്കായി സ്വർണം നേടിയത്. ഗെയിംസ് റെക്കോഡോടെയായിരുന്നു അവിനാഷിന്റെ സുവർണനേട്ടം. 8 മിനിറ്റ് 19.50 സെക്കന്റിൽ ഫിനിഷ് ചെയ്താണ് ഈ നേട്ടം. ജക്കാര്‍ത്തയില്‍ നടന്ന കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ ഇറാന്‍ താരം ഹൊസൈന്‍ കെയ്ഹാനി സ്ഥാപിച്ച റെക്കോഡാണ് അവിനാഷ് മറികടന്നത്. 8:22.29 സെക്കന്‍ഡിലായിരുന്നു ഇറാന്‍ താരം അന്ന് ഫിനിഷ് ചെയ്തത്. ഈയിനത്തില്‍ നിലവിലെ ദേശീയ റെക്കോഡ് ഉടമകൂടിയാണ് അവിനാഷ്.
മഹാരാഷ്ട്ര സ്വദേശിയായ അവിനാഷ് മത്സരത്തിന്റെ തുടക്കം മുതൽ എതിരാളികളെക്കാൾ ഏറെ മുന്നിലായിരുന്നു. ഫിനിഷിങ്ങ് ലൈനിൽ ഇന്ത്യൻ താരമെത്തിയപ്പോൾ എതിരാളികൾ ബഹുദൂരം പിന്നിലായി. ജപ്പാന്‍ താരങ്ങള്‍ക്കാണ് വെള്ളിയും വെങ്കലവും. അയോകി റിയോമ വെള്ളി നേടിയപ്പോള്‍ സിയ സുനാഡയ്ക്കാണ് വെങ്കലം.
20.36 മീറ്റര്‍ ദൂരമെറിഞ്ഞ് തന്റെ അവസാന ശ്രമത്തിലായിരുന്നു ഷോട്ട്പുട്ടില്‍ തജീന്ദര്‍ സ്വർണനേട്ടം കൈവരിച്ചത്. കസാക്കിസ്ഥാന്റെ ടോലൊ മുഹമ്മദിനാണ് വെള്ളി (20.18 മീറ്റര്‍). ചൈനയുടെ ലിയു യാങ് വെങ്കലവും നേടി.
ലോങ്ജമ്പിൽ മലയാളി താരം എം ശ്രീശങ്കർ വെള്ളിമെഡൽ നേടി. 8.19 മീറ്റർ ദൂരം ചാടിയാണ് ശ്രീശങ്കറിന്റെ നേട്ടം. ചൈനയുടെ വാങ് ജിയാനൻ സ്വർണം നേടി. 8.22 മീറ്റർ. മുരളി ശ്രീശങ്കറിന്റെ ആദ്യ ശ്രമം പരാജയമായിരുന്നു. എന്നാൽ രണ്ടാം ശ്രമത്തിൽ മികച്ച ചാട്ടത്തോടെ ശ്രീശങ്കർ തിരിച്ചുവന്നു. 7.87 മീറ്ററാണ് രണ്ടാം ശ്രമത്തിൽ ശ്രീശങ്കർ ചാടിയത്. മൂന്നാം ശ്രമം എട്ട് മീറ്റർ കടന്നത് ആരാധകരിൽ പ്രതീക്ഷ ഉണർത്തി. നാലാം ശ്രമം വെള്ളി മെഡലിലേക്കായി.
പുരുഷന്മാരുടെ 1500 മീറ്ററിൽ അജയ് കുമാര്‍ സരോജ് വെള്ളിമെഡൽ നേടിയപ്പോൾ മലയാളി താരം ജിന്‍സണ്‍ ജോൺസണ് വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. നിലവിലെ ഏഷ്യന്‍ ചാമ്പ്യന്‍ കൂടിയായ ജിന്‍സണ്‍ മൂന്നാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
അത്‌ലറ്റിക്‌സിലെ പ്രകടനത്തോടെ ഇന്ത്യയുടെ സ്വര്‍ണ നേട്ടം 13 ആയി ഉയര്‍ന്നു. 13 സ്വര്‍ണവും 19 വെള്ളിയും 19 വെങ്കലവുമടക്കം 51 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്താണ്. ചൈന, ദക്ഷിണ കൊറിയ, ജപ്പാന്‍ എന്നീ രാജ്യങ്ങളാണ് ഇന്ത്യക്ക് മുന്നിലുള്ളത്.
English Summary: Avinash Sable Becomes First Indian To Win Gold Medal In 3000m Steeplechase.