കോൺഗ്രസ് മത്സരിക്കുന്നത് ബിജെപിയാവാൻ;കോൺഗ്രസ് നേതാക്കളെ പ്രതീക്ഷയോടെ കാണുന്നവരാണ് ബി ജെ പി യെന്ന് എം എ ബേബി

0
106

കോൺഗ്രസ് നേതാക്കളെ പ്രതീക്ഷയോടെ കാണുന്നവരാണ് ബി ജെ പി യെന്ന് സിപിഐ (എം) പൊളിറ്റ്‌ബ്യൂറോ അംഗം എം എ ബേബി. കോൺഗ്രസ്‌ മത്സരിക്കുന്നത്‌ ബിജെപിയാവാനാണ്. യുഡിഎഫിന്‍റെ ക്ഷേമ പെൻഷൻ വാഗ്ദാനം ജനങ്ങൾ തിരിച്ചറിയുമെന്നും എം എ ബേബി പറഞ്ഞു.

കോഴിക്കോട്ടെ വിവിധ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസിന്റെ ഇപ്പോഴത്തെ മത്സരം ബിജെപിയിൽ എങ്ങനെ കയറിക്കൂടാമെന്നുള്ളതിലാണെന്ന് സിപിഐ (എം) പൊളിറ്റ്‌ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു. രാഹുൽഗാന്ധിയുടെ സമീപത്തിരിക്കുന്നതിനേക്കാൾ കൂടുതൽ പഴയ കോൺഗ്രസ്‌ എംപിമാരിപ്പോൾ മോഡിയുടെ കൂടെയുണ്ട്. കോൺഗ്രസ്‌ വിജയിച്ചാൽ ഏത്‌ നിമിഷവും ബിജെപിയാവാമെന്നും എം എ ബേബി പറഞ്ഞു.

നന്മ നഷ്ടപ്പെട്ടില്ലാത്ത ചിലർ കോൺഗ്രസിലിപ്പോഴുമുണ്ട്‌. അവർ തകരുന്ന കൂടാരം വിട്ട്‌ എൽഡിഎഫിലേക്ക്‌ വരുന്നു. പി സി ചക്കോയും കെ സി റോസക്കുട്ടിയും എം എസ് വിശ്വനാഥനും ഒറ്റപ്പെട്ട സംഭവമല്ലെന്നും എം എ ബേബി പറഞ്ഞു.

കേരളത്തിൽ പലയിടങ്ങളിലും ബി ജെ പി കോൺഗ്രസ് ധാരണയുണ്ട്‌. വോട്ട്‌ കച്ചവടങ്ങളെ എക്കാലവും എതിർത്ത്‌ പോന്ന നിലപാടാണ്‌‌ കേരളം സ്വീകരിച്ചിട്ടുള്ളതെന്ന് 91 ലെ കോലീബി സഖ്യം ഓർമ്മിപ്പിച്ച് എം എ ബേബി വിശദീകരിച്ചു.

പ്രതിസന്ധി ഘട്ടങ്ങളിൽ സാധാരണ മനുഷ്യരെ ചേർത്തു പിടിച്ച കരങ്ങളാണ് പിണറായി സർക്കാരിൻ്റെത്. സർക്കാർ ചെയ്ത നല്ല കാര്യങ്ങൾ നാട്ടിലാകെയുണ്ട്. യുഡിഎഫിന്‍റെ ക്ഷേമ പെൻഷൻ പ്രഖ്യാപനത്തെ എം എ ബേബി പരിഹസിച്ചു.
കോടഞ്ചേരി, കുടരഞ്ഞി, കൂരാച്ചുണ്ട്‌, പേരാമ്പ്രയിലെ ചെറുവണ്ണൂർ എന്നിവിടങ്ങളിലെ എൽഡിഎഫ്‌ തെരഞ്ഞെടുപ്പ്‌ റാലി എം എ ബേബി ഉദ്ഘാടനം ചെയ്തു. ഘടകകക്ഷി നേതാക്കളും പൊതുയോഗങ്ങളിൽ സംസാരിച്ചു.