റഷ്യൻ നാവികസേനാ ആസ്ഥാനത്ത്‌ യുക്രെയ്ൻ ആക്രമണം; ഒരു സൈനികനെ കാണാതായി

ഒമ്പത് റഷ്യക്കാർ കൊല്ലപ്പെടുകയും 16 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തെന്ന്‌ യുക്രെയ്ൻ.

0
287

കീവ്‌: റഷ്യൻ നാവികസേനയുടെ ക്രിമിയയിലെ കരിങ്കടൽ ആസ്ഥാനത്ത്‌ യുക്രെയ്‌നിന്റെ മിസൈൽ ആക്രമണം. കഴിഞ്ഞദിവസം അർധരാത്രിയോടെയായിരുന്നു സംഭവമെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ഒരു സൈനികനെ കാണാതായി. ആക്രമണത്തിൽ കെട്ടിടങ്ങൾക്ക്‌ തീപിടിച്ചു. തീ നിയന്ത്രണവിധേയമാക്കിയതായി ഗവർണർ മിഖായേൽ റസ്വോഷയേവ് അറിയിച്ചു. സൈബർ ആക്രമണവും നേരിട്ടതായി ക്രിമിയ ഗവർണറുടെ ഉപദേശകനായ ഒലെഗ് ക്ര്യൂച്ച്‌കോവ് പറഞ്ഞു.

ആക്രമണത്തിൽ ഒമ്പത് റഷ്യക്കാർ കൊല്ലപ്പെടുകയും 16 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തെന്ന്‌ യുക്രെയ്ൻ ഇന്റലിജൻസ് മേധാവി കൈറിലോ ബുഡനോവ് പറഞ്ഞു. റഷ്യൻ ജനറൽ അലക്സാണ്ടർ റൊമാൻചുക്ക് ഗുരുതരാവസ്ഥയിലാണെന്നും കൈറിലോ ബുഡനോവ് പറഞ്ഞു.

അതിനിടെ, യുക്രെയ്ന്‌ അത്യാധുനിക ദീർഘദൂര മിസൈലുകൾ നൽകാനുള്ള നീക്കവുമായി അമേരിക്കൻ പ്രസിഡന്റ്‌ ജോ ബൈഡൻ രംഗത്തുവന്നു. 300 കിലോമീറ്റർ വരെ ദൂരപരിധിയുള്ള ആർമി ടാക്‌റ്റിക്കൽ മിസൈൽ സിസ്റ്റം (എടിഎസിഎംഎസ്‌) മിസൈലുകളാണ്‌ ലഭിക്കുക. ഈ ആഴ്ച വാഷിങ്‌ടൺ സന്ദർശിച്ച യുക്രെയ്ൻ പ്രസിഡന്റ് വ്ലോദിമിർ സെലൻസ്‌കി ദീർഘദൂര മിസൈലുകൾ നൽകണമെന്ന് അഭ്യർഥിച്ചിരുന്നു. ഫ്രാൻസും ബ്രിട്ടനും ആയുധങ്ങൾ നൽകിയിട്ടുണ്ട്.

English Summary: Ukraine claims responsibility for attack.