ദേശീയ ടീമിലേക്ക് ഇന്ത്യൻ സൂപ്പർലീഗ് ക്ലബ്ബുകൾ കളിക്കാരെ വിട്ടുനൽകാത്തതിനെതിരെ തുറന്നടിച്ച് ഇന്ത്യൻ ഫുട്‌ബോളിലെ സൂപ്പർ താരവും ടീം നായകനുമായ സുനിൽ ഛേത്രി. ക്ലബുകൾ താരങ്ങളെ വിട്ടു നൽകാത്തതിനാൽ ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ ടീമിന്റെ പങ്കാളിത്തം പ്രശ്‌നത്തിലാണ്. നാലു തവണയാണ് ടീമിനെ പ്രഖ്യാപിച്ചത്. കായിക മന്ത്രാലയത്തിന്റെ അന്തിമ പട്ടികയിൽ ക്ലബ്ബുകൾ വിട്ടുനൽകില്ലെന്ന് പ്രഖ്യാപിച്ച കളിക്കാരുമുണ്ട്. ഇന്ത്യൻ ടീം ചൈനയിലേക്ക് പുറപ്പെടാൻ രണ്ടു ദിവസം ബാക്കി നിൽക്കുമ്പോഴും പ്രശ്‌നം പരിഹരിക്കാനായിട്ടില്ല. കളികാരുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാനോ ഫുട്‌ബോൾ അസോസിയേഷനും കഴിഞ്ഞിട്ടില്ല. കോച്ച് ഇഗർ സ്‌റ്റിമച്ച് ടീമിനൊപ്പം പോകുമെന്നും എന്നാൽ നിലവിലെ സാഹചര്യത്തിൽ വിട്ട് നിൽക്കുമെന്നും വാർത്തയുണ്ട്. 19ന് ചൈനയുമായാണ് ഇന്ത്യയുടെ ആദ്യകളി.
ബെംഗളൂരു എഫ്‌സി മാനേജ്‌മെന്റ് ഛേത്രിയെ വിടില്ലെന്ന് വാശിപിടിച്ചിരുന്നു. എന്നാൽ, ഇന്ത്യൻ ടീമിനായി കളിക്കണമെന്നാണ് ആഗ്രഹമെന്ന് മുപ്പത്തൊമ്പതുകാരൻ മാനേജ്‌മെന്റിനെ അറിയിച്ചു. ഒടുവിൽ ക്ലബ് സമ്മതം മൂളി. പതിനെട്ട് വർഷമായി ഇന്ത്യൻ ഫുട്‌ബോളിന്റെ മുഖമായ ഛേത്രി രാജ്യമാണോ ക്ലബ്ബാണോ വലുത് എന്ന ചോദ്യത്തിന്‌ദേശീയ ടീം എന്ന മറുപടി നൽകി മാതൃക സൃഷ്ടിച്ചു..
ഇപ്പോൾ ആരെയും കുറ്റപ്പെടുത്താനില്ല. അത് പിന്നീടാകാം. ബെംഗളുരു എഫ്‌സിയുടെ പരിശീലകൻ ഞാൻ പോകുന്നതിൽ സന്തുഷ്ടനല്ല. പക്ഷെ രാജ്യത്തിന്റെ വിളി വന്നാൽ പറ്റില്ലെന്ന് ഒരുകാലത്തും പറയില്ല. അതിനേക്കാൾ വലുതല്ല മറ്റൊന്നും. ഈ ടീമിലെ പലരുമായും ഒരുമിച്ച് കളിച്ചിട്ടേയില്ല. അത് എത്രത്തോളം ബാധിക്കുമെന്നറിയില്ല. ഏഷ്യൻ ഗെയിംസിന് മോശം പ്രകടനം നടത്തുന്നത് ആലോചിക്കാനാകില്ല. ഏറ്റവും നല്ല ടീമുമായി ചൈനയിലേക്ക് പോകണമെന്നാണ് ആഗ്രഹം. ഓരോ ക്ലബ്ബും രണ്ട് കളിക്കാരെയെങ്കിലും വിട്ടുനൽകണം. എളുപ്പമല്ല അതെന്നറിയാം. പക്ഷേ കുറച്ചുദിവസത്തേക്ക് ആ നഷ്ടം സഹിച്ചേ മതിയാകൂ. ഒന്നിച്ച് കളിച്ച് പരിചയമുള്ളവരല്ല ഇപ്പോഴുള്ള ടീമിൽ. നിലവിൽ ചൈനയിൽ പരിശീലന ക്യാമ്പിലായിരുന്നു എല്ലാവരും വേണ്ടത്.
കളത്തിൽ അവസാന നിമിഷംവരെ വിയർപ്പൊഴുക്കാൻ ഞാൻ തയ്യാറാണ്. പക്ഷെ അതിൽ എത്ര കാര്യമുണ്ടാകുമെന്ന് അറിയില്ല. ഇന്ത്യൻ ഫുട്‌ബോൾ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു തയ്യാറെടുപ്പുമില്ലാതെ ഇത്രയും വലിയ ടൂർണമെന്റിന് പോകുന്നത്. ഇത് നല്ല മാതൃകയല്ല എന്നും ഛേത്രി തുറന്ന് പറഞ്ഞു.