പരിശീലനപ്പറക്കലിനിടെ ഹെലികോപ്റ്റര്‍ കടലില്‍ തകര്‍ന്നുവീണു; പൈലറ്റുമാർക്കായി തെരച്ചിൽ

വ്യാഴാഴ്ച രാത്രി 8.30നായിരുന്നു അപകടത്തെപ്പറ്റിയുള്ള വിവരം അധികൃതർക്ക് ലഭിക്കുന്നത്.

0
409

അബുദബി: പരിശീലനപ്പറക്കലിനിടെ ഹെലികോപ്റ്റര്‍ കടലില്‍ തകര്‍ന്നുവീണു. ദുബായ് അൽ മക്തൂം രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ഹെലികോപ്റ്ററാണ് കടലിൽ തകർന്നുവീണത്. വ്യാഴാഴ്ച രാത്രി എട്ടിനും എട്ട് പത്തിനുമിടയിലാണ് അപകടമെന്നാണ് റിപ്പോർട്ടുകൾ. പൈലറ്റുമാർക്കായി തെരച്ചിൽ നടത്തുന്നു. രണ്ട് പൈലറ്റുമാരുമായി രാത്രി പരിശീലന യാത്രയ്ക്കിടെയാണ് വിമാനം തകർന്ന് വീണതെന്ന് ‘ഗൾഫ് ന്യൂസ്’ റിപ്പോർട്ട് ചെയ്തു.

വ്യാഴാഴ്ച രാത്രി 8.30നായിരുന്നു അപകടത്തെപ്പറ്റിയുള്ള വിവരം അധികൃതർക്ക് ലഭിക്കുന്നത്. ഈജിപ്ഷ്യൻ, ദക്ഷിണാഫ്രിക്കൻ പൗരന്മാരായ പൈലറ്റുമാരാണ് വിമാനത്തിലുണ്ടായിരുന്നത്. രാത്രി പരിശീലന യാത്രയ്ക്കിടെ എ6-എഎൽഡി റജിസ്‌ട്രേഷനുള്ള എയ്‌റോഗൾഫിന്റെ ഉടമസ്ഥതയിലുള്ള ‘ബെൽ 212’ ഹെലികോപ്റ്റർ ആണ് കടലിൽ വീണത്. ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയിലെ (ജിസിഎഎ) എയർ ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ സെക്ടറിനാണ് അപകടവിവരം ലഭിച്ചത്.

തുടർന്ന് നടത്തിയ തെരച്ചിലിൽ ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങൾ കണ്ടെടുത്തു. പൈലറ്റുമാർക്ക് വേണ്ടി സെർച്ച് ആൻഡ് റെസ്‌ക്യൂ സംഘം തെരച്ചിൽ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ പ്രാഥമിക അന്വേഷണം തുടങ്ങിയിട്ടുണ്ട്.