ഭരണഘടനയില്‍ നിന്ന് ഇന്ത്യ എന്ന വാക്ക് ഒഴിവാക്കാന്‍ നീക്കം; ദ്രൗപദി മുർമുവിന്റെ കത്തിൽ ‘പ്രസിഡന്റ് ഓഫ് ഭാരത്‌’

0
226

ഭരണഘടനയില്‍ നിന്ന് ഇന്ത്യ എന്ന വാക്ക് ഒഴിവാക്കാന്‍ നീക്കം. പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ ബില്‍ അവതരിപ്പിച്ചേക്കുമെന്നാണ് സൂചന. ജി20 ഉച്ചകോടിയൽ പങ്കെടുക്കുന്ന രാഷ്ട്രത്തലവന്മാർക്കുള്ള ഔദ്യോഗിക ക്ഷണത്തിൽ ‘ഇന്ത്യൻ രാഷ്ട്രപതി’ എന്നതിനു പകരം ‘പ്രസിഡന്റ് ഓഫ് ഭാരത്‌’ എന്നു രേഖപ്പെടുത്തിയതോടെയാണ് അഭ്യൂഹം പടർന്നത്.

സെപ്റ്റംബർ 9നു നടക്കുന്ന അത്താഴവിരുന്നിലേക്കു ജി20 നേതാക്കളെയും മുഖ്യമന്ത്രിമാരെയും ക്ഷണിച്ചുകൊണ്ടുള്ള കത്തിലാണ് രാഷ്ട്രപതി ദ്രൗപദി മുർമു ഇപ്രകാരം രേഖപ്പെടുത്തിയത്. ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ശരിയെങ്കില്‍ ഇന്ത്യക്ക് നേരേയുള്ള കയ്യേറ്റമാണെന്ന് കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേഷ് എക്‌സില്‍ കുറിച്ചു. യൂണിയന്‍ ഓഫ് സ്റ്റേറ്റ്‌സ് എന്നത് കയ്യേറ്റ ഭീഷണിയിലാണെന്ന് ജയ്‌റാം രമേഷ് എക്‌സില്‍ കുറിച്ചു.

ഒരു ഔദ്യോഗിക പരിപാടിയിൽ ആദ്യമായാണ് ഇത്തരത്തിൽ പേരുമാറ്റമെന്ന് അധികൃതർ വ്യക്തമാക്കുന്നു. ‘ഭാരത്’ എന്ന പദം ഭരണഘടനയിലും ഉണ്ടെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. ‘‘ഇന്ത്യ, അതായത് ഭാരത്, സംസ്ഥാനങ്ങളുടെ ഒരു യൂണിയനായിരിക്കും’’ എന്നാണ് ആർട്ടിക്കിൾ 1ൽ പറയുന്നത്. ‘ഭാരത്, ജനാധിപത്യത്തിന്റെ മാതാവ്’’ എന്ന പേരിൽ വിദേശ പ്രതിനിധികൾക്ക് കൈമാറിയ ജി20 ബുക്ക്‌ലെറ്റിലും ‘ഭാരത്’ ഉപയോഗിച്ചിട്ടുണ്ട്.

അടിമത്വത്തിന്റെ ചിന്താഗതിയില്‍ നിന്നും പൂര്‍ണമായും പുറത്തുകടക്കാനാണ് ഇന്ത്യ എന്ന വാക്ക് ഒഴിവാക്കുന്നതെന്നാണ് അനൗദ്യോഗിക വിശദീകരണം. നേരത്തെ ആര്‍ എസ് എസ് മേധാവി മോഹന്‍ ഭാഗവതും ഇന്ത്യ എന്ന പേര് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.