പുതുപ്പള്ളി: ബിജെപി കോൺഗ്രസിന് വോട്ട് മറിക്കുമെന്ന് ഫോർത്ത് സർവേ

0
14233

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ബിജെപി കോൺഗ്രസിന് വോട്ട് മറിക്കുമെന്ന് ദ ഫോർത്ത് സർവേ. സർവേക്കണക്ക് അനുസരിച്ച് ബിജെപിക്ക് കെട്ടിവെച്ച കാശ് പോലും കിട്ടില്ലെന്നും ഉറപ്പായി. കഴിഞ്ഞ ദിവസമാണ് ഫോർത്ത് എന്ന ഓൺലൈൻ മാധ്യമം സർവേ കണക്ക് പുറത്തുവിട്ടത്. കോൺഗ്രസ് സ്ഥാനാർഥി ചാണ്ടി ഉമ്മനെ ജയിപ്പിക്കാൻ കണ്ടുപിടിച്ച കണക്കുകൾ അവതരിപ്പിച്ച സർവേയിൽ ബിജെപി സ്ഥാനാർഥി ലിജിൻ ലാലിന് ലഭിച്ചേക്കാവുന്ന വോട്ടിന്റെ കൃത്യം എണ്ണം വരെയുണ്ട്. 4991 വോട്ട് മാത്രമേ ബിജെപിക്ക് പുതുപ്പള്ളിയിൽ ലഭിക്കുകയുള്ളുവെന്നാണ് സർവേ പ്രവചനം. അങ്ങനെ വരുമ്പോൾ ബിജെപിയുടെ സ്വന്തം വോട്ടുകൾ എവിടെ എന്ന ചോദ്യം പ്രസക്തമാണ്. ഇതനുസരിച്ച് ബാക്കി വരുന്ന വോട്ടുകൾ ബിജെപി കോൺഗ്രസിന് മറിച്ചുവിൽക്കും എന്നാണ് സർവേ വ്യക്തമാക്കുന്നത്. അതായത് 2011ൽ ബിജെപി നേടിയ വോട്ട് പോലും കിട്ടില്ലെന്ന്‌ സാരം. അനുദിനം വളർച്ചയുടെ പടവിൽ ആണെന്ന് പറയുന്ന ബിജെപിക്ക് 13 വർഷം പിന്നിടുമ്പോൾ 1668 വോട്ട് കുറയും എന്നാണ് ഫോർത്തിന്റെ സർവേ പ്രവചനം.

ഇനി കണക്കുകളിലേക്ക് വരാം. നിലവിൽ ബിജെപിക്ക് പുതുപ്പള്ളിയിൽ 11,694 വോട്ടുകൾ ഉണ്ടെന്നാണ് കണക്കുകൾ. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി എൻ ഹരി ആകെ പോൾ ചെയ്തതിൽ 8.87 ശതമാനം വോട്ട് നേടി. അതായത് 11,694 വോട്ട്. വോട്ടിംഗ് വിഹിതത്തിൽ 3.06 ശതമാനത്തിന്റെ ഇടിവാണ് ബിജെപിക്ക് ഉണ്ടായത്. എന്നിട്ടും 11,694 വോട്ട് നേടി. ബിജെപിയുടെ കണക്കനുസരിച്ച് ഇക്കുറി ലിജിൻ ലാലിന് ഈ വോട്ട് കിട്ടേണ്ടതുമാണ്. എന്നാൽ, ഫോർത്തിന്റെ സർവേ അനുസരിച്ച് 4991 വോട്ട് മാത്രമേ ഇക്കുറി കിട്ടൂ. അപ്പോൾ ബാക്കി വരുന്ന 6703 വോട്ട് എങ്ങോട്ട് പോകും?

ഫോർത്തിന്റെ സർവേ അനുസരിച്ച് എൽ ഡി എഫ് സ്ഥാനാർഥി ജെയ്ക്ക് സി തോമസിന് ഏകദേശം നിലവിലെ വോട്ട് തന്നെ ലഭിക്കും. എന്നാൽ, ചാണ്ടി ഉമ്മന് ലഭിക്കുന്ന വോട്ടിൽ വലിയ വർധന ഉണ്ടാകും എന്നാണ് പറയുന്നത്. അങ്ങനെയാകുമ്പോൾ ബിജെപി കോൺഗ്രസിന് വോട്ട് മറിച്ചുകൊടുക്കും എന്നുതന്നെയല്ലേ ഫോർത്ത് സർവേയിൽ പറയുന്നത്.
ഇനി മറ്റുചില കണക്കുകൾ. 2011ൽ ആകെ 117035 വോട്ട് പോൾ ചെയ്തപ്പോൾ ബിജെപി സ്ഥാനാർഥി പി സുനിൽകുമാറിന് 6679 വോട്ട് ലഭിച്ചു. 5.7 ശതമാനം വോട്ട്.

2016 ലെ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ മുതിർന്ന നേതാവ് ജോർജ് കുര്യൻ നേടിയത് 15,993 വോട്ട്. 6.22 ശതമാനം വോട്ട് വർധിപ്പിച്ചു. മുൻ തെരഞ്ഞെടുപ്പിൽ നിന്ന് 9314 വോട്ടിന്റെ വർധന. 1,34,034 പേർ വോട്ട് രേഖപ്പെടുത്തിയപ്പോൾ 11.93 ശതമാനം വോട്ട് വിഹിതം ബിജെപിക്ക് ലഭിച്ചു.
2021 ആയപ്പോൾ ബിജെപി സ്ഥാനാർഥി എൻ ഹരിക്ക് കിട്ടിയത് 11,694 വോട്ട്. മൊത്തം വോട്ട് വിഹിതത്തിൽ 3.06 ശതമാനത്തിന്റെ ഇടിവ്. ആകെ പോൾ ചെയ്ത 1,31,797 വോട്ടിൽ 8.87 ശതമാനം വോട്ടാണ് കിട്ടിയത്. 2016, 2021 തെരഞ്ഞെടുപ്പുകളിൽ 77.36 ശതമാനമായിരുന്നു പോളിംഗ്.
കണക്കുകൾ ഇതായിരിക്കെ ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക് കെട്ടി വെച്ച കാശ് കിട്ടില്ലെന്ന്‌ മാത്രമല്ല, ഉള്ള വോട്ടും പോകുമെന്നാണ് ഫോർത്ത് സർവേ പ്രവചിക്കുന്നത്. ബിജെപിക്ക് കിട്ടുന്ന വോട്ട് വളരെ കൃത്യമായി സർവേ പറയുന്നു എന്നതാണ് മറ്റൊരു തമാശ- 4991 വോട്ട്. അപ്പോൾ രണ്ടര വർഷം മുമ്പ് കിട്ടിയ 11,694ൽ ബാക്കി 6703 വോട്ട് മറിക്കും എന്നതും ഉറപ്പായി. സർവേ പ്രവചനത്തിലെ കണക്കനുസരിച്ച് ഈ വോട്ടുകൾ ചാണ്ടി ഉമ്മന് മറിച്ചുകൊടുക്കും എന്നും.

ഫോർത്തിന്റെ കണക്കുകൾ പരിശോധിച്ചാൽ ആരുടേയും തല പെരുക്കും എന്നതിൽ ഒരു സംശയവുമില്ല. അതിന് ഒരു സർവേയുടെയും ആവശ്യവും വേണ്ടി വരില്ല. ശതമാനവും കിട്ടിയ എണ്ണവും ഒക്കെ വെച്ച് കോൺഗ്രസിനെ പൊക്കിയടിച്ചിട്ടുണ്ട്. എന്നാൽ, മണ്ഡലത്തിന്റെ പൊതുരാഷ്ട്രീയവും ചർച്ചയും പരിഗണിച്ചിട്ടുമില്ല. 0.07 ശതമാനം വോട്ടർമാരെ മാത്രം കണ്ടാണ് ഈ സർവേ എന്നത് മറ്റൊരു തമാശ.
കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ 120 സീറ്റ് നേടി ബിജെപി അധികാരത്തിൽ തിരിച്ചുവരും എന്ന് ‘പ്രവചിച്ച’ ഏജൻസിയാണ് പുതുപ്പള്ളിയിൽ കോൺഗ്രസിന് കൈത്താങ്ങ് ആകുന്നത് എന്നത് വേറൊരു തമാശ.

യുഡിഎഫിന് അത്ര വലിയ ഭൂരിപക്ഷമുള്ള മണ്ഡലമാണ് പുതുപ്പള്ളിയെന്ന് തെരഞ്ഞെടുപ്പ് കണക്കുകൾ പറയുന്നില്ല. 2011 മുതൽ ഇങ്ങോട്ട് പുതപ്പള്ളി മണ്ഡലത്തിലെ വോട്ടിങ് നില പരിശോധിച്ചാൽ തന്നെ ഇക്കാര്യം വ്യക്തമാകും. സാക്ഷാൽ ഉമ്മൻ‌ചാണ്ടി ഇടതടവില്ലാതെ മത്സരിച്ചിട്ടും ഓരോ തെരഞ്ഞെടുപ്പിലും വോട്ടിങ് ശതമാനവും ഭൂരിപക്ഷവും കുത്തനെ കുറയുകയാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടി വിജയിച്ചത് 9044 വോട്ടിനാണ്. 2011ൽ ഉമ്മൻചാണ്ടിയുടെ ഭൂരിപക്ഷം 33,255 ആയിരുന്നു. ഉമ്മൻചാണ്ടിക്ക് ലഭിച്ചത് 69,992 വോട്ട്. ആകെ പോൾ ചെയ്ത വോട്ടിന്റെ 59.74 ശതമാനം. അന്ന് ഇടതുമുന്നണി സ്ഥാനാർഥി സുജ സൂസൻ ജോർജ് 36667 വോട്ട് നേടി. 31.33 ശതമാനം വോട്ട് എൽഡിഎഫിന് ലഭിച്ചു.

2016 ൽ ഉമ്മൻചാണ്ടിയുടെ ഭൂരിപക്ഷം 27,092 ആയി കുറഞ്ഞു. വോട്ടിങ് ശതമാനത്തിലും വലിയ ഇടിവുണ്ടായി. 59.74 ശതമാനത്തിൽനിന്നും 53.42 ശതമാനം വോട്ടായി കുറഞ്ഞു. 6.32 ശതമാനത്തിന്റെ ഇടിവ്. എൽഡിഎഫിന്റെ വോട്ടാകട്ടെ 1.87 ശതമാനത്തിന്റെ വർധനയുണ്ടായി. ഉമ്മൻ‌ചാണ്ടി 71597 വോട്ട് നേടിയപ്പോൾ 44505 വോട്ടായി നില മെച്ചപ്പെടുത്താൻ ഇടതുമുന്നണിയുടെ ജെയ്ക് സി തോമസിന് കഴിഞ്ഞു.
2021ൽ ഉമ്മൻചാണ്ടി വിജയിച്ചത് 9044 വോട്ടിനാണ്. ഈ തെരഞ്ഞെടുപ്പിലും യുഡിഎഫിന് നല്ല തിരിച്ചടി നേരിടേണ്ടിവന്നു. 53.42 ശതമാനത്തിൽനിന്നും 48.08 ശതമാനമായി വോട്ട് വിഹിതം കുത്തനെ താഴ്ന്നു. 5.34 ശതമാനത്തിന്റെ ഇടിവ്. 633372 വോട്ടായി ഉമ്മൻചാണ്ടിക്ക് ലഭിച്ചത്. ഇടതുമുന്നണിക്കാകട്ടെ വോട്ടിങ് വിഹിതത്തിൽ വലിയ വർധന ഉണ്ടായി. 33.20 ൽ നിന്നും വോട്ട് വിഹിതം 41.22 ശതമാനമായി ഉയർത്താൻ ജെയ്ക്ക് സി തോമസിന് സാധിച്ചു. 8.02 ശതമാനം വോട്ട് വർധിപ്പിച്ച് 54328 എന്ന നിലയിലേക്ക് എൽഡിഎഫിന് നല്ല മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞു എന്നതാണ് പുതുപ്പള്ളിയിലെ രാഷ്ട്രീയമാറ്റം.

ഈ സാഹചര്യങ്ങൾ നിലനിൽക്കുമ്പോഴാണ് ‘ഞെട്ടിക്കൽ സർവേയുമായി’ ഫോർത്ത് രംഗത്തുവരുന്നത്. മണ്ഡലത്തിൽ നിന്നും കടന്നുകൂടാൻ ‘മറ്റു ചില സഹായങ്ങൾ’ വേണ്ടിവരുമെന്ന് കോൺഗ്രസ് നേതൃത്വം തന്നെ രഹസ്യമായി സമ്മതിക്കുമ്പോഴാണ് ബിജെപി വോട്ട് മറിച്ചുകൊടുക്കുമെന്ന പരോക്ഷ സൂചനയുമായി സർവേയും പുറത്തുവരുന്നത്.