തദ്ദേശ ഉപതെരഞ്ഞടുപ്പ്; തെന്മല ഒറ്റക്കൽ, തലവടി കോടമ്പനാടി വാർഡുകൾ വാർഡ് എൽഡിഎഫ് പിടിച്ചെടുത്തു, മാടക്കത്തറ പഞ്ചായത്തിലെ താണികുടം നിലനിർത്തി

0
172

സംസ്ഥാനത്തെ 17 തദ്ദേശ വാര്‍ഡുകളിൽ നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. ഫലം പുറത്തുവന്ന മൂന്നിടങ്ങളിൽ എൽ ഡി എഫ് സ്ഥാനാർത്ഥികൾ വിജയിച്ചു. കൊല്ലം ജില്ലയിൽ തെന്മല പഞ്ചായത്തിലെ അഞ്ചാം വാർഡായ ഒറ്റക്കൽ, ആലപ്പുഴ ജില്ലയിലെ തലവടി കോടമ്പനാടി വാർഡുകൾ വാർഡ് എൽഡിഎഫ് പിടിച്ചെടുത്തു. തൃശൂർ ജില്ലയിലെ മണ്ണുത്തി മാടക്കത്തറ പഞ്ചായത്തിലെ താണികുടം 15-ാം വാർഡിൽ എൽഡിഎഫ് സ്ഥാനാർഥി സിപിഐയിലെ മിഥുൻ തീയത്തുപറമ്പിലിന് ഉജ്വല വിജയം.

തെന്മല പഞ്ചായത്തിലെ അഞ്ചാം വാർഡായ ഒറ്റക്കൽ എൽഡിഎഫ് യുഡിഎഫിൽനിന്ന് പിടിച്ചെടുത്തു. എൽഡിഎഫ്‌ സ്ഥാനാർഥി എസ് അനുപമയാണ് വിജയിച്ചത്. 34 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കോൺഗ്രസായിൽ നിന്നും എൽഡിഎഫ് വാർഡ് പിടിച്ചെടുത്തത്. യുഡിഎഫ് അംഗമായിരുന്ന ചന്ദ്രിക സെബാസ്റ്റ്യന്റെ നിര്യാണത്തെതുടർന്നാണ്‌ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. അനുപമയ്ക്ക് 561 വോട്ടും ബിജിലി ജെയിംസിന് 527 വോട്ടും ലഭിച്ചു. ബിജെപി സ്ഥാനാർഥിയായി ആശാംബികയും മത്സരിച്ചിരുന്നു. പതിനഞ്ച് പഞ്ചായത്ത് വാര്‍ഡിലേക്കും രണ്ട് ബ്ലോക്ക് ഡിവിഷനിലേക്കുമായിരുന്നു തെരഞ്ഞെടുപ്പ്.

ആലപ്പുഴ ജില്ലയിലെ തലവടി പഞ്ചായത്തിൽ യുഡിഎഫ് സിറ്റിം​ഗ് സീറ്റായ കോടമ്പനാടി വാർഡും എൽഡിഎഫ് പിടിച്ചെടുത്തു. എൽഡിഎഫ് സ്ഥാനാർത്ഥി എൻ പി രാജൻ 197 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയച്ചത്. പഞ്ചായത്ത് അംഗമായിരുന്ന കോൺഗ്രസിലെ കെ ടി വിശാഖ് വിദേശത്ത് പോയതിനെതുടർന്ന് സ്ഥിരമായി പഞ്ചായത്ത് കമ്മറ്റികളിൽ പങ്കെടുക്കാത്തതിനാൽ തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യനാക്കുകയായിരുന്നു. ഇതേതുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഇവിടെ പഞ്ചായത്ത് എൽഡിഎഫാണ് ഭരിക്കുന്നത്.

തൃശൂർ ജില്ലയിലെ മാടക്കത്തറ താണിക്കുടം വാർഡിൽ എൽഡിഎഫിന് ഉജ്വല ഭൂരിപക്ഷത്തിന് നിലനിർത്തി. യുഡിഎഫ് സ്ഥാനാർഥി പി എൻ രാധാകൃഷ്ണനെ 652 വോട്ടിന് പരാജയപ്പെടുത്തിയാണ് എൽഡിഎഫ് സ്ഥാനാർഥി സിപിഐയിലെ മിഥുൻ തീയത്തുപറമ്പിൽ വിജയിച്ചത്. എൽഡിഎഫ് സ്ഥാനാർത്ഥി അംഗം സേതു താണികുടം സർക്കാർ ജോലി ലഭിച്ചതിനാൽ രാജിവെച്ചതിനെത്തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. കഴിഞ്ഞതവണ 306 ആയിരുന്നു ഭൂരിപക്ഷം. എൻഡിഎ സ്ഥാനാർത്ഥിയായി രാഹുൽ കുറുമാം പുഴ മൽസരിച്ചിരുന്നു. മാടക്കത്തറ പഞ്ചായത്തിൽ എൽഡിഎഫ്- 13, ബിജെപി- രണ്ട്‌, യുഡിഎഫ്- ഒന്ന് എന്നിങ്ങനെയാണ്‌ കക്ഷിനില.