ഇക്വഡോറിൽ പ്രസിഡന്റ്‌ സ്ഥാനാർത്ഥിയെ വെടിവെച്ച് കൊന്നു

0
227

ക്വിറ്റോ: പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇക്വഡോറില്‍ സ്ഥാനാര്‍ത്ഥിയെ വെടിവെച്ച് കൊന്നു. ദേശീയ അസംബ്ലി അംഗമായ ഫെർണാണ്ടോ വില്ലവിസെൻസിയോയാണ് ബുധനാഴ്ച കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്റെ തലയ്ക്കാണ് വെടിയേറ്റത്. ക്വില്‍റ്റോയില്‍ തെരഞ്ഞെടുപ്പ് പ്രചരണം പുരോ​ഗമിക്കവെയാണ് സംഭവം.

റാലിക്കു പിന്നാലെ കാറിലേക്ക് കയറുമ്പോഴാണ് വെടിവെപ്പുണ്ടായത്. ഫെർണാണ്ടോയ്ക്ക് മൂന്ന് തവണ വെടിയേറ്റതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അക്രമിയെ സുരക്ഷാ സംഘം വെടിവെച്ച് വീഴ്ത്തി. സംഭവത്തിൽ ഒൻപത് പേർക്ക് പരിക്കേറ്റു. ഇതിൽ ഒരു അസംബ്ലി തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥിയും രണ്ട് പോലീസുകാരും ഉൾപ്പെടുന്നു.

സംഭവത്തില്‍ കുറ്റവാളികള്‍ക്ക് ശിക്ഷ ഉറപ്പാക്കുമെന്ന് ഇക്വഡോര്‍ പ്രസിഡന്‍റ് ഗ്വില്ലര്‍മോ ലാസോ പ്രതികരിച്ചു. മറ്റു ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളെക്കാൾ താരതമ്യേന ക്രമസമാധാനം നിലനിന്നിരുന്ന രാജ്യമാണ് ഇക്വഡോർ. എന്നാൽ അടുത്ത കാലത്ത് വളർച്ച പ്രാപിച്ച മയക്കു മരുന്ന് മാഫിയകളും കുറ്റവാളികളുമാണ് ഇപ്പോൾ വെല്ലുവിളിയായിരിക്കുന്നത്.

രാജ്യത്ത് ആസൂത്രിത അക്രമങ്ങൾ വർദ്ധിച്ച സാഹചര്യത്തിൽ കഴിഞ്ഞ മാസം മൂന്ന് പ്രവിശ്യകളിൽ കർഫ്യൂവും അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചിരുന്നു. തനിക്ക് ലഹരി മാഫിയകളിൽ നിന്നും ഭീഷണിയുള്ളതായി കഴിഞ്ഞ ആഴ്ച ഫെർണാണ്ടോ വില്ലവിസെൻസിയോ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് കൊലപാതകം.

മാധ്യമ പ്രവർത്തകനും പരിസ്ഥിതി പ്രവർത്തകനുമായിരുന്ന വില്ലവിസെൻസിയോ കഴിഞ്ഞ കാലങ്ങളിലായി തന്റെ രാഷ്ട്രീയ പ്രവർത്തനങ്ങളിലൂടെ കുറ്റകൃത്യ സംഘടനകളും നിലവിലെ രാഷ്ട്രീയ കക്ഷികളും തമ്മിലുള്ള അവിശുദ്ധ ബന്ധങ്ങളെ വെളിച്ചത്ത് കൊണ്ടുവരാൻ ശ്രമിച്ചിരുന്നു.

അതേസമയം തലസ്ഥാന നഗരിയായ ക്വിറ്റോയിൽ നടത്തിയ തിരച്ചിലിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഈ വരുന്ന ഓഗസ്റ്റ് 20 ന് ഒന്നാംഘട്ട പ്രസിഡൻഷ്യൽ മത്സരം നടക്കാനിരിക്കെയാണ്‌ സംഭവം.