ഏക സിവിൽ കോഡിനെതിരെ പ്രമേയം പാസാക്കി കേരള നിയമസഭ. ഏക സിവിൽ കോഡിനെതിരെ പ്രമേയം പാസ്സാക്കുന്ന രാജ്യത്തെ ആദ്യ നിയമസഭയായി കേരളം. ഭരണഘടനയിലുള്ള സിവിൽ കോഡല്ല സംഘപരിവാറിന്റെ മനസിലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ഏക സിവില്‍ കോഡ് അടിച്ചേല്‍പ്പിക്കാനുള്ള ഏകപക്ഷീയവും ധൃതി പിടിച്ചുള്ളതുമായ കേന്ദ്ര സർക്കാർ നീക്കം ഭരണഘടനയുടെ മതനിരപേക്ഷ സ്വഭാവത്തെ ഇല്ലായ്മ ചെയ്യുന്നതാണെന്ന് കേരള നിയമസഭ അംഗീകരിച്ച പ്രമേയം ചൂണ്ടിക്കാട്ടി. ജനങ്ങളുടെ ഒരുമയെ ഛിദ്രീകരിക്കാനുള്ള വര്‍ഗ്ഗീയ നീക്കമാണ് ഏക സിവിൽ കോഡെന്നും രാഷ്ട്രത്തിന്റെ ഐക്യത്തിന് ഇത് ഹാനികരമാണെന്നും പ്രമേയം പറയുന്നു. രാജ്യത്തെ ജനങ്ങളെയാകെ ബാധിക്കുന്ന വിഷയങ്ങളില്‍ വിവിധ മതവിഭാഗങ്ങളുമായി ചര്‍ച്ച നടത്തി പൊതുസമീപനം ഉരുത്തിരിയുന്നതുവരെ, തിടുക്കത്തിലുള്ള നീക്കങ്ങളില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്തിരിയണമെന്ന് കേരള നിയമസഭ ഏകകണ്‌ഠേന ആവശ്യപ്പെട്ടു.
നേരത്തെ പൗരത്വ നിയമ ഭേദഗതിക്ക് എതിരെ പ്രമേയം പാസാക്കിയ ഇന്ത്യയിലെ ആദ്യത്തെ നിയമസഭയും കേരള നിയമസഭയായിരുന്നു. 2019 ഡിസംബറിലാണ് പൗരത്വ നിയമ ഭേദഗതിക്ക് എതിരെ കേരള നിയമസഭ ഏകകണ്‌ഠേന പ്രമേയം പാസാക്കിയത്.