ബിജെപി നേതാവായ മുൻ ഡിജിപി ജേക്കബ് തോമസിന് തിരിച്ചടി; ഡ്രഡ്ജർ അഴിമതിയിൽ കേസ് റദ്ദാക്കിയ ഉത്തരവിന് സുപ്രീം കോടതി സ്റ്റേ, അന്വേഷണം തുടരാം

0
40

ഡ്രഡ്ജര്‍ അഴിമതി കേസില്‍ ബിജെപി നേതാവായ മുന്‍ ഡിജിപി ജേക്കബ് തോമസിന് തിരിച്ചടി. ജേക്കബ് തോമസ് ഉള്‍പ്പെട്ട കേസ് റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. കേസില്‍ അന്വേഷണം തുടരാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. സംസ്ഥാന സർക്കാരിൻ്റെ ആവശ്യം അംഗീകരിച്ച ജസ്റ്റിസ് അഭയ് എസ് ഓകാ, സഞ്ജയ് കരോൾ എന്നിവരടങ്ങിയ ബെഞ്ച് വിജിലൻസിന്റെ അന്വേഷണം തുടരാൻ അനുമതി നൽകി. രണ്ട് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് വിജിലന്‍സിന് സുപ്രീംകോടതി നിര്‍ദേശം നല്‍കി. അന്വേഷണം പൂർത്തിയാക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്. കേസന്വേഷണം പൂര്‍ത്തിയാകുംവരെ ജേക്കബ് തോമസിനെ അറസ്റ്റ് ചെയ്യരുതെന്നും കോടതി നിർദ്ദേശിച്ചു.

ഡ്രഡ്ജര്‍ ഇടപാടുമായി ബന്ധപ്പെട്ട എല്ലാവരുടെയും പങ്ക് അന്വേഷിക്കണമെന്നും കോടതി ഉത്തരവിട്ടു. കേസ് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാര്‍ സുപ്രീം കോടതിയിൽ അപ്പീൽ നൽകുകയായിരുന്നു. തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ഡ്രഡ്ജര്‍ ഇറക്കുമതി ചെയ്തതിൽ ക്രമക്കേട് ആരോപിച്ച് 2019 ലാണ് ജേക്കബ് തോമസിനെതിരെ വിജിലൻസ് കേസെടുത്തത്. നെതർലാൻഡസ് കമ്പനിയിൽനിന്ന് ഡ്രഡ്ജർ വാങ്ങി സർക്കാരിന് 20 കോടി നഷ്ടം വരുത്തിയെന്നായിരുന്നു ജേക്കബ് തോമസിനെതിരായ അരോപണം.

ഹോളണ്ടിലെ കമ്പനിയിൽ നിന്നു ഡ്രഡ്ജര്‍ വാങ്ങിയതിന്റെ പല വിവരങ്ങളും സർക്കാരിൽ നിന്ന് മറച്ചുവച്ചെന്ന് അപ്പീലിൽ ആരോപിക്കുന്നു. ടെൻഡർ നടപടികളിൽ ജേക്കബ് തോമസിന് ഗുരുതരവീഴ്ച സംഭവിച്ചെന്നും അപ്പീലിൽ ആരോപണമുണ്ടായിരുന്നു. സർക്കാർ പ്രതിനിധികൾ കൂടി ഉൾപ്പെട്ട ഡിപ്പാർട്മെന്റ് പർച്ചേസ് കമ്മിറ്റിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഡ്രജർ വാങ്ങിയതെന്നും ജേക്കബ് തോമസിന്റെ പേരിൽ മാത്രം എടുത്ത കേസ് നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി കേസ് റദ്ദാക്കിയത്.

അഴിമതിയിൽ മറ്റ് ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു. അന്വേഷണം പൂർത്തിയാക്കാനാണ് അനുമതിയെന്നും എഫ്ഐആർ റദ്ദാക്കിയ ഹൈക്കോടതി നടപടി തെറ്റാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. അന്വേഷണം ജേക്കബ് തോമസിനെതിരായ വേട്ടയാടലാകുമെന്ന് ജേക്കബിന്റെ അഭിഭാഷകൻ വാദിച്ചു. സംസ്ഥാനത്തിനായി മുതിർന്ന അഭിഭാഷകൻ ഹരിൻ വി റാവൽ, സ്റ്റാൻഡിംഗ് കൗൺസൽ ഹർഷദ് വി ഹമീദ് എന്നിവർ ഹാജരായി.