തമിഴ്നാട്ടിൽ പത്തിലേറെ കൊലപാതകക്കേസുകളിൽ പ്രതികളായ രണ്ട് ഗുണ്ടകളെ പൊലീസ് വെടിവെച്ച് കൊന്നു. ചെന്നൈ താംബരത്തിനടുത്ത് ഗുടുവഞ്ചേരിൽ പുലർച്ചെ മൂന്നരയ്ക്കാണ് സംഭവമുണ്ടായത്. രമേശ് (35), ചോട്ടാ വിനോദ് (32) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്‍സ്‌പെക്ടര്‍ മുരുഗേശന്റെ നേതൃത്വത്തിലുള്ള സംഘമാണ് വെടിയുതിര്‍ത്തത്. പൊലീസ് നടത്തിയത് ഏറ്റുമുട്ടൽ കൊലപാതകമാണെന്ന ആരോപണം ഉയർന്നിട്ടുണ്ട്.
എന്നാൽ, വാഹനപരിശോധനക്കിടെ അതിവേഗതയിലെത്തിയ സ്കോഡ കാറിലുണ്ടായിരുന്ന നാലംഗ സംഘം തങ്ങളെ ആക്രമിച്ചുവെന്നും പ്രാണരക്ഷാർത്ഥം വെടിവെക്കുകയായിരുന്നുവെന്നുമാണ് പൊലീസ് പറഞ്ഞത്. വാഹനം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടതോടെ കാറിലുണ്ടായിരുന്നവർ വെട്ടുകത്തിയുമായി പുറത്തേക്കിറങ്ങി തങ്ങളെ ആക്രമിക്കുകയും നാടൻ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ പ്രാണരക്ഷാർത്ഥം വെടിവെക്കേണ്ടിവന്നുവെന്നുമാണ് പൊലീസ് പറയുന്നത്. കാറിലുണ്ടായിരുന്നവരിൽ രണ്ട് പേർ ഓടിരക്ഷപ്പെട്ടു.
കൊല്ലപ്പെട്ട വിനോദ് പതിനാറും രമേശ് പത്തും കൊലക്കേസുകളില്‍ പ്രതിയാണ്. വിനോദിനെതിരെ കൊലപാതക ശ്രമങ്ങളടക്കം 50ലേറെ കേസുകളുണ്ട്. രമേശിനെതിരെ 20ലേറെ കേസുകളുണ്ടെന്നുമാണ് വിവരം. വാഹനപരിശോധനക്കിടെ അതിവേഗതയിലെത്തിയ കാര്‍ ജീപ്പിലേക്ക് ഇടിച്ചുകയറ്റി പൊലീസുകാരനായ ശിവഗുരുനാഥന് ഇടതു കൈക്ക് പരിക്കേറ്റു. ഇയാളെ തലയ്‌ക്ക് അക്രമിക്കാന്‍ ശ്രമിക്കുമ്പോഴാണ് വെടിവയ്പ്പുണ്ടായതെന്നാണ് പോലീസ് പറയുന്നത്.