നേമത്ത് എൽഡിഎഫ് വോട്ട് എങ്ങോട്ടും പോകില്ല, ആവേശോജ്വലമായി ശിവൻകുട്ടിയുടെ പര്യടനം

0
79

നേമത്ത് എൽഡിഎഫ് ഒന്നാം സ്ഥാനത്ത് എത്തുമെന്നതിൽ യാതൊരു സംശയമില്ലെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി വി.ശിവൻകുട്ടി. രണ്ടും മൂന്നും സ്ഥാനങ്ങൾ ആർക്കെന്നത് മാത്രം നോക്കിയാൽ മതിയെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫ് വോട്ട് എങ്ങോട്ടും പോകില്ല. കെ. മുരളീധരൻ വരുന്നതുകൊണ്ട് പ്രചാരണ രീതി മാറ്റില്ലെന്നും ശിവൻകുട്ടി പറഞ്ഞു.

നേമത്ത് കഴിഞ്ഞ ഒരാഴ്ചകാലമായി പരമാവധി ആളുകളെ കാണാൻ ശ്രമിക്കുകയാണ്. അനുകൂലമായ പ്രതികരണമാണ് എല്ലായിടത്തു നിന്നും ഉണ്ടാകുന്നത്. ഇടതുമുന്നണിക്ക് നല്ല അന്തരീക്ഷമാണ് നിലവിലുള്ളത്. തുടർഭരണം വരണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നുണ്ട്. ഇതെല്ലാം അനുകൂലമായ കാര്യങ്ങളാണെന്നും വി.ശിവൻകുട്ടി പറഞ്ഞു.

നാടിന്റെ കാത്തിരിപ്പും കരുതലും തൊട്ടറിഞ്ഞതായിരുന്നു തിങ്കളാഴ്‌ച എൽഡിഎഫ്‌ സ്ഥാനാർഥി വി ശിവൻകുട്ടിയുടെ പര്യടനത്തിന്റെ ഭാഗമായ റോഡ്‌ ഷോ. കരമനയിലെ തുടക്കം മുതൽ അവസാനം പൂജപ്പുരവരെ പ്രകടമായ ആവേശവും സ്‌നേഹോഷ്‌മള സ്വീകരണവും ജനങ്ങളുടെ വിശ്വാസ പ്രകടനമായി. കോൺഗ്രസ്‌-ബിജെപി കൂട്ടുകച്ചവടത്തിൽ പരാജയപ്പെട്ട ഭൂതകാലമല്ല ഇനിയങ്ങോട്ട് എന്ന പ്രഖ്യാപനമായിരുന്നു.

തുറന്ന ജീപ്പിലായിരുന്നു പര്യടനം. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ എൽഡിഎഫ്‌ പ്രവർത്തകർ റാലിയുടെ ഭാഗമായി. നിരവധി ഇരുചക്ര വാഹനങ്ങളിൽ അവർ സ്ഥാനാർഥിയെ പിന്തുടർന്നു. എൽഡിഎഫ്‌ തിരിച്ചുവരുമെന്ന പ്രചാരണം പേറുന്ന നിരവധി ഓട്ടോറിക്ഷകളിൽ തൊഴിലാളികൾ അണിചേർന്നു. വാഹനപര്യടന ജാഥ കടന്നുപോകുന്ന വഴികളിലെല്ലാം ആവേശം ഒഴുകി. റോഡിനിരുവശവും തിങ്ങിനിറഞ്ഞവർ അഭിവാദ്യം ചെയ്‌ത്‌ തങ്ങളുടെ സ്നേഹം പ്രകടിപ്പിച്ചു. ചിലർ വാഹനവ്യൂഹം തടഞ്ഞ്‌ സ്ഥാനാർഥിയെ ഹാരമണിയിച്ചു.

നെടുങ്കാട്, -കാലടി, ചിറമുക്ക്, കുത്ത് കല്ലുംമൂട്, മണക്കാട് തൈക്കാവ് പള്ളി,- മുട്ടത്തറ, പരുത്തിക്കുഴി, പുത്തൻപള്ളി, അമ്പലത്തറ ജങ്‌ഷൻ, -തിരുവല്ലം, -വാഴമുട്ടം, പാച്ചല്ലൂർ ജങ്‌ഷൻ, വണ്ടിത്തടം, മേനിലം, – മധുപാലം,- മാടമ്പന, മേലാങ്കോട് ജങ്‌ഷൻ, പൊന്നുമംഗലം, – വെള്ളായണി ജങ്‌ഷൻ, പാപ്പനംകോട് ജങ്‌ഷൻ, -വെട്ടിക്കുഴി, തൃക്കണ്ണാപുരം, തിരുമല, പുന്നയ്ക്കാമുകൾ, മുടവൻമുകൾ എന്നിവിടങ്ങളിലൂടെയാണ്‌ റോഡ്‌ഷോ കടന്നുപോയത്‌.

കേരളമാകെ വാനോളം വികസന പ്രവർത്തനങ്ങൾ നടന്നപ്പോൾ വികസനമുറപ്പാക്കാൻ, നേമത്തെ പ്രതിനിധീകരിക്കാൻ അവിടത്തെ ജനപ്രതിനിധിക്ക് കഴിഞ്ഞില്ല. ഇതുമാറണമെന്നാണ്‌ ജനമാകെ ചിന്തിക്കുന്നത്‌. ഉയർന്ന മതേതര മൂല്യത്താലും നവോത്ഥാന ചിന്തകളാലും സമ്പന്നമായ ഭൂമിയിലാണ്‌ കഴിഞ്ഞ തവണ ഒരു കളങ്കമുണ്ടായത്‌. ആ കളങ്കം പിഴുതെറിഞ്ഞ്‌ നേമം ചുവപ്പിക്കാൻ നാട്‌ ഒന്നിച്ചിറങ്ങുകയാണ്‌. വറുതിയുടെ കാലത്തും പട്ടിണി കിടക്കേണ്ട അവസ്ഥ ഒഴിവാക്കുന്നതിൽ ഒരു സർക്കാർ നടത്തിയ ഇടപെടലുകളുടെ നന്ദിപ്രകടനം പുത്തൻപള്ളിപോലുള്ള പ്രദേശങ്ങളിലെ ജനങ്ങളിൽ ദൃശ്യമായി.