റിപ്പോർട്ടർ ടി വി ചാനലിന്റെ കൈമാറ്റം നിയമപരമല്ലാതെ, മുട്ടിൽ മരംകൊള്ള കേസിൽ ഇ ഡി അന്വേഷണം

0
230

റിപ്പോർട്ടർ ടി വി ചാനലിന്റെ കൈമാറ്റം നിയമപരമല്ലാതെയാണെന്ന് റിപ്പോർട്ട്. റിപ്പോര്‍ട്ടര്‍ ചാനലിന്‍റെ ഉടമസ്ഥാവകാശ കൈമാറ്റം സംബന്ധിച്ച് ആക്ഷേപങ്ങള്‍ക്ക് ബന്ധപ്പെട്ട കമ്പനി അധികൃതരില്‍ നിന്നും രജിസ്ട്രാര്‍ ഓഫ് കമ്പനീസ് വിവരങ്ങള്‍ തേടിയതായും റിപ്പോർട്ടുകൾ പുറത്തുവന്നു. പഴയ റിപ്പോര്‍ട്ടര്‍ ചാനലിന്‍റെ ടെലികാസ്റ്റിംഗ് ലൈസന്‍സ് ഇന്ത്യോ ഏഷ്യന്‍ ന്യൂസ് ചാനല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്നപേരിലാണ്. എന്നാല്‍ ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യപ്പെട്ട ശേഷം റിപ്പോര്‍ട്ടര്‍ എന്ന പേരില്‍ പുനഃസംപ്രേഷണം ആരംഭിച്ച ഈ കമ്പനിക്ക് ഇന്തോ-ഏഷ്യന്‍ ന്യൂസ് ചാനല്‍ പ്രൈവറ്റ് ലിമിറ്റഡ് ടെലികാസ്റ്റിംഗ് ലൈസന്‍സ് കൈമാറിയിട്ടുണ്ടോ എന്നത് സംബന്ധിച്ച് അവ്യക്തയുണ്ട്. ഇക്കാര്യങ്ങള്‍ വ്യക്തമാക്കാന്‍ പുതിയ ഉടമസ്ഥരോട് കോര്‍പറേറ്റ് മന്ത്രാലായം ആവശ്യപ്പെട്ടിട്ടുണ്ട്.

ടെലികാസ്റ്റിംഗ് ലൈസന്‍സ് ട്രാന്‍സ്ഫര്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഒരു അപേക്ഷയും നിലവിലെ റിപ്പോര്‍ട്ട് ചാനല്‍ കമ്പനിയുടെ അധികൃതര്‍ തന്നിട്ടില്ലെന്നു കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം അറിയിച്ചു. ചാനലുമായി ബന്ധപ്പെട്ട ഉടമസ്ഥാവകാശം കൈമാറിയതായാണ് രജിസ്ട്രാര്‍ ഓഫ് കമ്പനീസിനെ അറിയിച്ചിരിക്കുന്നത്. ഇതിന്റെ വിശദാംശങ്ങളും രേഖകളും കൈമാറാന്‍ രജിസ്ട്രാര്‍ ഓഫ് കമ്പനീസ് കമ്പനിക്ക് നിര്‍ദേശം നൽകി.
മുട്ടിൽ മരംകൊള്ളയുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടര്‍ ചാനല്‍ മേധാവികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ ഇ ഡി അന്വേഷണവും തുടങ്ങി. എട്ടുകോടി രൂപയുടെ ഈട്ടി അനധികൃതമായി വെട്ടിവിറ്റ മുട്ടില്‍ മരംകൊള്ള കേസിലാണ് ഉടമകൾ കള്ളപ്പണം വെളുപ്പിച്ചോയെന്ന് ഇ ഡി അന്വേഷിക്കുന്നത്. അന്വേഷണം നടന്നുവരുന്നതായി കേന്ദ്രമന്ത്രി റാവു ഇന്ദര്‍ജിത് സിംഗ് അറിയിച്ചു.

റിപ്പോർട്ടർ ടിവിയുടെ ഓഹരിക്കൈമാറ്റം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കെ സുധാകരൻ എംപി കേന്ദ്രസർക്കാരിന് പരാതി നൽകിയിരുന്നു. കെ സുധാകരന്റെ നക്ഷത്രചിഹ്നമുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് ഇ ഡി അന്വേഷണം അടക്കമുള്ള കാര്യങ്ങൾ തുടങ്ങിയതായി മന്ത്രാലയങ്ങൾ അറിയിച്ചത്.

ഇതിനുപുറമെ, ജീവനക്കാരുടെ ശമ്പളം, പിഎഫ് തുടങ്ങിയ ആനുകൂല്യങ്ങള്‍ സംബന്ധിച്ച പരാതിയില്‍ 137.50 ലക്ഷം രൂപ കുടിശിക വരുത്തിയതായി കേന്ദ്ര തൊഴില്‍ മന്ത്രാലയം കണ്ടെത്തി. കുടിശിക തിരിച്ചുപിടിക്കുന്നതിന് ഡിമാന്‍ഡ് നോട്ടീസ് നൽകുക, ബാങ്കുകള്‍ക്ക് നിരോധന ഉത്തരവ് നൽകുക, ജീവനക്കാരുടെ ശമ്പളം,പിഎഫ് എന്നിവ വിതരണം ചെയ്യുന്നതില്‍ വീഴ്ചവരുത്തിയ മുന്‍ എംഡി നികേഷ് കുമാറിനെ എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ലെന്ന് കാണിച്ച് ഷോക്കോസ് നോട്ടീസ് നല്‍കുക എന്നീ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

അഗസ്റ്റിൻ സഹോദരങ്ങൾ റിപ്പോർട്ടർ ടി വി ഏറ്റെടുത്തതിനുപിന്നാലെ റിപ്പോർട്ടർ ടിവിയിലെ മുൻ പ്രോഗ്രാം പ്രൊഡ്യൂസർ എം എസ് ബനേഷ് നികേഷ്കുമാറിനെ അതിരൂക്ഷമായി വിമർശിച്ച് തുറന്ന കത്ത് എഴുതിയിരുന്നു. വീണ്ടുമിതാ വിശുദ്ധന്‍റെ വെള്ളവേഷമിട്ട് ‘നികേഷും പീഠവും’… വീണ്ടും നിങ്ങള്‍ പാപികള്‍ക്ക് മാപ്പു നല്‍കുമോ എന്ന തലക്കെട്ടിലായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. ബനേഷ് അടക്കം നൂറുകണക്കിന് ജീവനക്കാരെ ശമ്പളം കൊടുത്ത വഞ്ചിച്ചുവെന്ന് പോസ്റ്റിൽ തുറന്നടിച്ചിരുന്നു.

എംവിആറിന്‍റെ മകനേ, നിങ്ങള്‍ ചവുട്ടിനില്‍ക്കുന്ന ‘റിപ്പോര്‍ട്ടറി’ന്‍റെ ചുവപ്പ് ഞങ്ങള്‍ തൊഴിലാളികളുടെ രക്തമാണ്. ഞാനടക്കമുള്ള നൂറുകണക്കിന് ജീവനക്കാരുടെ വര്‍ഷങ്ങള്‍ നീണ്ട അധ്വാനത്തിന് ശമ്പളം തരാതെ, രാവും പകലും പണിയെടുപ്പിച്ച്, പറ്റിച്ച്, വിശ്വാസവഞ്ചന നടത്തിക്കൊണ്ട്, ആ ജീവനക്കാരുടെ ബലിച്ചോരയില്‍ ചവുട്ടിനിന്നുകൊണ്ട് എം.വി നികേഷ് കുമാറും മുട്ടില്‍ മരംമുറി കേസിലെ പ്രതികളും ചേര്‍ന്ന് റിപ്പോര്‍ട്ടര്‍ ടിവി പുതിയ രീതിയില്‍ അവതരിപ്പിക്കുകയാണ്. കണ്ണൂരില്‍ നിന്നടക്കം ട്രെയിനി ജേണലിസ്റ്റുകളായി വന്ന് മാസങ്ങളോളം ജോലി ചെയ്തിട്ടും ശമ്പളം കിട്ടാതെ പറ്റിക്കപ്പെട്ട പെണ്‍കുട്ടികള്‍, മൂന്നുനേരം ഭക്ഷണം കഴിക്കാന്‍ പൈസയില്ലാതെ ഒരുനേരം മാത്രം ഭക്ഷണമാക്കി ചുരുക്കിയവര്‍ എന്നിങ്ങനെയായിരുന്നു ദൈർഘ്യമേറിയ പോസ്റ്റ്. മാധ്യമ സൈബർ ലോകത്ത് വലിയ ചർച്ചകൾക്ക് ബനേഷിന്റെ പോസ്റ്റ് വഴിയൊരുക്കിയിരുന്നു.