Wednesday
17 December 2025
30.8 C
Kerala
HomePoliticsകേരളത്തിൽ മാധ്യമ മാടമ്പിത്തരം ഉണ്ട്; സ്വന്തം കാര്യം വന്നപ്പോൾ കുറ്റസമ്മതവുമായി റിപ്പോര്‍ട്ടര്‍ ടിവി

കേരളത്തിൽ മാധ്യമ മാടമ്പിത്തരം ഉണ്ട്; സ്വന്തം കാര്യം വന്നപ്പോൾ കുറ്റസമ്മതവുമായി റിപ്പോര്‍ട്ടര്‍ ടിവി

കേരളത്തിൽ മാധ്യമ മാടമ്പിത്തരം ഉണ്ടെന്നു തുറന്നുസമ്മതിച്ച് റിപ്പോര്‍ട്ടര്‍ ടിവി. സ്വന്തം കാര്യം വന്നപ്പോഴാണ് കേരളത്തിൽ വലിയ തോതിലുള്ള മാധ്യമ മാടമ്പിത്തരം ഉണ്ടെന്ന് റിപ്പോർട്ടർ ടി വി തുറന്നു സമ്മതിച്ചത്. പ്രമാദമായ മുട്ടിൽ മരം കൊള്ള കേസുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ടി വി ഉടമകൾക്കെതിരെ മറ്റു ചാനലുകളിൽ നിരന്തരം വാർത്ത വന്നപ്പോഴാണ് റിപ്പോർട്ടറിന്റെ ഈ കുമ്പസാരം. മുട്ടില്‍ മരംമുറി കേസിലെ പ്രതികളുടെ നേതൃത്വത്തില്‍ റിപ്പോര്‍ട്ടര്‍ ടിവി റീ ലോഞ്ച് ചെയ്തപ്പോഴാണ് ചാനലുകൾ തമ്മിലുള്ള കൊമ്പു കോർക്കൽ സജീവമായത്. കേസിൽ പുതിയ വെളിപ്പെടുത്തൽ വന്നതോടെ കടുത്ത പ്രതിരോധത്തിലായി. റിപ്പോർട്ടർ ടി വി മറ്റു ചാനലുകൾക്കെതിരെ പരസ്യമായി രംഗത്തുവന്നു. ഇതിനു ചുക്കാൻ പിടിച്ചത് റിപ്പോർട്ടർ ടിവിയുടെ എഡിറ്റോറിയൽ ചുമതലയുള്ളവർ തന്നെയാണ്. മരം കൊള്ള വാർത്തകൾ സജീവമായപ്പോൾ ഇതിനെ പ്രതിരോധിച്ച് അരുൺകുമാർ അടക്കമുള്ളവർ തന്നെ മുന്നിട്ടിറങ്ങി. ഇതിനിടയിലാണ് കേരളത്തിൽ മാധ്യമ മാടമ്പിത്തരം ഉണ്ടെന്ന് റിപ്പോർട്ടർ തുറന്നുപറഞ്ഞത്.

മരം കൊള്ള കേസില്‍ നടന്നത് മാധ്യമ മാടമ്പിത്തരവും സിനിമാക്കാരന്റെ കള്ളപ്പണവും ആണെന്ന് വരെ റിപ്പോർട്ടർ വാർത്ത കൊടുത്തു. മുട്ടിൽ കേസിലേതിനേക്കാൾ മരങ്ങൾ വിവിധ ഇടങ്ങളിൽ മുറിച്ചിട്ടുണ്ടെന്നും അതിനു പിന്നില്‍ പ്രമുഖ മാധ്യമ സ്ഥാപനങ്ങളിലെ ഉന്നതരും സിനിമാക്കാരുമാണെന്നുമാണ് റിപ്പോർട്ടർ ടിവിയുടെ പ്രത്യേക അന്വേഷണ സംഘം ആരോപിക്കുന്നത്. റിപ്പോര്‍ട്ടറിന്റെ നടത്തിപ്പുകാരും, മുട്ടിൽ മരംകൊള്ള കേസിലെ പ്രതികളുമായ റിപ്പോര്‍ട്ടര്‍ ടിവി ചെയര്‍മാന്‍, മാനേജിങ് ഡയറക്ടര്‍, ഡയറക്ടര്‍ എന്നിവരെ ന്യായീകരിക്കുകയാണ് റിപ്പോർട്ടർ ടിവി വാർത്തകളിലൂടെ.

മുട്ടിൽ പ്രതികൾ മരം മുറിച്ചത് കാട്ടില്‍ നിന്നല്ലെന്ന് വനംവകുപ്പ് വ്യക്തമാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ടർ ടി വി ഇപ്പോൾ വാദിക്കുന്നത്. മരംമുറിച്ചത് വനത്തില്‍ നിന്നല്ലെന്ന നിലപാട് വനംവകുപ്പ് വയനാട് അഡി ജില്ലാ കോടതിയിലാണ് അറിയിച്ചതെന്നാണ് ഇപ്പോൾ അവർ പറയുന്നത്. എന്തായാലും സ്വന്തം കാര്യം വന്നപ്പോൾ പല സത്യങ്ങളും റിപ്പോർട്ടർ തന്നെ വിളിച്ചുപറയുന്നു.

2020 ഒക്ടോബർ 24ന് വനം വകുപ്പ് പുറത്തിറക്കിയ ഉത്തരവിന്റെ മറവില്‍ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ നടന്ന മരംമുറിയാണ് വിവാദമായത്. പട്ടയം ലഭിച്ച ഭൂമിയിലെ ചന്ദനം ഒഴികെയുള്ള മരങ്ങള്‍ മുറിക്കാമെന്ന ഉത്തരവിന്റെ മറവിലാണ് തേക്ക്, ഈട്ടി പോലുളള മരങ്ങള്‍ വ്യാപകമായി മുറിച്ചത്. മുട്ടിലില്‍ മാത്രം 15 കോടി രൂപയുടെ മരം മുറിച്ചതായാണ് ആക്ഷേപം. ഇതിന് ചില വനം വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ സഹായം ചെയ്തുവെന്നും ആരോപണമുണ്ടായിരുന്നു.

RELATED ARTICLES

Most Popular

Recent Comments