മധ്യപ്രദേശില്‍ ദളിത് യുവാവിന്റെ മുഖത്തും ദേഹത്തും മനുഷ്യ വിസര്‍ജ്യം പുരട്ടി

0
117

മധ്യപ്രദേശിലെ ഛത്തര്‍പൂര്‍ ജില്ലയില്‍ ദളിത് യുവാവിന്റെ മുഖത്തും ശരീരത്തിലും മനുഷ്യ വിസര്‍ജ്യം പുരട്ടിയതായി പരാതി. ജോലിക്കിടെ അബദ്ധത്തില്‍ മറ്റൊരാളുടെ ദേഹത്ത് ഗ്രീസുളള കൈകൊണ്ട് തൊട്ടതിനാണ് വിസര്‍ജ്യം പുരട്ടിയത്. യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിയെ കസ്റ്റഡിയിലെടുത്തതായി പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. അടുത്തിടെ മധ്യപ്രദേശിലെ സിദ്ധി ജില്ലയില്‍ ആദിവാസി യുവാവിന്റെ ദേഹത്ത് ഒരാള്‍ മൂത്രമൊഴിച്ച സംഭവം സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചത് ഏറെ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഈ സംഭവം.

ഛത്തര്‍പൂര്‍ സംഭവവുമായി ബന്ധപ്പെട്ട് ഒബിസി വിഭാഗത്തില്‍പ്പെട്ട പ്രതി രാംകൃപാല്‍ പട്ടേലിനെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായി ഒരു പോലീസ് ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഛത്തര്‍പൂര്‍ ജില്ലാ ആസ്ഥാനത്ത് നിന്ന് 35 കിലോമീറ്റര്‍ അകലെയുള്ള ബികൗര ഗ്രാമത്തില്‍, പഞ്ചായത്തിനായി ഡ്രെയിനേജ് നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു ഇരയായ ദശരത് അഹിര്‍വാര്‍. പ്രതിയായ രാംകൃപാല്‍ പട്ടേല്‍ സമീപത്തെ ഹാന്‍ഡ് പമ്പ് ഉപയോഗിച്ച്‌ കുളിക്കുകയായിരുന്നു. ഇതിനിടെ അഹിര്‍വാര്‍ നിര്‍മ്മാണ ജോലിക്കുപയോഗിച്ചിരുന്ന ഗ്രീസ് അബദ്ധത്തില്‍ പട്ടേലിന്റെ ദേഹത്തായി. പിന്നാലെ പട്ടേല്‍ കുളിക്കാന്‍ ഉപയോഗിക്കുന്ന മഗ്ഗില്‍ സമീപത്ത് കിടന്നിരുന്ന മനുഷ്യ വിസര്‍ജ്യം കൊണ്ടുവന്ന് യുവാവിന്റെ തലയിലും മുഖത്തും ദേഹത്ത് തേക്കുകയായിരുന്നു. പട്ടേല്‍ തന്നെ ജാതിയുടെ പേരില്‍ അധിക്ഷേപിച്ചതായും യുവാവ് പരാതിപ്പെടുന്നു.

‘ഞാന്‍ വിഷയം പഞ്ചായത്തിനെ അറിയിക്കുകയും യോഗം വിളിക്കണമെന്ന് ആവവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ പഞ്ചായത്ത് എനിക്ക് 600 രൂപ പിഴ ചുമത്തി’ മാഹാരാജ്പൂര്‍ പോലീസ് സ്‌റ്റേഷന് പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അഹിര്‍വാര്‍ ആരോപിച്ചു. ജോലി പാതിവഴിയില്‍ ഉപേക്ഷിക്കാന്‍ കഴിയാത്തതിനാലാണ് വെള്ളിയാഴ്ച്ച പരാതിപ്പെടാതെ ശനിയാഴ്ച്ച പരാതിപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം പ്രതി രാംകൃപാല്‍ പട്ടേലിനെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ പട്ടികജാതി-പട്ടികവര്‍ഗ അതിക്രമങ്ങള്‍ തടയല്‍ നിയമത്തിലെ സെക്ഷന്‍ 294 , 506 എന്നിവ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ് സബ് ഡിവിഷണല്‍ ഓഫീസര്‍ മന്‍നോഹന്‍സിംഗ് ബാഗേല്‍ പറഞ്ഞു. ‘ അഹിര്‍വാര്‍ മറ്റുള്ളവരോടൊപ്പം ജോലി ചെയ്ത് സമീപത്ത് കുളിക്കുകയായിരുന്ന പട്ടേലിനോട് തമാശ പറയുകയായിരുന്നു. ഇതിനിടയില്‍ പട്ടേലിന്റെ കൈയില്‍ ഗ്രീസ് പുരട്ടിയപ്പോള്‍, പട്ടേല്‍ കൈകൊണ്ട് മനുഷ്യ വിസര്‍ജ്യം എടുത്ത് അഹിര്‍വാറിന്റെ ദേഹത്തേക്ക് എറിയുകയായിരുന്നു. ശനിയാഴ്ചയാണ് അഹിര്‍വാര്‍ പരാതിയുമായി പോലീസിനെ സമീപിച്ചത്. പഞ്ചായത്തിനെക്കുറിച്ചുള്ള അഹിര്‍വാറിന്റെ പരാതിയെക്കുറിച്ച് അറിയില്ല’ ബാഗേല്‍ പറഞ്ഞു.