ഹിമാചൽ പ്രദേശിലെ കുളു ജില്ലയിൽ മേഘവിസ്ഫോടനം. കിയാസ്, നിയോലി ഗ്രാമങ്ങളിലാണ് മേഘവിസ്ഫോടനം ഉണ്ടായത്. സംഭവത്തിൽ ഒരാൾ മരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി പൊലീസ് അറിയിച്ചു. നിരവധി വാഹനങ്ങൾ ഒലിച്ചുപോയി.
‘കിയാസ്, നിയോലി ഗ്രാമങ്ങളിലുണ്ടായ മേഘസ്‌ഫോടനത്തെ തുടർന്ന് ഒരു മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മൂന്ന് പേർക്കാണ് പരിക്കേറ്റത്. ഒമ്പത് വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. വിവരം ലഭിച്ചയുടൻ പൊലീസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു’- ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് (ഡിഎസ്പി ഹെഡ്ക്വാർട്ടർ) രാജേഷ് താക്കൂർ പറഞ്ഞു.
കനത്ത മഴയെ തുടർന്ന് ഹിമാചൽ പ്രദേശിലെ നാല് ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴ കെടുതിയിൽ സംസ്ഥാനത്തിന് ഏകദേശം 8,000 കോടി രൂപയുടെ നഷ്ടമുണ്ടായതായി മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഹിമാചൽ പ്രദേശിലെ മഴ കെടുതിയിൽ ഇതുവരെ 100-ലധികം ആളുകൾക്കാണ് ജീവൻ നഷ്ടമായത്.
സംസ്ഥാനത്ത് 667 വീടുകൾ പൂർണമായും 1,264 പേർക്ക് ഭാഗികമായും കേടുപാടുകൾ സംഭവിച്ചതായി സംസ്ഥാന എമർജൻസി റെസ്‌പോൺസ് സെന്റർ അറിയിച്ചു. ജൂലൈയിൽ ഇതുവരെ 284.1 മില്ലിമീറ്റർ മഴയാണ് സംസ്ഥാനത്ത് പെയ്തത്, സാധാരണ 110.4 മില്ലിമീറ്റർ മഴ ലഭിക്കേണ്ടിടത്ത് 157 ശതമാനം അധികമാണിത്.