സൈബർ ക്രൈം പോർട്ടലിൽ 3 വർഷത്തിനിടെ 22 ലക്ഷം പരാതികൾ; രജിസ്റ്റർ ചെയ്ത എഫ്ഐആർ 2 ശതമാനം മാത്രം

0
106

നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടൽ വഴി 2020 ജനുവരി 1നും 2023 മെയ് 15നും ഇടയിലുള്ള കാലയളവിൽ 22,57,808 പരാതികൾ ലഭിച്ചതായി റിപ്പോർട്ടുകൾ. എന്നാൽ ഇതേ കാലയളവിൽ 43,022 എഫ്‌ഐ‌ആറുകൾ മാത്രമാണ് (1.9 ശതമാനം) സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത്. വിവരാവകാശ നിയമ പ്രകാരമുള്ള (ആർടിഐ) ചോദ്യത്തിന് ഉത്തരമായി നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2020ൽ ആരംഭിച്ച ഈ പോർട്ടൽ സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള ഒരു സർക്കാർ വെബ്സൈറ്റാണ്. പരാതികൾ പരിശോധിച്ച്, ആവശ്യമായ അന്വേഷണങ്ങൾ നടത്തുന്നതിനും നടപടികൾ സ്വീകരിക്കുന്നതിനും ബന്ധപ്പെട്ട സംസ്ഥാന സർക്കാരുകൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും അവ കൈമാറുകയും ചെയ്യും.

സൈബർ ക്രൈം പരാതികൾ ഓൺലൈനായി അറിയിക്കാൻ ഇരകളെയും പരാതിക്കാരെയും സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസർക്കാർ ഈ പോർട്ടൽ ആരംഭിച്ചത്. ഓൺലൈൻ ചൈൽഡ് പോണോഗ്രാഫി, ചൈൽഡ് സെക്ഷ്വൽ അബ്യൂസ് മെറ്റീരിയൽ (സിഎസ്എഎം), ബലാത്സംഗം, കൂട്ടബലാത്സംഗം തുടങ്ങിയവയുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങൾ, മൊബൈൽ കുറ്റകൃത്യങ്ങൾ, ഓൺലൈൻ, സോഷ്യൽ മീഡിയ കുറ്റകൃത്യങ്ങൾ, ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ, റാൻസംവെയർ, ഹാക്കിംഗ്, ക്രിപ്‌റ്റോകറൻസി കുറ്റകൃത്യങ്ങൾ, എന്നിവയുമായൊക്കെ ബന്ധപ്പെട്ട പരാതികൾ ഈ പോർട്ടൽ വഴി സമർപ്പിക്കാം.

2020 ജനുവരി 1 നും 2023 മെയ് 15 നും ഇടയിൽ ഓൺലൈൻ ചൈൽഡ് പോണോഗ്രഫി, ബലാത്സംഗം, കൂട്ടബലാത്സംഗം മുതലായവയുമായി ബന്ധപ്പെട്ട ഉള്ളടക്കം എന്നീ വിഭാഗങ്ങളിലായി ആകെ 1,58,190 പരാതികൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിൽ സംസ്ഥാനങ്ങൾ ആകെ 154 എഫ്‌ഐആറുകളാണ് രജിസ്റ്റർ ചെയ്തത് (0.09 ശതമാനം). പശ്ചിമ ബംഗാളിൽ (67,082) നിന്നാണ് ഈ വിഭാഗങ്ങളിൽ ഏറ്റവും കൂടുതൽ പരാതികൾ ലഭിച്ചത്. തമിഴ്നാട് (12,785), മഹാരാഷ്ട്ര (10,878) എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നിൽ. ഇതിൽ പശ്ചിമ ബംഗാൾ 13 ഉം, തമിഴ്നാട് മൂന്നും മഹാരാഷ്ട്ര ഒൻപതും എഫ്‌ഐആറുകൾ ഫയൽ ചെയ്തു. മൂന്നു വർഷത്തിനിടെ സൈബർ സാമ്പത്തിക തട്ടിപ്പ് സംബന്ധിച്ച 20,99,618 പരാതികളാണ് പോർട്ടൽ വഴി ലഭിച്ചത്.

ഇതിൽ സംസ്ഥാന സർക്കാരുകൾ 42,868 കേസുകളിൽ (2 ശതമാനം) എഫ്‌ഐആർ ഫയൽ ചെയ്തിട്ടുണ്ട്. ഈ വിഭാ​ഗത്തിൽ ഏറ്റവും കൂടുതൽ പരാതികൾ ലഭിച്ചത് ഉത്തർപ്രദേശിൽ നിന്നാണ് (3,84,942), തൊട്ടുപിന്നിൽ ഡൽഹി (2,16,739), മഹാരാഷ്ട്ര (1,95,409) എന്നീ സംസ്ഥാനങ്ങളാണ്. ഈ സംസ്ഥാനങ്ങളെല്ലാം ഈ വിഭാ​ഗത്തിൽ ഫയൽ ചെയ്ത എഫ്‌ഐആറുകളുടെ എണ്ണം രണ്ടു ശതമാനത്തിൽ താഴെയാണ്. എന്നാൽ തെലങ്കാനയിൽ ഈ വിഭാ​ഗത്തിൽ 17 ശതമാനം എഫ്‌ഐആറുകളുകൾ ഫയൽ ചെയ്തിട്ടുണ്ട്. ആർടിഐ ആക്ടിവിസ്റ്റും മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന യംഗ് വിസിൽബ്ലോവേഴ്‌സ് ഫൗണ്ടേഷന്റെ സ്ഥാപകനുമായ ജിതേന്ദ്ര ഗാഡ്‌ഗെ ആണ് വിവരാവകാശ നിയമപ്രകാരം ഈ ഡാറ്റ തേടിയത്.