മുസ്ലിംലീഗിൽ കലാപം : കെ പി എ മജീദിനെ മാറ്റണമെന്നാവശ്യപ്പെട്ട്‌ പ്രതിഷേധം

0
76

നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാർഥി പ്രഖ്യാപനത്തിന് ശേഷം മുസ്ലിംലീഗിൽ പൊട്ടിത്തെറി രൂക്ഷം.സംസ്ഥാന ജനറൽ സെക്രട്ടറി കെ പി എ മജീദിനെ മാറ്റണമെന്നാവശ്യപ്പെട്ട്‌ തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി ഭാരവാഹികൾ ഉൾപ്പെടെ പാണക്കാട്ടെത്തി പ്രതിഷേധം അറിയിച്ചു.

സീറ്റില്ലാത്തതിൽ ഇടഞ്ഞ്‌ സി പി ബാവ ഹാജി, പ്രവർത്തക സമിതി അംഗം അഷ്‌റഫ്‌ കോക്കൂർ എന്നിവർ രാജിക്കൊരുങ്ങി. വട്ടംകുളം പഞ്ചായത്തിൽ രണ്ട്‌ ലീഗ്‌ വാർഡംഗങ്ങൾ നേതൃത്വത്തിന്‌ രാജിക്കത്ത്‌ നൽകി.

സ്ഥാനാർഥി പ്രഖ്യാപനശേഷം നാടകീയ രംഗങ്ങളാണ്‌ പലയിടത്തും അരങ്ങേറിയത്‌. ശനിയാഴ്‌ച രാവിലെ പാണക്കാട്ടെത്തിയ തിരൂരങ്ങാടി മണ്ഡലത്തിലെ ലീഗ്‌ നേതാക്കളും പ്രവർത്തകരും കടുത്ത പ്രതിഷേധമാണ്‌ ഉയർത്തിയത്‌.

സംസ്ഥാന പ്രസിഡന്റ്‌ ഹൈദരലി ശിഹാബ്‌ തങ്ങൾ, ജില്ലാ പ്രസിഡന്റ്‌ സാദിഖലി തങ്ങൾ എന്നിവരെ നേരിൽകണ്ട്‌ മജീദിനെ മാറ്റണമെന്ന്‌ ആവശ്യപ്പെട്ടു. ഞായറാഴ്‌ചക്കകം തീരുമാനമുണ്ടായില്ലെങ്കിൽ കടുത്ത നടപടികളിലേക്ക്‌ നീങ്ങുമെന്ന മുന്നറിയിപ്പും നൽകി.

ആർക്കും വേണ്ടാത്ത സ്ഥാനാർഥിയെ തിരൂരങ്ങാടിക്ക്‌ വേണ്ടെന്ന്‌ പ്രവർത്തകർ വ്യക്തമാക്കി. ജില്ലാ പ്രസിഡന്റ്‌ സാദിഖലി തങ്ങളെ പാണക്കാടെത്തി നേരിൽകണ്ട്‌ അവർ വികാരാധീനരായി. ‘‘നെഞ്ചു പൊട്ടിയാണ്‌ ഇവിടെ എത്തിയത്‌. സ്ഥാനാർഥിയെ മാറ്റണം. ഒരാൾക്കുവേണ്ടി പ്രവർത്തകരെയാകെ പാർടിക്ക്‌ അനഭിമതരാക്കണോ? ഞങ്ങളെല്ലാം ലീഗിൽ അടിയുറച്ച്‌ നിൽക്കുന്നവരാണ്‌. പലരും ബൂത്ത്‌ ഭാരവാഹികളാണ്‌. ബൂത്തിൽ പോകാൻ പറ്റാത്ത അവസ്ഥയാണ്‌’’–- പ്രവർത്തകർ തുറന്നടിച്ചു.

പ്രവർത്തകരുടെ ആവശ്യത്തോട്‌ രൂക്ഷമായാണ്‌ സാദിഖലി തങ്ങൾ പ്രതികരിച്ചത്‌. തീരുമാനം പുനഃപരിശോധിക്കില്ലെന്ന്‌ അദ്ദേഹം വ്യക്തമാക്കി. മജീദിനെ മാറ്റിയില്ലെങ്കിൽ കടുത്ത നടപടികളിലേക്ക്‌ കടക്കുമെന്ന്‌ പ്രവർത്തകർ പറഞ്ഞു.

ഞായറാഴ്‌ച വൈകിട്ടുവരെ പാർടി തീരുമാനത്തിനായി കാക്കും. അതിനുശേഷം തുടർ നടപടി സ്വീകരിക്കും. തിരൂരങ്ങാടിക്കാരനായ പി എം എ സലാമിനെ സ്ഥാനാർഥിയാക്കണമെന്ന ആവശ്യവും ഇവർ മുന്നോട്ടുവച്ചു.

സംസ്ഥാന വൈസ് പ്രസിഡന്റ്‌ സി പി ബാവ ഹാജിക്ക് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് ലീഗ് പ്രവർത്തകർ എടപ്പാളിലെ മാണൂരിൽ പ്രകടനം നടത്തി. തവനൂർ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലേക്ക് പ്രതിഷേധം വ്യാപിക്കുമെന്ന് പ്രവർത്തകർ പറഞ്ഞു. പാർടി ഭാരവാഹിത്വം രാജിവയ്ക്കാനൊരുങ്ങിയ ബാവ ഹാജിയെ പാണക്കാട്ടേക്ക് വിളിപ്പിച്ചതായും സൂചനയുണ്ട്.

സീറ്റ് കിട്ടാത്ത ലീഗ് സംസ്ഥാന പ്രവർത്തക സമിതിയംഗവും ജില്ലാ വൈസ് പ്രസിഡന്റുമായ അഷ്റഫ് കോക്കൂർ മത്സരത്തിന്‌‌. നേതൃത്വത്തിന്റെ വഞ്ചനയിൽ പ്രതിഷേധിച്ച് പൊന്നാനിയിൽ സ്വതന്ത്ര സ്ഥാനാർഥിയാകാനാണ്‌ നീക്കം.

താനൂരിൽ പി കെ ഫിറോസിനെ നിർത്തിയതിലും പ്രതിഷേധം ശക്തം. മണ്ഡലത്തിന്‌ പുറത്തുള്ളയാളെ സ്ഥാനാർഥിയാക്കിയതിലാണ്‌ പ്രതിഷേധം. കെട്ടിയിറക്കിയവർ വേണ്ടെന്ന നിലപാടിലാണ്‌ ഒരുവിഭാഗം.