Thursday
18 December 2025
24.8 C
Kerala
HomeKerala6000ലധികം കുഞ്ഞുങ്ങള്‍ക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ

6000ലധികം കുഞ്ഞുങ്ങള്‍ക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ

ആരോഗ്യ വകുപ്പിന്റെ ഹൃദ്യം പദ്ധതിയിലൂടെ 6,015 കുഞ്ഞുങ്ങള്‍ക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഈ വര്‍ഷം ഇതുവരെ 561 കുഞ്ഞുങ്ങള്‍ക്ക് ഹൃദയ ശസ്ത്രക്രിയ നടത്താനായി. ഹൃദ്രോഗത്തിന്റെ തീവ്രതയനുസരിച്ച് കാലതാമസമില്ലാതെ കുഞ്ഞുങ്ങള്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ വലിയ ഇടപെടലുകളാണ് സര്‍ക്കാര്‍ നടത്തി വരുന്നത്. കഴിഞ്ഞയാഴ്ച വിളിച്ചു ചേര്‍ത്ത അവലോകന യോഗത്തില്‍ ഹൃദ്യം പദ്ധതി വഴി ഹൃദയ ശസ്ത്രക്രിയ നടത്താന്‍ കൂടുതല്‍ ആശുപത്രികളില്‍ സൗകര്യങ്ങളൊരുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കുഞ്ഞുങ്ങളുടെ ഹൃദയ ശസ്ത്രക്രിയ സംവിധാനം ശക്തിപ്പെടുത്തുന്നതിന് നാലംഗ വിദഗ്ധ സമിതി രൂപീകരിച്ചതായും മന്ത്രി വ്യക്തമാക്കി.

ജന്മനായുള്ള ഹൃദ്രോഗം സമയബന്ധിതമായി ഹൃദയ ശസ്ത്രക്രിയ നടത്തി കുഞ്ഞുങ്ങളെ മരണത്തില്‍ നിന്നും രക്ഷപ്പെടുത്താനാകും. 9 സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ എംപാനല്‍ ചെയ്തിട്ടുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജ്, എറണാകുളം ജനറല്‍ ആശുപത്രി ഉള്‍പ്പെടെ കൂടുതല്‍ ആശുപത്രികളില്‍ കുഞ്ഞുങ്ങളുടെ ഹൃദയ ശസ്ത്രക്രിയ നടത്താനുള്ള സംവിധാനമൊരുക്കുന്നതാണ്. അത്യാഹിത സ്വഭാവമുള്ള കേസുകളാണെങ്കില്‍ 24 മണിക്കൂറിനകം ശസ്ത്രക്രിയയ്ക്ക് ഒഴിവുള്ള ആശുപത്രിയില്‍ കുഞ്ഞിനെ പ്രവേശിപ്പിച്ച് വിദഗ്ധ ചികിത്സ ലഭ്യമാക്കും. നവജാത ശിശുക്കള്‍ മുതല്‍ 18 വയസുവരെയുള്ള കുട്ടികള്‍ക്ക് ഹൃദ്യം പദ്ധതിയിലൂടെ സൗജന്യ ഹൃദയ ശസ്ത്രക്രിയയും ചികിത്സയും തുടര്‍ പരിചരണവും നടത്താനാകും. ഗര്‍ഭസ്ഥ ശിശുവിന് ഹൃദ്രോഗം കണ്ടെത്തിയാല്‍ പോലും പ്രസവം മുതലുള്ള തുടര്‍ ചികിത്സകള്‍ ഹൃദ്യം പദ്ധതിയിലൂടെ സൗജന്യമായി ലഭ്യമാക്കുന്നു.

ഹൃദ്യത്തിലൂടെ ഹൃദ്രോഗ ചികിത്സ തേടിയ കുഞ്ഞുങ്ങളുടെ ശാരീരികവും മാനസികവും ബൗദ്ധികവുമായ വളര്‍ച്ചയ്ക്കും വികാസത്തിനും പിന്തുണ നല്‍കുന്ന തുടര്‍പിന്തുണാ പദ്ധതിയും ആരോഗ്യ വകുപ്പ് ആരംഭിച്ചിട്ടുണ്ട്. സാധാരണ കുഞ്ഞുങ്ങളെ അപേക്ഷിച്ച് ഇത്തരം കുട്ടികള്‍ക്ക് കൂടുതല്‍ പിന്തുണ ആവശ്യമാണ്. ഈ കുഞ്ഞുങ്ങളെ പരിശോധന നടത്തി അതില്‍ പ്രശ്‌നമുണ്ടെന്ന് കണ്ടെത്തിയവര്‍ക്ക് ഡിസ്ട്രിക്റ്റ് ഏര്‍ളി ഇന്റര്‍വെന്‍ഷന്‍ സെന്ററുകള്‍ വഴി തുടര്‍ ചികിത്സ ഉറപ്പാക്കി വരുന്നു.

RELATED ARTICLES

Most Popular

Recent Comments