നിർധന വിദ്യാർഥികൾക്ക് സഹായവുമായി മമ്മൂട്ടി; ‘വിദ്യാമൃതം-3’ പദ്ധതിക്ക് തുടക്കമായി

0
123

പഠനത്തിൽ മിടുക്കുകാട്ടുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് കരുതലും കൈത്താങ്ങുമായിമ്മൂട്ടി. പ്ലസ് ടു ജയിച്ച നിർധനവിദ്യാർഥികൾക്ക് എം.ജി.എം.ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റിയൂഷൻസുമായി ചേർന്ന് തുടർപഠനത്തിന് അവസരമൊരുക്കുകയാണ് മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആന്റ് ഷെയർ ഇന്റർനാഷണൽ. 200 വിദ്യാർഥികൾക്ക് മെറിറ്റ് അടിസ്ഥാനത്തിൽ ഇതിന്റെ പ്രയോജനം ലഭിക്കും.

വിദ്യാഭ്യാസ മേഖലയിലെ പ്രവർത്തനങ്ങൾക്കായി കെയർ ആന്റ് ഷെയർ ഇന്റർനാഷണൽ ആവിഷ്‌കരിച്ച ‘വിദ്യാമൃതം’പദ്ധതിയുടെ മൂന്നാംഘട്ടമാണിത്. ‘വിദ്യാമൃതം-3’ എന്നാണ് പേര്. പദ്ധതിയുടെ ധാരണാപത്രം മമ്മൂട്ടിക്ക് എം.ജി.എം.ഗ്രൂപ്പ് ടെക്‌നിക്കൽ കോളജസ് വൈസ് ചെയർമാൻ വിനോദ് തോമസ് കൈമാറി. എഞ്ചിനീയറിങ്, ഫാർമസി, ബിരുദ, ഡിപ്ലോമ കോഴ്സുകളിലാണ് തുടർപഠന സഹായം ലഭ്യമാക്കുന്നത്. എം.ജി.എം ഗ്രൂപ്പിന്റെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, മലപ്പുറം, കണ്ണൂർ ക്യാമ്പസുകളിലായാണ് തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പഠനത്തിന് സൗകര്യമൊരുക്കുന്നത്.

വീട്ടിലെ കുറഞ്ഞ സാമ്പത്തികസ്ഥിതി മിടുക്കരായ പല കുട്ടികളുടെയും തുടർപഠനത്തിന് തടസ്സമാകുന്നു. അതുകൊണ്ട് തന്നെ അവരുടെ സ്വപ്നങ്ങൾ സഫലമാക്കുന്നതിന് വഴിയൊരുക്കുകയാണ് ‘വിദ്യാമൃത’ത്തിന്റെ ലക്ഷ്യമെന്നും മമ്മൂട്ടി പറഞ്ഞു.

പദ്ധതിയുടെ വിശദവിവരങ്ങൾക്കായി ബന്ധപ്പെടാം : 9946483111, 9946484111, 9946485111