ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ ലോഗോ പ്രകാശനം നിർവഹിച്ച് മന്ത്രി വീണാ ജോര്‍ജ്

0
64

സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി മേയ് 18ന് മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കുന്ന ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ ലോഗോ പ്രകാശനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. സംസ്ഥാനത്ത് 5409 ജനകീയ ആരോഗ്യ കേന്ദ്രങ്ങളാണ് ലക്ഷ്യമിടുന്നത്.

ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ വഴി ജനപങ്കാളിത്തത്തോടെ എല്ലാവര്‍ക്കും ആരോഗ്യം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പുതിയ കാലഘട്ടത്തിന്റെ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നതില്‍ ഓരോ പൗരന്റേയും പങ്കാളിത്തം വളരെ വലുതാണ്. സ്വന്തം ആരോഗ്യവും, പരിസര ശുചിത്വവും സംരക്ഷിക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്തം കൂടിയാണ്.

ആരോഗ്യകരമായ ഭക്ഷണ ശീലങ്ങള്‍, വ്യായാമം തുടങ്ങിയ ആരോഗ്യദായക ശീലങ്ങള്‍ അനുവര്‍ത്തിക്കുന്ന ഒരു സമൂഹത്തെ വാര്‍ത്തെടുക്കുന്നതിലൂടെ മാത്രമേ രോഗാതുരത കുറയ്ക്കുവാന്‍ സാധിക്കുകയുള്ളൂ. ഇത്തരം പ്രവര്‍ത്തനങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ ജനപങ്കാളിത്തം ആവശ്യമാണ്. ഓരോ വ്യക്തിയും ആരോഗ്യത്തോടെ ജീവിക്കുന്നു എന്ന് ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്വം സമൂഹം ഒറ്റക്കെട്ടായി ഏറ്റെടുക്കേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ജീവന്‍ ബാബു, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. കെ.ജെ. റീന എന്നിവര്‍ സന്നിഹിതരായി.