കൊച്ചി വാട്ടർ മെട്രോ രാജ്യത്തെ മറ്റു സംസ്ഥാനങ്ങൾക്കു മാതൃകയാകും: പ്രധാനമന്ത്രി

0
52

കൊച്ചി വാട്ടർ മെട്രോ പദ്ധതി രാജ്യത്തെ മറ്റു സംസ്ഥാനങ്ങൾക്കു മാതൃകയാകുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊച്ചി വാട്ടർ മെട്രോ രാജ്യത്തിനു സമർപ്പിച്ചും ഡിജിറ്റൽ സയൻസ് പാർക്കിന്റെ ശിലാസ്ഥാപനം നിർവഹിച്ചും സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ വിവിധ റെയിൽവേ വികസന പദ്ധതികളുടെ ശിലാസ്ഥാപനവും ചടങ്ങിൽ പ്രധാനമന്ത്രി നിർവഹിച്ചു. തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ കേരളത്തിന്റ ആ്ദ്യ വന്ദേഭാരത് എക്സ്പ്രസിന്റെ ഫ്ളാഗ് ഓഫും അദ്ദേഹം നിർവഹിച്ചു.

സഹകരണ ഫെഡറലിസത്തിൽ ശ്രദ്ധ ചെലുത്തി സേവനാധിഷ്ഠിത സമീപനത്തോടെയാണു കേന്ദ്ര സർക്കാർ പ്രവർത്തിക്കുന്നതെന്നു പ്രധാനമന്ത്രി പറഞ്ഞു. സംസ്ഥാനങ്ങളുടെ വികസനമാണു രാജ്യത്തിന്റെ വികസനം. വികസനരംഗത്തു കേരളം പുരോഗതി നേടുന്നതു രാജ്യത്തിന്റെ വികസനത്തെ ത്വരിതപ്പെടുത്തും. അടിസ്ഥാന സൗകര്യ വികസനം, യുവാക്കളുടെ നൈപുണ്യ വികസനം തുടങ്ങിയവയ്ക്കു സർക്കാർ വലിയ ശ്രദ്ധ നൽകുന്നുണ്ട്. പൊതുജനങ്ങളുടെ ജീവിതവും വ്യവസായ നടത്തിപ്പും സുഗമമാക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഇക്കാര്യങ്ങൾ മുൻനിർത്തി അടിസ്ഥാന സൗകര്യ വികസനത്തിനായി ഈ വർഷത്തെ ബജറ്റിലും 10 ലക്ഷം കോടിയിലധികം നീക്കിവച്ചിട്ടുണ്ട്.

രാജ്യത്തു പൊതുഗതാഗത, ലോജിസ്റ്റിക്‌സ് മേഖല സമ്പൂർണമായി മാറിക്കൊണ്ടിരിക്കുകയാണ്. റെയിൽവേ ബജറ്റ് 2014നു മുൻപുള്ളതിന്റെ അഞ്ചിരട്ടിയായി വർധിച്ചു. പാത ഇരട്ടിപ്പിക്കൽ, ഗേജ് വികസനം, വൈദ്യുതീകരണം എന്നിവയുമായി ബന്ധപ്പെട്ടു കേരളത്തിലും വലിയ വികസന പദ്ധതികളാണു നടപ്പാക്കിയത്. ഇപ്പോൾ നവീകരണ പദ്ധതികൾക്കു തുടക്കംകുറിക്കുന്ന തിരുവനന്തപുരം, കോഴിക്കോട്, വർക്കല ശിവഗിരി റെയിൽവേ സ്റ്റേഷനുകൾ മൾട്ടി മോഡൽ ഗതാഗത കേന്ദ്രങ്ങളാക്കി വികസിപ്പിക്കും.

വന്ദേഭാരത് എക്സ്പ്രസ് വികസന ത്വരയുള്ള ഇന്ത്യയുടെ സ്വത്വമാണ്. ഇത്തരം അർധ അതിവേഗ ട്രെയിനുകൾ അനായാസം ഓടിക്കാൻ സാധിക്കുന്നരീതിയിൽ രാജ്യത്തെ റെയിൽ ശൃംഖലയുടെ പരിവർത്തനം ഉടൻ യാഥാർഥ്യമാക്കും. വടക്കൻ കേരളത്തെ തെക്കൻ കേരളവുമായി ബന്ധിപ്പിച്ചാണു കേരളത്തിന്റെ ആദ്യ വന്ദേഭാരത് ട്രെയിൻ സർവീസ് ആരംഭിക്കുന്നത്. രാജ്യത്തെ സാംസ്‌കാരിക – തീർഥാടന – വിനോദസഞ്ചാര കേന്ദ്രങ്ങളെ വന്ദേഭാരത് ബന്ധിപ്പിക്കുന്നു. കേരളത്തിലും കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, കണ്ണൂർ തുടങ്ങിയിടങ്ങളിലെ ഇത്തരം കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കാൻ ഇപ്പോൾ സർവീസ് ആരംഭിച്ച വന്ദേഭാരത് ട്രെയിൻ സഹായിക്കും. തിരുവനന്തപുരം-ഷൊർണൂർ പാത അർധ അതിവേഗ ട്രെയിനുകൾക്കായി ഒരുക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കു തുടക്കമായിക്കഴിഞ്ഞു. ഇതു പൂർത്തിയാകുന്നതോടെ തിരുവനന്തപുരം മുതൽ മംഗളൂരുവരെ കൂടുതൽ അർധ അതിവേഗ ട്രെയിനുകൾ ഓടിക്കാൻ കഴിയുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

അടിസ്ഥാനസൗകര്യ വികസനവുമായി ബന്ധപ്പെട്ടു പ്രാദേശിക ആവശ്യങ്ങൾക്കനുസരിച്ച് ‘മെയ്ഡ് ഇൻ ഇന്ത്യ’ പദ്ധതികൾ ലഭ്യമാക്കാനാണു ശ്രമമെന്നു പ്രധാനമന്ത്രി പറഞ്ഞു. കൊച്ചി വാട്ടർ മെട്രോ ‘മെയ്ഡ് ഇൻ ഇന്ത്യ’ പദ്ധതിയാണ്. പദ്ധതിക്കായി ബോട്ടുകൾ വികസിപ്പിച്ചതിൽ കൊച്ചി കപ്പൽശാലയെ അഭിനന്ദിക്കുന്നു. കൊച്ചിയുടെ സമീപ ദ്വീപുകളിൽ താമസിക്കുന്നവർക്ക് ആധുനികവും ചെലവുകുറഞ്ഞതുമായ ഗതാഗത മാർഗങ്ങൾ ലഭ്യമാക്കുന്നതാകും വാട്ടർ മെട്രോ. ബസ് ടെർമിനലും മെട്രോ ശൃംഖലയും തമ്മിൽ ഇന്റർമോഡൽ കണക്റ്റിവിറ്റി യാഥാർഥ്യമാക്കും. നഗരത്തിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനും സംസ്ഥാനത്തെ കായൽ വിനോദസഞ്ചാരത്തിനും പദ്ധതി ഗുണം ചെയ്യും.

തിരുവനന്തപുരത്തെ ഡിജിറ്റൽ സയൻസ് പാർക്ക് ഡിജിറ്റൽ ഇന്ത്യക്ക് ഉത്തേജനം നൽകുന്നതാണെന്നു പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ ഡിജിറ്റൽ സംവിധാനം ആഗോളതലത്തിൽ ഏറെ മതിപ്പുള്ളതാണ്. തദ്ദേശീയമായി വികസിപ്പിച്ച 5ജി ഈ മേഖലയിൽ പുതിയ അവസരങ്ങൾ സൃഷ്ടിക്കും. കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനായുള്ള പ്രവർത്തനങ്ങൾ ജാതി-മത-സമ്പന്ന-ദരിദ്ര വിവേചനമില്ലാതെ അകലം കുറയ്ക്കുകയും വിവിധ സംസ്‌കാരങ്ങളെ കൂട്ടിയിണക്കുകയും ചെയ്യും. ‘ഏകഭാരതം ശ്രേഷ്ഠഭാരതം’ എന്ന മനോഭാവത്തെ ശക്തിപ്പെടുത്തുന്നതാകും ഇത്. ‘മൻ കീ ബാത്ത്’ പരിപാടി നൂറാം എപ്പിസോഡ് തികയ്ക്കുകയാണ്. രാഷ്ട്രവികസനത്തിനും ‘ഏകഭാരതം ശ്രേഷ്ഠഭാരതം’ എന്ന മനോഭാവത്തിനും സംഭാവന നൽകിയ എല്ലാ പൗരന്മാർക്കുമായി ഇതു സമർപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

തിരുവനന്തപുരം, കോഴിക്കോട്, വർക്കല ശിവഗിരി റെയിൽവേ സ്റ്റേഷനുകളുടെ നവീകരണ പദ്ധതിയുടെ ശിലാസ്ഥാപനം, നേമം – കൊച്ചുവേളി മേഖലയുടെ വികസനത്തിന്റെ ശിലാസ്ഥാപനം, തിരുവനന്തപുരം – ഷൊർണൂർ പാതയിൽ വേഗം വർധിപ്പിക്കുന്ന പ്രവർത്തനങ്ങളുടെ ശിലാസ്ഥാപനം എന്നിവയും വൈദ്യുതീകരിച്ച ഡിണ്ടിഗൽ – പഴനി – പാലക്കാട് പാതയുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിച്ചു. ചടങ്ങിൽ കേരളത്തിന്റെ ഉപഹാരം മുഖ്യമന്ത്രി പ്രധാനമന്ത്രിക്കു സമർപ്പിച്ചു. കൊച്ചി വാട്ടർ മെട്രോ ബോട്ടിന്റെ മാതൃകയും സമ്മാനിച്ചു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അദ്ദേഹത്തിനു പുസ്തകം സമ്മാനിച്ചു. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണോ, റെയിൽവേ ചുമതലയുള്ള സംസ്ഥാന മന്ത്രി വി. അബ്ദുറഹിമാൻ, ഗതാഗത മന്ത്രി ആന്റണി രാജു, ഡോ. ശശി തരൂർ എം.പി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.