കോവിഡ്‌ മഹാമാരിയായി പ്രഖ്യാപിച്ചിട്ട്‌ ഒരു വർഷം ; സംസ്ഥാനത്ത്‌ രോഗസ്ഥിരീകരണ നിരക്ക് 3.96 ശതമാനം

0
182

ലോകാരോഗ്യസംഘടന കോവിഡിനെ ആഗോള മഹാമാരിയായി പ്രഖ്യാപിച്ചിട്ട്‌ വ്യാഴാഴ്ച ഒരു വർഷം. 2020 മാർച്ച്‌ 11നാണ്‌ ലോകാരോഗ്യസംഘടന ഡയറക്ടർ ജനറൽ തെദ്രോസ്‌ അഥാനം ഗെബ്രിയേസസ്‌ കോവിഡിനെ ആഗോള മഹാമാരിയായി വിശേഷിപ്പിക്കാമെന്ന്‌  വാർത്താസമ്മേളനത്തിൽ പറഞ്ഞത്‌. പിന്നീട്‌ മുൾമുനയിലായിരുന്നു ലോകം.

അപ്രതീക്ഷിതമായെത്തിയ മഹാമാരിക്കുമുന്നിൽ ലോകം മുഴുവൻ പകച്ചുപോയ നാളുകൾ. എല്ലാ ഭൂഖണ്ഡങ്ങളിലുമായി 110ൽപ്പരം രാജ്യങ്ങളിൽ രോഗം പടർന്ന സാഹചര്യത്തിലായിരുന്നു ഈ പ്രഖ്യാപനം. ഈ സമയം കേരളത്തിൽ ആകെ 17 പേർക്കായിരുന്നു കോവിഡ്‌ സ്ഥിരീകരിച്ചത്‌. 14പേർ ചികിത്സയിലും മൂന്ന്‌ പേർ രോഗമുക്തരുമായിരുന്നു. കോവിഡ്‌ ആദ്യം റിപ്പോർട്ട്‌ ചെയ്ത ചൈന പതിയെ രോഗമുക്തി നേടിയ ആ സമയം രോഗനിരക്ക്‌ വർധിച്ച യൂറോപ്പിൽ കടുത്ത ആശങ്ക നിലനിന്നിരുന്നു. വാക്സിൻ എത്തിയതോടെ ഒരു വർഷം കഴിയുമ്പോൾ പല രാജ്യങ്ങളും തിരിച്ചുവരവിന്റെ പാതയിലാണ്‌.

4192 രോഗമുക്തർ
സംസ്ഥാനത്ത്‌ ബുധനാഴ്ച 2475 പേർക്ക് കോവിഡ്- സ്ഥിരീകരിച്ചു. 4192 പേർ രോഗമുക്തരായി. ചികിത്സയിലുള്ളവർ 35,418. ആകെ 10,43,473 പേർ രോഗമുക്തരായി.  24 മണിക്കൂറിനിടെ 62,486 സാമ്പിൾ പരിശോധിച്ചു. ബ്രിട്ടനിൽനിന്നുവന്ന ആർക്കും കോവിഡ്- സ്ഥിരീകരിച്ചിട്ടില്ല.  രോഗസ്ഥിരീകരണ നിരക്ക് 3.96 ശതമാനം. 14 കോവിഡ് മരണംകൂടി  സ്ഥിരീകരിച്ചതോടെ ആകെ മരണം 4342 ആയി. 12 ആരോഗ്യ പ്രവർത്തകരുൾപ്പെടെ 2235 പേർക്ക്‌ സമ്പർക്കത്തിലൂടെയാണ് രോഗം.