ലൈസൻസ് സ്മാർട്ടാകും; സ്റ്റേ നീക്കി ഹെെക്കോടതി

0
91

ഡ്രൈവിങ് ലൈസൻസ് പരിഷ്കരണത്തിനുളള സ്റ്റേ നീക്കി ഹെെക്കോടതി. പിവിസി പെറ്റ് ജി കാർഡിൽ ലൈസൻസ് നൽകാനുള്ള നടപടിയുമായി സർക്കാരിന് മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇതോടുകൂടി ഡ്രൈവിങ് ലൈസൻസും ആർ സി ബുക്കും ഇനി സ്മാർട്ട് ആകും. കൂടാതെ മൈക്രോ ചിപ്പ് ഘടിപ്പിച്ച് സ്മാർട്ട് കാർഡ് ഡ്രൈവിംഗ് ലൈസൻസ് നൽകാനുളള തീരുമാനം പിൻവലിച്ചതായും സർക്കാർ ഹെെക്കോടതിയിൽ അറിയിച്ചു.

കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഐ ടി ഐ ബെംഗളൂരുവുമായി പിവിസി കാർഡ് നിർമ്മാണവുമായി ബന്ധപ്പെട്ട ചർച്ച തുടരാനും കോടതി അനുമതി നൽകി. പുതിയ കാർഡ് നിർമ്മാണത്തിന് അനുമതി നൽകുമ്പോൾ ഇക്കാര്യം അറിയിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. ഇക്കാര്യത്തിൽ 2006 മുതലുള്ള നിയമ തടസമാണ് ഡിവിഷൻ ബെഞ്ച് നീക്കിയത്.

2019 ജനുവരി മുതൽ കേരളത്തിലെ എല്ലാ ആർടിഒ കേന്ദ്രങ്ങളിലും സ്മാർട്ട് കാർഡുകൾ വിതരണം ചെയ്യാൻ സർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ കാർഡ് പ്രിന്റിങ്ങുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ സ്റ്റേ വന്നതോടെ വിതരണം തടസപ്പെടുകയായിരുന്നു. അ‌തേസമയം മറ്റു സംസ്ഥാനങ്ങളിൽ സ്മാർട്ട് ലൈസൻസുകൾ ഉപയോക്താക്കൾക്കു ലഭിച്ചു തുടങ്ങിയിട്ടുണ്ട്.

നാൾ വഴികൾ

ലൈസൻസ് സ്മാർട്ട് കാർഡ് ആക്കുന്നതിനായി 2001 തീരുമാനമെടുത്തു വിദഗ്ധ സമിതിയെ നിയോഗിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ടെണ്ടർ വിളിച്ചു. 7 കമ്പനികൾ ടെണ്ടറിൽ പങ്കെടുത്തു. ഇതിനു ശേഷം മോട്ടോർ വാഹന നിയമമ ഭേദഗതി ചെയ്തതോടെ ടെണ്ടർ നടപടികൾ ഉപേക്ഷിച്ചു. 2006 ൽ വീണ്ടും ടെണ്ടർ വിളിച്ചു. ബംഗളുരു ഐ ടി ഐ യുടെ നേതൃത്വത്തിലുള്ള കൺസോർഷ്യത്തിനു കാർഡ് ഒന്നിന് 350 രൂപ നിരക്കിൽ ടെണ്ടർ നൽകാൻ തീരുമാനമായി. ദൽഹി ആസ്ഥാനമായ Ros Merta Solution എന്ന കമ്പനിക്കാണ് ടെണ്ടർ നൽകിയത്. അതിന് ശേഷം വീണ്ടും മോട്ടോർ വാഹന നിയമം വീണ്ടും ഭേദഗതി ചെയ്തതോടെ ഈ ടെണ്ടർ നടപടിയും ഉപേക്ഷിച്ചു.

വീണ്ടും ടെണ്ടർ ചെയ്യാൻ വകുപ്പ് തീരുമാനിച്ചപ്പോൾ Ros Merta Solution ഹൈക്കോടതിയിൽ ഹരജി നൽകി നടപടികൾക്ക് സ്റ്റേ വാങ്ങിച്ചു. പോളി കാർബണേറ്റ് ഷീറ്റിൽ പ്രിന്റ് ചെയ്യുന്നതിനായി കെ ബി പി എസ് (കേരളം ബുക്ക്സ് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റി ) വഴി ടെണ്ടറിനുള്ള നീക്കം നടത്തിയപ്പോൾ അതിന് എതിരെയും Ros Merta Solution ഹൈക്കോടതിയിൽ ഹരജി നൽകി നടപടികൾക്ക് സ്റ്റേ വാങ്ങിച്ചു.