പട്ടികജാതി പട്ടികവർഗ്ഗ വിദ്യാർത്ഥി സ്കോളർഷിപ്പിന് കേന്ദ്ര സർക്കാർ വരുമാന പരിധി ഏർപ്പെടുത്തിയപ്പോൾ കേരളം പ്രത്യേക തുക വകയിരുത്തി സ്കോളർഷിപ്പ് നൽകിയെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. ഇതര സംസ്ഥാനങ്ങളിലെ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മെറിറ്റിലോ റിസർവേഷനിലോ പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ സ്കോളർഷിപ്പിലാണ് കേന്ദ്രം വരുമാന പരിധി ഏർപ്പെടുത്തിയത്. 2.5 ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ളവർക്ക് മാത്രമാണ് ഗവൺമെന്റ് ഓഫ് ഇന്ത്യ – പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് നൽകി വരുന്നത്.
വരുമാന പരിധി കാരണം ഗവൺമെന്റ് ഓഫ് ഇന്ത്യ – പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് ലഭിക്കാത്ത പട്ടികജാതി പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് സംസ്ഥാന സർക്കാർ ബജറ്റിൽ പ്രത്യേകമായി തുക വകയിരുത്തി സ്കോളർഷിപ്പ് അനുവദിച്ച് വരുന്നുണ്ട്. 2021-22 വർഷം വരെ ജില്ലാ പട്ടികജാതി വികസന ഓഫീസുകൾ, ജില്ലാ പട്ടികവർഗ്ഗ വികസന ഓഫീസുകൾ എന്നിവയ്ക്ക് അലോട്ട്മെന്റ് നൽകിയശേഷം ട്രഷറി മുഖേന വിദ്യാർത്ഥികൾക്ക് ഇതര സംസ്ഥാന പഠനത്തിനുള്ള സ്കോളർഷിപ്പ് വിതരണം ചെയ്യുകയായിരുന്നു പതിവ്. എന്നാൽ പട്ടികജാതി പട്ടികവർഗ്ഗ വിദ്യാർഥികളുടെ പോസ്റ്റ്മെട്രിക് സ്കോളർഷിപ്പ് പബ്ലിക് ഫണ്ട് മോണിറ്ററിംഗ് സിസ്റ്റിം (PFMS) മുഖേന വിതരണം ചെയ്യണമെന്നുള്ള കേന്ദ്രസർക്കാർ നിർദേശത്തെ തുടർന്ന് ബന്ധപ്പെട്ട ബഡ്ജറ്റ് ശീർഷകങ്ങൾ PFMS മായി ബന്ധിപ്പിക്കുകയുണ്ടായി. ഇത് നടപ്പിലാക്കുന്നതിന് സാങ്കേതികമായ പ്രയാസങ്ങൾ ഉണ്ടായതിനാൽ സ്കോളർഷിപ്പ് വിതരണത്തിന് തടസ്സം നേരിട്ടിരുന്നു. ആയത് പരിഹരിച്ച് സ്കോളർഷിപ്പ് വിതരണം പുനരാരംഭിച്ചിട്ടുണ്ട്.
ഇതര സംസ്ഥാനങ്ങളിൽ പഠിക്കുന്ന പട്ടികജാതി വിഭാഗം വിദ്യാർത്ഥികൾക്ക് ഈ സാമ്പത്തിക വർഷം സ്കോളർഷിപ്പ് വിതരണത്തി നാവശ്യമായ 10 കോടി രൂപ സിംഗിൾ നോഡൽ അക്കൗണ്ട് (SNA) അക്കൌണ്ടിലേക്ക് നിക്ഷേപിച്ചിട്ടുണ്ട്. ഈ തുകയിൽ നിന്നും എല്ലാ വിദ്യാർഥികളുടെയും 2021-22 വരെയുള്ള സ്കോളർഷിപ്പ് PFMS മുഖേന വിതരണം ചെയ്തു വരുന്നു. നാളിതുവരെ 5.51 കോടി രൂപയുടെ ബില്ലുകൾ PFMS മുഖേന സമർപ്പിച്ചിട്ടുണ്ട്. 3.5 കോടി രൂപയുടെ ബില്ലുകൾ പേമെന്റിനായി ജില്ലാ ഓഫീസുകളിൽ തയാറായിട്ടുണ്ട്. ആയതും ഉടൻ തന്നെ വിതരണം ചെയ്യുന്നതാണ്.
പട്ടികവർഗ്ഗ വിഭാഗ വിദ്യാർത്ഥികൾക്കായി 59.6 ലക്ഷം രൂപ SNA അക്കൗണ്ട് മുഖേന അനുവദിക്കുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ട്. മുൻ കാലങ്ങളിലെ ഉത്തരവുകളിലെ അവ്യക്തതകളും പോരായ്മകളും പരിഹരിച്ചുകൊണ്ട് ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം പുതു തലമുറ കോഴ്സുകൾക്കും, സി.എ. കമ്പനി സെക്രട്ടറി തുടങ്ങിയ കോഴ്സുകൾക്കും, I.I.M, I.I.T, N.I.F.T., തുടങ്ങിയ ദേശീയ പ്രാധാന്യമുള്ള സ്വയംഭരണ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിവിധ കോഴ്സുകൾക്കും പ്രവേശനം ലഭിക്കുന്ന പട്ടികജാതി പട്ടിവർഗ്ഗ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് ലഭിക്കാൻ സഹായകരമാകുന്ന രീതിയിലുള്ള സമഗ്രമായ ഉത്തരവ് പുറപ്പെടുവിച്ചെന്നും രാധാകൃഷ്ണൻ വ്യക്തമാക്കി.
ഈ അദ്ധ്യയന വർഷം മുതൽ ഇതര സംസ്ഥാനങ്ങളിൽ കേന്ദ്രസർക്കാർ മാർഗനിർദേശങ്ങളുടെ അടിസ്ഥാനത്തിൽ മെറിറ്റ്/ റിസർവേഷൻ പ്രകാരം പ്രവേശനം നേടുന്ന പട്ടികജാതി – പട്ടികവർഗ്ഗ വിദ്യാർഥികൾക്കും ഇ-ഗ്രാന്റ്സ് പോർട്ടൽ മുഖേന പോസ്റ്റ്മെട്രിക് സ്കോളർഷിപ്പ് അനുവദിക്കുന്നതിനസംസ്ഥാനത്തിനകത്തും ഇതര സംസ്ഥാനങ്ങളിലും വിദേശങ്ങളിലും അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠനം നടത്താൻ ആഗ്രഹിക്കുന്ന മുഴുവൻ പട്ടികജാതി പട്ടികവർഗ്ഗി വിദ്യാർത്ഥികൾക്കും ഉറച്ച പിൻതുണ നൽകി അവരെ മെച്ചപ്പെട്ട തൊഴിൽ മേഖലകളിലേക്ക് എത്തിക്കുന്നതിനുള്ള ഊർജ്ജിത നടപടികളാണ് ഈ സർക്കാർ സ്വീകരിച്ചുവരുന്നതെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ സബ്മിഷന് മറുപടിയായി മന്ത്രി വ്യക്തമാക്കി.