നിദ ഫാത്തിമയുടെ മരണം; വിശദമായ അന്വേഷണം ആവശ്യപ്പെട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രിയ്ക്ക് കത്തയച്ച് വി ശിവൻകുട്ടി

0
77

ദേശീയ സൈക്കിൾ പോളോ സബ് ജൂനിയർ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ മഹാരാഷ്ട്രയിലെ നാഗ്പൂരിൽ എത്തിയ കേരള ടീം അംഗം നിദ ഫാത്തിമയുടെ മരണവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മന്ത്രി വി ശിവൻകുട്ടി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയ്ക്ക് കത്തയച്ചു. കുട്ടിക്ക് മെച്ചപ്പെട്ട വൈദ്യസഹായം ലഭിച്ചില്ല എന്ന ആരോപണവും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണമെന്ന് മന്ത്രി കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണവുമായി ബന്ധപ്പെട്ട് എല്ലാ സഹകരണവും കേരള സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും മന്ത്രി വി ശിവൻകുട്ടി കത്തിൽ അറിയിച്ചു.

ഇതിനിടെ നാഗ്പൂരിൽ ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിനെത്തിയ മലയാളി വിദ്യാർഥിനി മരിച്ച സംഭവത്തിൽ കേന്ദ്രസർക്കാർ ഇടപെടുന്നു. വിശദമായ അന്വേഷണം നടത്തുമെന്ന് കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂർ ഉറപ്പ് നൽകി. വിഷയം കേരളത്തിൽ നിന്നുള്ള എംപിമാർ ലോക്സഭയിൽ ഉന്നയിച്ചു. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും.

സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിനെത്തിയ കേരളാ സംഘത്തിന് താമസ ഭക്ഷണ സൗകര്യങ്ങൾ നിഷേധിച്ചതും ഛർദ്ദിയെ തുടർന്ന് അതിലൊരു കുട്ടി മരണപ്പെട്ടതും സഭ നിർത്തി വച്ച് ചർച്ച ചെയ്യണമെന്ന് എഎം ആരിഫ് എംപിയും ബെന്നി ബെഹനാൻ എംപിയുമാണ് ലോക്സഭയിൽ ആവശ്യപ്പെട്ടത്. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിന് പിന്നാലെ എംഎം ആരിഫ് എംപി കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂറുമായി കൂടിക്കാഴ്ച നടത്തി. സഹായധനം അടക്കമുള്ള കാര്യങ്ങളിൽ ഉറപ്പ് കിട്ടിയതായി അദ്ദേഹം പറഞ്ഞു. ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ നാഗ്പൂരിലെത്തിയ നിദ ഇന്നലെയാണ് മരിച്ചത്.