ഖത്തർ ലോകകപ്പിൽ മുത്തമിടാമെന്നുള്ള ബ്രസീലിയൻ മോഹത്തിന് കടിഞ്ഞാണിട്ട് ക്രൊയേഷ്യ. ആദ്യ ക്വാർട്ടർ ഫൈനലിൽ പെനാൽറ്റി ഷൂട്ടൗട്ടിലാണ് അഞ്ച് തവണ ലോക ചാമ്പ്യന്മാരായ ബ്രസീലിനെ തകർത്ത് ക്രൊയേഷ്യ സെമിയിലേക്ക് നടന്നു കയറിയത്. മുഴുവൻ സമയത്ത് ഗോൾരഹിതമായ മത്സരത്തിൽ അധികസമയത്താണ് രണ്ട് ഗോളുകൾ പിറന്നത്. ബ്രസീലിന് വേണ്ടി നെയ്‌മറും, ക്രൊയേഷ്യക്ക് വേണ്ടി പെറ്റ്‌കോവിച്ചുമാണ് ഗോൾ നേടിയത്. പെനാൽറ്റി ഷൂട്ടൗട്ടിൽ ബ്രസീലിന്റെ രണ്ട് കിക്കുകൾ പാഴായി.
നെയ്‌മറും വിനീഷ്യസും അടങ്ങുന്ന പേരുകേട്ട ബ്രസീലിയൻ മുന്നേറ്റ നിരയ്ക്ക് ക്രൊയേഷ്യൻ പ്രതിരോധത്തെ മറികടക്കാൻ കഴിയാത്തതാണ് തിരിച്ചടിയായത്. ഒന്നാം പകുതിയിൽ ബ്രസീൽ കൂടുതൽ അവസരങ്ങൾ സൃഷ്‌ടിച്ചെങ്കിലും ഒരെണ്ണംപോലും ഗോൾ വലയിലെത്തിക്കാൻ അവർക്ക് സാധിച്ചില്ല. എന്നാൽ മറുഭാഗത്ത് ക്രൊയേഷ്യയാവട്ടെ നന്നായി പ്രതിരോധിക്കുകയും അവസരങ്ങൾ ഉണ്ടാക്കിയെടുക്കുകയും ചെയ്‌തെങ്കിലും ലീഡ് നേടാമെന്ന മോഹം ബാക്കിയായി.
അവരുടെ നീക്കങ്ങൾക്ക് ജുറാനോവിച്ച് നേതൃത്വം നൽകി. പകുതി സമയത്ത് ഗോൾ രഹിത സമനില ആയെങ്കിലും ഇരു ടീമുകളും ഒപ്പത്തിനൊപ്പം തന്നെ പോരാടി. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ബ്രസീൽ ആക്രമിച്ചു കളിച്ചു, നെയ്‌മറും റിചാർലിസണും ഉൾപ്പെടെ പലവട്ടം ക്രൊയേഷ്യൻ ബോക്‌സിൽ പാഞ്ഞെത്തി.
നിരന്തരം ആക്രമണത്തിന്റെ കെട്ടഴിച്ചുവിട്ട കാനറികൾക്ക് പക്ഷേ ലിവകോവിക് എന്ന കസ്റ്റോഡിയന്റെ മികവ് ബ്രസീലിനെ ഗോളിൽ നിന്ന് അകറ്റി നിർത്തുകയായിരുന്നു. ആന്റണിയും, പെഡ്രോയും, റോഡ്രിഗോയും പകരക്കാരായി എത്തിയിട്ടും ബ്രസീലിന് രക്ഷയുണ്ടായിരുന്നില്ല,മൈതാന മധ്യത്തിൽ നിന്ന് പന്തുമായി കുതിച്ചുവരുന്ന നെയ്‌മർ ക്രൊയേഷ്യൻ പ്രതിരോധത്തിൽ തട്ടി വീഴുന്നത് അവസാന മിനിറ്റുകളിൽ പലവട്ടം കണ്ടു. ഒടുവിൽ മുഴുവൻ സമയത്ത് ഗോൾരഹിതമായതോടെ കളി അധിക സമയത്തേക്ക് നീങ്ങി.
അധികസമയത്ത് ബ്രസീൽ ആക്രമണം കടുപ്പിച്ചു. ഒടുവിൽ 105+1 മിനിറ്റിൽ മനോഹരമായ ഫിനിഷിലൂടെ നെയ്‌മർ ഗോൾവല കുലുക്കുകയായിരുന്നു. മഞ്ഞക്കുപ്പായത്തിൽ തന്റെ 77ആം ഗോൾ നേടി നെയ്‌മർ ബ്രസീലിന്റെ എക്കാലത്തെയും മികച്ച ഗോൾ സ്കോറർമാരിൽ ഇതിഹാസ താരം പെലെയ്ക്ക് ഒപ്പമെത്തി. എന്നാൽ ബ്രസീലിന്റെ ആഘോഷം അധിക നേരം നീണ്ടുനിന്നില്ല.
ക്രൊയേഷ്യൻ താരങ്ങളെ സമ്മർദ്ദത്തിലാക്കി സെമിയിലേക്ക് മുന്നേറാനുള്ള ബ്രസീലിന്റെ ആഗ്രഹങ്ങൾക്ക് വിലങ്ങ് തടിയായത് ബ്രൂണോ പെറ്റ്‌കോവിച്ചാണ്. 116 മിനിറ്റിലായിരുന്നു ക്രൊയേഷ്യയുടെ ഗോൾ പിറന്നത്. പിന്നീട് അനിവാര്യമായ പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് മത്സരം നീങ്ങുകയായിരുന്നു. ആദ്യ കിക്ക് എടുത്ത ബ്രസീലിന്റെ റോഡ്രിഗോയ്ക്ക് പിഴച്ചതോടെ തന്നെ ക്രൊയേഷ്യ മേൽക്കൈ നേടി. കിക്ക് തടഞ്ഞ ക്രൊയേഷ്യൻ ഗോളി ലിവകോവിക് തന്നെയാണ് ഇന്നത്തെ ശ്രദ്ധാ കേന്ദ്രം.