കാനഡയെ തകർത്ത് ഗ്രൂപ്പ്‌ ചാമ്പ്യൻമാരായി മൊറോക്കോ പ്രീ ക്വാർട്ടറിൽ

0
75

2022 ഖത്തർ ലോകകപ്പ് ഗ്രൂപ്പ് എഫിലെ മത്സരത്തിൽ മൊറോക്കോ കാനഡയെ തകർത്ത് ഗ്രൂപ്പ് ചാമ്പ്യൻമാരായി പ്രീ ക്വാർട്ടറിലെത്തി. 7 പോയിന്റുമായാണ് മൊറോക്കോ ​ഗ്രൂപ്പ് ചാമ്പ്യൻമാരായത്. ഈ നൂറ്റാണ്ടിൽ ലോകകപ്പിന്റെ ​ഗ്രൂപ്പ് ചാമ്പ്യൻമാരാകുന്ന ആദ്യ ആഫ്രിക്കൻ രാജ്യമാണ് മൊറോക്കോ. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് മൊറോക്കോയുടെ വിജയം.

ഹക്കീം സിയെച്ചും യൂസുഫ് നെസിരിയുമാണ് മൊറോക്കൊക്കായി ​ഗോളടിച്ചത്. മൊറോക്കന്‍ താരം നയീഫിന്‍റെ സെല്‍ഫ് ഗോളിലൂടെയാണ് കാനഡ ഒരു ​ഗോൾ നേടിയത്.​ 40 ാം മിനിറ്റിലായിരുന്നു നയീഫിന്‍റെ സെല്‍ഫ് ഗോള്‍. ആദ്യ കളിയിൽ ക്രൊയേഷ്യയുമായി മൊറോക്കോ സമനില വഴങ്ങിയിരുന്നു. എന്നാൽ പിന്നീടുള്ള രണ്ട് കളികളിലും മൊറോക്കോ ശക്തമായി തിരികെ വരുകയായിരുന്നു.

കഴിഞ്ഞ കളിയിൽ ബെൽജിയത്തെ 2-0ന് മൊറോക്കോ തോൽപ്പിച്ചിരുന്നു. നിർണായകമായ മൂന്നാം മത്സരത്തിലും ജയം ആവർത്തിച്ച് പ്രീ ക്വാർട്ടറിൽ സ്ഥാനമുറപ്പിക്കുകയായിരുന്നു മൊറോക്കോ. കളിയാരംഭിച്ച് നാലാം മിനിറ്റില്‍ ഹക്കീം സിയെച്ചാണ് മൊറോക്കോക്കായി ആദ്യം ​ഗോൾ നേടിയത്. കാനഡ ഗോള്‍കീപ്പര്‍ ബോര്‍ഹാനെ ലക്ഷ്യമാക്കിയുള്ള സ്വന്തം ടീം അംഗത്തിന്റെ ബാക്ക് പാസ് പിഴയ്ക്കുകയായിരുന്നു. ബോക്സിന് പുറത്ത് നിന്ന് പന്ത് ലഭിച്ച സിയെച്ച് പന്ത് ബോര്‍ഹാന്റെ തലയ്ക്ക് മുകളിലൂടെ വലയിലെത്തിച്ചു.

നെസ്‍രിയുടെ ഗോള്‍ 23 ാം മിനിറ്റിലാണ് പിറന്നത്. സിയെച്ചിൽ നിന്ന് സ്വീകരിച്ച പാസ് കനേഡിയന്‍ പ്രതിരോധത്തെ മറികടന്ന് ​ഗോൾ പോസ്റ്റിലെത്തിക്കുകയായിരുന്നു. ആദ്യ പകുതിയില്‍ കൂടുതല്‍ നേരം പന്ത് കൈവശം വച്ചത് കാനഡയായിരുന്നെങ്കിലും മുന്നേറ്റങ്ങളുമായി കളം നിറഞ്ഞത് മൊറോക്കോയായിരുന്നു. കാനഡ ഗോള്‍ മുഖം ലക്ഷ്യമാക്കി ആറ് ഷോട്ടുകളാണ് മൊറോക്കോ താരങ്ങള്‍ ഉതിര്‍ത്തത്.