ട്വന്റി 20 ലോകകപ്പിലെ സൂപ്പർ 12 പോരാട്ടത്തിൽ പാകിസ്താനെ അട്ടിമറിച്ച് സിംബാബ്വെ. അവസാന പന്തുവരെ ആവേശം നീണ്ടുനിന്ന മത്സരത്തിൽ ഒരു റണ്ണിനായിരുന്നു സിംബാബ്വെയുടെ ജയം.
സിംബാബ്വെ ഉയർത്തിയ 131 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാകിസ്താന്റെ പോരാട്ടം 20 ഓവറിൽ എട്ടിന് 129 റൺസിൽ അവസാനിച്ചു. അവസാന ഓവറിൽ ജയിക്കാൻ 11 റൺസ് വേണ്ടിയിരുന്ന പാകിസ്താന് ഒമ്പത് റൺസ് മാത്രമേ നേടാനായുള്ളൂ.
നാല് ഓവറിൽ 25 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ സിക്കന്തർ റാസയാണ് പാകിസ്താനെ തകർത്തത്. റാസ തന്നെയാണ് കളിയിലെ താരവും. തോൽവിയോടെ പാകിസ്താന്റെ സെമി പ്രതീക്ഷകൾ അനിശ്ചിതത്വത്തിലായി. രണ്ടു കളികളിൽ നിന്ന് മൂന്ന് പോയന്റുമായി സിംബാബ്വെ ഗ്രൂപ്പ് രണ്ടിൽ മൂന്നാം സ്ഥാനത്തേക്കുയർന്നു. രണ്ടു മത്സരങ്ങളും പരാജയപ്പെട്ട പാകിസ്താൻ നിലവിൽ അഞ്ചാം സ്ഥാനത്താണ്.
131 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത പാകിസ്താനായി ഇത്തവണയും ക്യാപ്റ്റൻ ബാബർ അസമിന് തിളങ്ങാനായില്ല. ഒമ്പത് പന്തിൽ നിന്ന് വെറും നാലു റൺസ് മാത്രമെടുത്ത ബാബർ നാലാം ഓവറിൽ മടങ്ങി. പിന്നാലെ 16 പന്തിൽ നിന്ന് 14 റൺസെടുത്ത് മുഹമ്മദ് റിസ്വാനും മടങ്ങിയതോടെ തുടർച്ചയായ രണ്ടാം മത്സരത്തിലും പാകിസ്താന്റെ തുടക്കം പാളി. തുടർന്നെത്തിയ ഇഫ്തിഖർ അഹമ്മദിനെയും നിലയുറപ്പിക്കാൻ സിംബാബ്വെ ബൗളർമാർ സമ്മതിച്ചില്ല. 10 പന്തിൽ നിന്നും അഞ്ചു റൺസ് മാത്രമെടുത്ത ഇഫ്തിഖറിനെ ലൂക്ക് ജോങ്വെ മടക്കുകയായിരുന്നു. ഇതോടെ 7.4 ഓവറിൽ മൂന്നിന് 36 റൺസെന്ന നിലയിലേക്ക് പാകിസ്താൻ വീണു.
എന്നാൽ നാലാം വിക്കറ്റിൽ ഷദാബ് ഖാനെ കൂട്ടുപിടിച്ച് ഷാൻ മസൂദ് 52 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി പാകിസ്താനെ മത്സരത്തിലേക്ക് തിരികെയെത്തിച്ചിരുന്നു. എന്നാൽ 14-ാം ഓവറിൽ തൊട്ടടുത്ത പന്തുകളിൽ ഷദാബ് ഖാനെയും (14 പന്തിൽ 17) ഹൈദർ അലിയേയും (0) മടക്കിയ സിക്കന്തർ റാസ പാകിസ്താനെ വീണ്ടും പ്രതിരോധത്തിലാക്കി. അപ്പോഴും ഷാൻ മസൂദ് ക്രീസിലുള്ളത് പാകിസ്താന് പ്രതീക്ഷ നൽകിയിരുന്നു. എന്നാൽ 16-ാം ഓവറിൽ മടങ്ങിയെത്തിയ റാസ ആദ്യ പന്തിൽ തന്നെ ഷാൻ മസൂദിനെ മടക്കി ആ പ്രതീക്ഷ അവസാനിപ്പിച്ചു. 38 പന്തിൽ നിന്ന് മൂന്ന് ബൗണ്ടറിയടക്കം 44 റൺസെടുത്താണ് മസൂദ് മടങ്ങിയത്.