കനത്ത മഴയെത്തുടര്‍ന്ന് ബംഗളൂരുവിലെ പ്രധാന റോഡുകളിലെല്ലാം വെള്ളം കയറി. നഗരത്തിന്റെ തെക്ക്, കിഴക്കന്‍, മധ്യഭാഗങ്ങളും ബെല്ലന്ദൂരിലെ ഐടി മേഖല ഉള്‍പ്പെടെ പ്രദേശങ്ങളും വെള്ളക്കെട്ടിലാണ്. നഗരത്തിന്റെ വടക്കന്‍ ഭാഗത്തുള്ള രാജമഹല്‍ ഗുട്ടഹള്ളിയില്‍ 59 മില്ലിമീറ്റര്‍ മഴ പെയ്തതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബുധനാഴ്ച വൈകുന്നേരം മുതല്‍ ആരംഭിച്ച മഴയാണ് ദുരിതം വിതച്ചത്. അടുത്ത മൂന്ന് ദിവസത്തേയ്ക്ക് കൂടി അതിശക്തമായ മഴയുണ്ടാവുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
കനത്ത മഴയുടെ പശ്ചാത്തലത്തില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മജെസ്റ്റിക്കിനു സമീപം ഭിത്തി തകര്‍ന്നുവീണ് നാല് വാഹനങ്ങള്‍ തകര്‍ന്നു. താഴ്ന്ന പ്രദേശങ്ങളിലെ റോഡുകളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതിന്റെയും മാന്‍ഹോളുകളിലേക്ക് വെള്ളമൊഴുകുന്നതിന്റെയും പാര്‍ക്കിങ് ഏരിയയിലെ വാഹനങ്ങള്‍ വെള്ളത്തില്‍ മുങ്ങിക്കിടക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
വീട്ടിലേക്ക് പോവുന്ന ഓഫിസ് ജീവനക്കാര്‍ക്ക് മെട്രോ സ്‌റ്റേഷനുകളില്‍ അഭയം തേടേണ്ടിവന്നു. കനത്ത മഴ തുടരുന്നതിനാല്‍ നഗരത്തിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ പലതും അടച്ചു. ഓഫിസ് ജീവനക്കാര്‍ പലരും വര്‍ക്ക് ഫ്രം ഹോം തുടരുകയാണ്. വിമാന സര്‍വീസുകളെയും ബാധിച്ചിട്ടുണ്ട്. ഈ വര്‍ഷം ഇതുവരെ 1706 മില്ലിമീറ്റര്‍ മഴയാണ് നഗരത്തില്‍ ലഭിച്ചത്. കഴിഞ്ഞ മാസം മൂന്ന് ദിവസം തുടര്‍ച്ചയായി പെയ്ത മഴയെത്തുടര്‍ന്ന് നഗരത്തില്‍ അഭൂതപൂര്‍വമായ വെള്ളപ്പൊക്കമുണ്ടായി. ഭരണകക്ഷിയായ ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള രാഷ്ട്രീയ പോരിന് ഇത് കാരണമായി. ആഗോള ഐടി കമ്പനികളും ആഭ്യന്തര സ്റ്റാര്‍ട്ടപ്പുകളും സ്ഥിതിചെയ്യുന്ന നഗരത്തിന്റെ ചില ഭാഗങ്ങള്‍ വെള്ളത്തിനടിയിലായിരുന്നു. ദിവസങ്ങള്‍ കഴിഞ്ഞാണ് വെള്ളക്കെട്ടിന് ശമനമുണ്ടായത്. സമീപത്തെ ജനവാസ മേഖലകളില്‍ റോഡുകള്‍ വിണ്ടുകീറുകയും വെള്ളവും വൈദ്യുതി ലൈനുകളും തകരുകയും ചെയ്തു.