ഏറ്റുമാനൂർ സീറ്റ് ജോസഫ് വിഭാഗത്തിന് നൽകുന്നതിനെതിരെ പ്രതിഷേധം ശക്തമാക്കി യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ. കോട്ടയം ഡിസിസി ഓഫീസിന് മുന്നിൽ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു. കഴിഞ്ഞ ദിവസം ഇക്കാര്യം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രമേയം പാസ്സാക്കിയിരുന്നു. മണ്ഡലത്തില്‍ ജോസഫ് വിഭാഗത്തിന് സ്വാധീനമില്ലെന്നും ഇതിനാല്‍ സീറ്റ് നല്‍കരുതെന്നുമാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നത്.
യുഡിഎഫില്‍ സീറ്റ് വിഭജനം പൂര്‍ത്തിയായിട്ടില്ല. ജോസഫ് വിഭാഗവും സീറ്റിന്‍റെ കാര്യത്തില്‍ കടുംപിടുത്തം തുടരുകയാണ്. 12 സീറ്റെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണെന്ന് യുഡിഎഫ് നേതൃത്വത്തെ അറിയിച്ചു. പത്താമത്തെ സീറ്റായി മൂവാറ്റുപുഴയോ തിരുമ്പാടിയോ ലഭിച്ചാൽ 12 സീറ്റെന്ന ആവശ്യം വേണ്ടെന്ന് വെക്കുമെന്നാണ് ജോസഫ് വിഭാഗത്തിന്‍റെ നിലപാട്.
പട്ടാമ്പി സീറ്റ് വേണമെന്ന നിലപാടില്‍ ലീഗ് ഉറച്ചുനില്‍ക്കുകയാണ്. ഇക്കാര്യം കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചു. സീറ്റ് ഉറപ്പാക്കാന്‍ പി കെ കുഞ്ഞാലിക്കുട്ടിയെ ലീഗ് പാർലമെന്‍ററി യോഗം ചുമതലപ്പെടുത്തി. കയ്പമംഗലത്തിന് പകരം അമ്പലപ്പുഴയെന്ന ആർഎസ്പിയുടെ ആവശ്യത്തിനും വിജയമുറപ്പുളള സീറ്റെന്ന സിഎംപിയുടെ ആവശ്യത്തിലും കോണ്‍ഗ്രസ് നിലപാട് അറിയിക്കേണ്ടതുണ്ട്.