പ്രസവത്തിനു പോലും വിലക്കുണ്ടായിരുന്ന കാലത്തെ കുറിച്ച് ശൈലജ ടീച്ചർ. സൂര്യ ഫെസ്റ്റിവലിൽ നടത്തിയ പ്രസംഗത്തിലാണ് ശൈലജ ടീച്ചർ ഇക്കാര്യം പറഞ്ഞത്.
”അക്കാലത്തു തെയ്യക്കാലം വന്നാൽ പിന്നെ സ്ത്രീകൾക്കു പരിഭ്രമമാണ്. കാവിലേക്ക് പ്രവേശനമില്ല. നാട്ടിൽ ആരും പ്രസവിക്കാൻ പാടില്ലെന്നു വിലക്ക്. പുലയാകുമത്രെ. നാടു വിട്ടു പോയില്ലെങ്കിൽ ഈശ്വര കോപവും. അതുകൊണ്ട് പ്രസവകാലത്ത് ബന്ധുവീടുകളിലേക്കോ അല്ലെങ്കിൽ വീടുവിട്ട് ദൂരെയെവിടെയെങ്കിലുമോ മാറിത്താമസിക്കണം.
രസം അതല്ല, അധികം സ്ത്രീ തെയ്യങ്ങളാണ് കെട്ടിയാടുന്നത്. ഭദ്രകാളി, വീരർകാളി, പുലിയരുകാളി, പുള്ളിക്കാളി ഇങ്ങനെ പോകുന്നു ദേവതമാർ. വലിയ ശക്തരാണ്. അനീതിക്കെതിരെയൊക്കെ പോരടിക്കുന്നവർ. യുദ്ധദേവതമാരുമുണ്ട്. ചിരട്ടകൊണ്ട് കെട്ടിയ മാറിടമൊക്കെ കാണും. ദേവതാ തെയ്യങ്ങളെ കാണാൻ സ്ത്രീകളെ അനുവദിക്കാറില്ല.അമ്മയുടെ അമ്മയൊക്കെ ഉള്ള സമയമാണ്. കുറെ സ്ത്രീകൾ സംഘടിച്ച് ഇതു ചോദ്യം ചെയ്തു. വലിയ ഫലമുണ്ടായില്ല. പ്രവസത്തിന് ഗ്രാമത്തിലാരും കാണരുതെന്ന ചിട്ട ഒന്നുകൂടി കർശനമായി.
കോട്ടയത്തു നിന്നും പാലായിൽ നിന്നുമൊക്കെ കുടിയേറ്റക്കാർ വന്നു കൂടിയ സമയമാണ്. മലയിലും മണ്ണിലുമൊക്കെ വലിയ അധ്വാനമാണ്. കുടിൽ കെട്ടിയാണ് താമസം. അവിടെയൊരു ചേട്ടനും ചേട്ടത്തിയും ഉണ്ടായിരുന്നു. അന്നു േചട്ടത്തി ഗർഭിണിയാണ്. പ്രസവം വലിയ ചർച്ചയായി. കുടിലീന്ന് മാറണമെന്ന് പലരും ആവശ്യപ്പെട്ടു. പാവങ്ങളാണ്. പോകാൻ വേറെ ഇടമില്ല. ഞങ്ങളെവിടെ പോകാനാണെന്ന് അവരും ചോദിച്ചു. കോട്ടയത്തേക്കു പോകാനാണെങ്കിൽ വലിയ കാശു വേണം. അതില്ല.
പുലയും ദോഷവും കോപവുമാകുമെന്നൊക്കെ പറഞ്ഞപ്പോൾ ഗത്യന്തരമില്ലാതെ അവർ പറഞ്ഞു, ഞങ്ങള് നിങ്ങടെ മതക്കാരല്ലല്ലോ ! അങ്ങനെ ചേട്ടത്തി പ്രസവിച്ചു. എല്ലാവരും ഞെട്ടിപ്പോയി. ഒരു പ്രസവത്തിൽ മൂന്നു കുഞ്ഞുങ്ങൾ ! മനുഷ്യൻ ഈ ഭൂമിയിലേക്ക് വരുന്ന മഹീനയ കർമ്മമാണല്ലോ പ്രസവം. ഒരു ദൈവ കോപവുമുണ്ടായില്ല. അപ്പോ സ്ത്രീകളെല്ലാം ഒന്നിച്ചു മുന്നോട്ടു വന്നു. ഇതിൽ ദോഷമില്ലെന്നും ഈശ്വരന്റെ കാരുണ്യം മാത്രമാണുള്ളതെന്നും വാദിച്ചു. അത് ആണുങ്ങളുൾപ്പെടെ എല്ലാവരും ശരിവച്ചു ദൈവങ്ങൾക്ക് സ്ത്രീകളോട് വിരോധമില്ല, ശത്രുതയുമില്ല. അവരുടെ സങ്കടം കാണാതിരിക്കാനുമാകില്ല. പിറവി അവരിലൂടെയാണ്. മനുഷ്യർ പാർക്കുന്ന സമൂഹം നന്നായിരിക്കണമെങ്കിൽ മക്കൾ നല്ലവരാകണം. അങ്ങനെ മക്കളെ നന്മയോടെ വളർത്താൻ അമ്മാർക്കേ കഴിയൂ. അങ്ങനെയാണ് ഞങ്ങളുടെ ഗ്രാമത്തിൽ സ്ത്രീകൾ സമാധാനത്തോടെ പ്രസവിച്ചു തുടങ്ങിയത്”