സമാധാനത്തിനുള്ള നൊബേല്‍ അലെസ് ബിയാലിറ്റ്‌സ്‌കിക്കും റഷ്യന്‍, യുക്രൈന്‍ പൗരവകാശ സംഘടനകള്‍ക്കും

0
89

ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ബെലാറുസിലെ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അലെസ് ബിയാലിറ്റ്‌സ്‌കിക്കും റഷ്യയിലെയും യുക്രൈനിലെയും പൗരവകാശ സംഘടനകള്‍ക്കും.

റഷ്യന്‍ ഹ്യൂമന്‍ റൈറ്റ്‌സ് മെമ്മോറിയല്‍, യുക്രൈനിയന്‍ ഹ്യൂമന്‍ റൈറ്റസ് ഓര്‍ഗനൈസേഷന്‍ സെന്റര്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് എന്നിവയാണു പുരസ്‌കാരം ലഭിച്ച പൗരവകാശ സംഘടനകള്‍.

”സമാധാന സമ്മാന ജേതാക്കള്‍ അവരുടെ രാജ്യങ്ങളിലെ പൗരസമൂഹത്തെ പ്രതിനിധീകരിക്കുന്നു. അധികാരത്തെ വിമര്‍ശിക്കാനും പൗരന്മാരുടെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കാനുമുള്ള അവകാശത്തെ വര്‍ഷങ്ങളായി അവര്‍ പ്രോത്സാഹിപ്പിക്കുന്നു,” നോര്‍വീജിയന്‍ നൊബേല്‍ കമ്മിറ്റി ചൂണ്ടിക്കാട്ടി.

”യുദ്ധക്കുറ്റങ്ങള്‍, മനുഷ്യാവകാശ ലംഘനങ്ങള്‍, അധികാര ദുര്‍വിനിയോഗം എന്നിവ പുറത്തുകൊണ്ടുവരാന്‍ അവര്‍ മികച്ച പരിശ്രമം നടത്തി. സമാധാനത്തിനും ജനാധിപത്യത്തിനും വേണ്ടിയുള്ള സിവില്‍ സമൂഹത്തിന്റെ പ്രാധാന്യം അവര്‍ ഒരുമിച്ച് പ്രകടമാക്കുന്നു,” കമ്മിറ്റി വിലയിരുത്തി.