കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ രാജ്യസഭാ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെച്ചു

0
91

കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ രാജ്യസഭാ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെച്ചു. പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചതിന് തൊട്ടുപിന്നാലെയാണ് നീക്കം. പി ചിദംബരമോ ദിഗ്വിജയ് സിങ്ങോ രാജ്യസഭാ പ്രതിപക്ഷ നേതാവായി എത്തിയേക്കും.

വെള്ളിയാഴ്ചയാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ശശി തരൂര്‍, കെഎന്‍ ത്രിപാഠി എന്നിവര്‍ കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. പാര്‍ട്ടി നേതാക്കളായ അശോക് ഗെഹ്ലോട്ട്, ദിഗ്വിജയ സിംഗ്, പ്രമോദ് തിവാരി, പിഎല്‍ പുനിയ, എകെ ആന്റണി, പവന്‍ കുമാര്‍ ബന്‍സാല്‍, മുകുള്‍ വാസ്‌നിക് എന്നിവരാണ് ഖാര്‍ഗെയുടെ സ്ഥാനാര്‍ത്ഥിത്വം നിര്‍ദ്ദേശിച്ചത്. ജി 23 നേതാക്കളായ ആനന്ദ് ശര്‍മ്മ, പൃഥ്വിരാജ് ചവാന്‍, മനീഷ് തിവാരി, ഭൂപീന്ദര്‍ ഹൂഡ എന്നിവരും ഖാര്‍ഗെയുടെ സ്ഥാനാര്‍ത്ഥിത്വത്തിന് പിന്തുണ നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പാര്‍ട്ടി അധ്യക്ഷ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കാനില്ലെന്നും പകരം തന്റെ മുതിര്‍ന്ന ഖാര്‍ഗെയുടെ സ്ഥാനാര്‍ഥിത്വം നിര്‍ദേശിക്കുന്നുവെന്നും കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ സിംഗും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

20 വര്‍ഷത്തിനു ശേഷമാണ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. ഒക്ടോബര്‍ എട്ടാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി.