നാല് ഉക്രെയ്ന്‍ പ്രദേശങ്ങള്‍ കൂടി റഷ്യ പിടിച്ചടക്കിയതിന് പിന്നാലെ
നാറ്റോ സൈനിക സഖ്യത്തിന്റെ ഫാസ്റ്റ് ട്രാക്ക് അംഗത്വം നേടാനുളള നടപടികള്‍ ആരംഭിച്ചതായി അറിയിച്ച് ഉക്രെയ്ന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ സെലെന്‍സ്‌കി.സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ടെലിഗ്രാമില്‍ വീഡിയോ സന്ദേശത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ക്രെംലിനുമായി ചര്‍ച്ചകള്‍ നടത്താന്‍ കൈവിന് താല്‍പര്യമുള്ളതായും എന്നാല്‍ നേതാവ് വ്ളാഡിമിര്‍ പുടിനുമായില്ലെന്നും സെലെന്‍സ്‌കി പറഞ്ഞു.
ഡൊനെറ്റ്സ്‌ക്, ലുഹാന്‍സ്‌ക്, കെര്‍സണ്‍, സപ്പോരിജിയ എന്നിവ റഷ്യന്‍ അധീനതയിലുള്ള പ്രദേശമായി പ്രഖ്യാപിച്ച് കഴിഞ്ഞ ദിവസം പുടിന്‍ പരിപാടി നടത്തിയതിന് പിന്നാലെയാണ് സെലന്‍സ്‌കിയുടെ സന്ദേശം പുറത്തുവന്നത്.’നാറ്റോയിലേക്കുള്ള അതിവേഗ പ്രവേശനത്തിനുള്ള ഉക്രെയ്നിന്റെ അപേക്ഷയില്‍ ഒപ്പുവെച്ചുകൊണ്ട് ഞങ്ങള്‍ നിര്‍ണായകമായ ചുവടുവെപ്പ് നടത്തുകയാണ്’ എന്ന് സെലെന്‍സ്‌കി വീഡിയോയില്‍ പറഞ്ഞു. നാറ്റോ അംഗത്വത്തിനായുള്ള ഉക്രെയ്‌നിന്റെ ശ്രമം പ്രഖ്യാപിക്കുന്നതിനിടെ, പ്രധാനമന്ത്രിയുടെയും ഉക്രേനിയന്‍ പാര്‍ലമെന്റ് സ്പീക്കറുടെയും സാന്നിധ്യത്തില്‍ ഉക്രേനിയന്‍ പ്രസിഡന്റ് ഒരു രേഖയില്‍ ഒപ്പുവച്ചു.