ജുലന്‍ ഗോസ്വാമിയുടെ വിരമിക്കല്‍ മത്സരത്തിൽ ഏകദിന പരമ്ബര തൂത്തുവാരി ഇന്ത്യന്‍ വനിതകള്‍

0
48

ഇന്ത്യന്‍ ബൗളിംഗ് ഇതിഹാസം ജുലന്‍ ഗോസ്വാമിയുടെ വിരമിക്കല്‍ മത്സരത്തിലും ഇംഗ്ലണ്ടിനെതിരായ ആധിപത്യം നിലനിര്‍ത്തി ഏകദിന പരമ്ബര തൂത്തുവാരി ഇന്ത്യന്‍ വനിതകള്‍.

ടോസ് നഷ്ടമായി ബാറ്റിംഗിനയക്കപ്പെട്ട ഇന്ത്യ 45.4 ഓവറില്‍ 169 റണ്‍സിന് പുറത്തായി. മറുപടി ബാറ്റിംഗില്‍ 43.3 ഓവറില്‍ 153 റണ്‍സില്‍ ഇംഗ്ലീഷ് പോരാട്ടം അവസാനിച്ചു. 16 റണ്‍സിനാണ് ഇന്ത്യയുടെ വിജയം. പരമ്ബരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും ഇന്ത്യ വിജയിച്ചിരുന്നു.

68 റണ്‍സുമായി പുറത്താകാതെ നിന്ന ദീപ്തി ശര്‍മ്മയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. ഓപ്പണര്‍ സ്മൃതി മന്ഥാന 50 റണ്‍സ് നേടി. പൂജ വസ്ത്രകാര്‍ 22 റണ്‍സ് നേടി. മറ്റൊരു ഇന്ത്യന്‍ ബാറ്റര്‍ക്കും രണ്ടക്കം കടക്കാനായില്ല. ഇംഗ്ലണ്ടിന് വേണ്ടി കേയ്റ്റ് ക്രോസ് 4 വിക്കറ്റ് വീഴ്‌ത്തി.

47 റണ്‍സെടുത്ത ഷാര്‍ലറ്റ് ഡീനാണ് ആതിഥേയരുടെ ടോപ് സ്കോറര്‍. നായിക എമി ജോണ്‍സ് 28 റണ്‍സും ഓപ്പണര്‍ എമ്മ ലാംബ് 21 റണ്‍സും നേടി. 4 വിക്കറ്റ് വീഴ്‌ത്തിയ രേണുക സിംഗാണ് ഇംഗ്ലീഷ് ബാറ്റിംഗ് നിരയെ കടപുഴക്കിയത്. വിടവാങ്ങല്‍ മത്സരം കളിച്ച ജുലന്‍ ഗോസ്വാമി 2 വിക്കറ്റ് വീഴ്‌ത്തി. രാജേശ്വരി ഗെയ്ക്വാദിനും 2 വിക്കറ്റുണ്ട്.

20 വര്‍ഷത്തെ ഇതിഹാസ സമാനമായ കരിയറിനാണ് ഇന്ത്യന്‍ പേസര്‍ ജുലന്‍ ഗോസ്വാമി ഇന്നത്തെ മത്സരത്തോടെ പൂര്‍ണ്ണ വിരാമമിട്ടത്. ഇന്ത്യക്ക് വേണ്ടി 12 ടെസ്റ്റുകളിലും 203 ഏകദിനങ്ങളിലും 68 ട്വന്റി 20 മത്സരങ്ങളിലും ഈ 39 വയസ്സുകാരി കളത്തിലിറങ്ങി. ആകെ 353 അന്താരാഷ്‌ട്ര വിക്കറ്റുകള്‍ സ്വന്തമാക്കി. ഇതില്‍ 253 എണ്ണവും ഏകദിനങ്ങളില്‍ നിന്നാണ്. വനിതാ ക്രിക്കറ്റിലെ ഏറ്റവും മികച്ച വിക്കറ്റ് വേട്ടക്കാരിയാണ് ജുലന്‍.