ഇന്ത്യ തദ്ദേശീയമായി രൂപകല്പന ചെയ്ത് വികസിപ്പിച്ച ഹൈഡ്രജൻ ട്രെയിൻ അടുത്ത സ്വാതന്ത്ര്യ ദിനത്തിൽ പുറത്തിറക്കുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
ലോകത്തിലെ ഏറ്റവും മികച്ച ട്രെയിനുകൾ നിർമ്മിക്കാൻ ഇന്ത്യക്ക് കഴിഞ്ഞു. 2023 ആഗസ്ത് 15ന് ഹൈഡ്രജൻ പവർ ട്രെയിൻ പുറത്തിറക്കുമ്ബോൾ മറ്റൊരു നേട്ടം രാജ്യം കൈവരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തിലെ ആദ്യത്തെ ഹൈഡ്രജനിൽ പ്രവർത്തിക്കുന്ന ട്രെയിൻ കഴിഞ്ഞ മാസം ജർമ്മനിയിൽ അവതരിപ്പിച്ചു. ഹൈഡ്രജൻ വാതകം തികച്ചും പരിസ്ഥിതി സൗഹൃദ ഇന്ധനമാണ്. ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ (ഐസിഎഫ്) നിർമ്മിച്ച ഒരു ട്രെയിൻ ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് ട്രെയിനുകളിലൊന്നായി അടുത്തിടെ കണ്ടെത്തിയതായി മന്ത്രി വ്യക്തമാക്കി.
ഈ ട്രെയിൻ ഒന്നിലധികം പാരാമീറ്ററുകളിൽ മറ്റെല്ലാ ട്രെയിനുകളേക്കാളും മികച്ചതാണ്. ഡ്രൈവറുടെ ക്യാബിനിൽ സൂക്ഷിച്ചിരിക്കുന്ന ഒരു ഗ്ലാസ് വെള്ളം ട്രെയിൻ പരമാവധി വേഗത്തിൽ നീങ്ങുമ്ബോഴും കുലുങ്ങാതിലരുന്നതായും അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗതയിൽ എത്താൻ വെറും 52 സെക്കൻഡ് മാത്രമാണ് എടുത്തത്. എന്നാൽ ജപ്പാനിലെ പ്രശസ്തമായ ബുള്ളറ്റ് ട്രെയിനിന് അതിനായി 55 സെക്കൻഡ് വേണ്ടി വന്നതായും കേന്ദ്രമന്ത്രി സൂചിപ്പിച്ചു.
മികച്ച വേഗതയിൽ ഓടുന്നതിനൊപ്പം സുരക്ഷിതവും സ്ഥിരതയുള്ളതും കുറഞ്ഞ ഊർജ്ജം ഉപയോഗിക്കുന്നതുമായ ലോകോത്തര ട്രെയിനുകൾ നിർമ്മിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എഞ്ചിനീയർമാരോട് ആവശ്യപ്പെട്ടതായി വൈഷ്ണവ് പറഞ്ഞു. റെയിൽവേ സ്റ്റേഷനുകളുടെ ശുചിത്വത്തിനും ശ്രദ്ധ നൽകുകയും റെയിൽവേ കണക്റ്റിവിറ്റി ആവശ്യമുള്ള 132 ജില്ലാ ആസ്ഥാന ങ്ങളെ തിരിച്ചറിയാൻ ഉപഗ്രഹ മാപ്പ് തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്. ഇതിനുള്ള വിശദമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കി വരികയാണെന്നും റെയിൽവേ മന്ത്രി പറഞ്ഞു. ഇന്ത്യയിൽ തീവണ്ടികളുടെ സമയനിഷ്ഠ നിലവിൽ 89 ശതമാനമാണെന്നും ഇത് 100 ശതമാനത്തിലെത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു